പൂനെ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നെതര്‍ലന്‍ഡ്‌സിന് മുന്നില്‍ വമ്പന്‍ വിജയം ലക്ഷ്യമുയര്‍ത്തി ഇംഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്‌ത ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 339 റണ്‍സാണ് നേടിയത് (England vs Netherlands Score Updates). ബെന്‍ സ്റ്റോക്‌സിന്‍റെ Ben Stokes (84 പന്തില്‍ 108) തകര്‍പ്പന്‍ സെഞ്ചുറിയും ഡേവിഡ് മലാന്‍ Dawid Malan (74 പന്തില്‍ 87), ക്രിസ് വോക്‌സ് (45 പന്തില്‍ 51) എന്നിവരുടെ അര്‍ധ സെഞ്ചുറി പ്രകടനവുമാണ് ഇംഗ്ലീഷ് ടീമിനെ മികച്ച നിലയിലേക്ക് എത്തിച്ചത്.
ആദ്യ വിക്കറ്റില്‍ ഓപ്പണര്‍മാരായ ജോണി ബെയർസ്റ്റോയും ഡേവിഡ് മലാനും 48 റണ്‍സാണ് ഇംഗ്ലണ്ട് ടോട്ടലില്‍ ചേര്‍ത്തത്. ഈ ലോകകപ്പില്‍ ഇംഗ്ലീഷ് ഓപ്പണര്‍മാര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. ഏഴാം ഓവറിന്‍റെ അവസാന പന്തില്‍ ജോണി ബെയർസ്റ്റോയെ (17 പന്തില്‍ 15) വീഴ്‌ത്തിയ ആര്യന്‍ ദത്താണ് ഇംഗ്ലണ്ടിന്‍റെ ആദ്യ വിക്കറ്റ് നേടിയത്.
തുടര്‍ന്നെത്തിയ ജോ റൂട്ട് മലാന് പിന്തുണ നല്‍കി കളിച്ചു. മികച്ച രീതിയില്‍ മുന്നോട്ട് പോവുകയായിരുന്നു ഈ കൂട്ടുകെട്ട് 21-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ നെതര്‍ലന്‍ഡ്‌സ് പൊളിച്ചു. റൂട്ടിനെ (35 പന്തില്‍ 28) ബൗള്‍ഡാക്കി ലോഗൻ വാൻ ബീക്കായിരുന്നു ഡച്ച് ടീമിന് ബ്രേക്ക് ത്രൂ നല്‍കിയത്. മലാനൊപ്പം 85 റണ്‍സായിരുന്നു റൂട്ട് കണ്ടെത്തിയത്.
പിന്നീടെത്തിയ ബെന്‍ സ്റ്റോക്‌സ് ഒരറ്റത്ത് നിലയുറപ്പിച്ചുവെങ്കിലും മലാനും പിന്നാലെ ഹാരി ബ്രൂക്ക് (16 പന്തില്‍ 11), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (11 പന്തില്‍ 5), മൊയീന്‍ അലി (15 പന്തില്‍ 4) എന്നിവരും മടങ്ങിയതോടെ ഇംഗ്ലണ്ട് തകര്‍ച്ചയിലേക്കെന്ന് തോന്നിച്ചു. എന്നാല്‍ ക്രിസ് വോക്‌സിനെ കൂട്ടുപിടിച്ച സ്റ്റോക്‌സ് ഇംഗ്ലീഷ് ഇന്നിങ്‌സിന് പുതു ജീവന്‍ നല്‍കുന്നതാണ് കാണാന്‍ കഴിഞ്ഞത്.
തുടക്കം പതിഞ്ഞ് കളിച്ചിരുന്ന സ്റ്റോക്‌സ് അവസാന ഓവറുകളില്‍ ആക്രമണം കടുപ്പിച്ച് 78 പന്തുകളില്‍ നിന്നും സെഞ്ചുറി പൂര്‍ത്തിയാക്കി. ഏഴാം വിക്കറ്റില്‍ സ്റ്റോക്‌സിനൊപ്പം 129 റണ്‍സ് കൂട്ടിച്ചേര്‍ത്തതിന് ശേഷം 49-ാം ഓവറിന്‍റെ നാലാം പന്തിലാണ് വോക്‌സ് മടങ്ങുന്നത്. ആറാം പന്തില്‍ ഡേവിഡ് വില്ലിയേയും (2 പന്തില്‍ 6) ഇംഗ്ലണ്ടിന് നഷ്‌ടമായി.
അവസാന ഓവറിന്‍റെ നാലാം പന്തില്‍ സിക്‌സറിന് ശ്രമിച്ചാണ് സ്റ്റോക്‌സ് പുറത്താവുന്നത്. ആറ് വീതം ഫോറുകളും സിക്‌സറുകളും അടങ്ങുന്നതായിരുന്നു സ്റ്റോക്‌സിന്‍റെ ഇന്നിങ്‌സ്. ഗസ് അറ്റ്കിൻസൺ (1 പന്തില്‍ 2), ആദിൽ റഷീദ് (1 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു. നെതര്‍ലന്‍ഡ്‌സിനായി ബാസ് ഡി ലീഡ് മൂന്നും ലോഗൻ വാൻ ബീക്ക്, ആര്യന്‍ ദത്ത് എന്നിവര്‍ രണ്ട് വീതവും വിക്കറ്റുകള്‍ വീഴ്‌ത്തി.