ന്യൂഡല്‍ഹി : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) കരുത്തരായ ഇംഗ്ലണ്ടിനെതിരെ അട്ടിമറി ജയം നേടി അഫ്‌ഗാനിസ്ഥാന്‍. 285 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടിയായി ബാറ്റേന്തിയ ഇംഗ്ലണ്ട് നിര 40.3 ഓവറില്‍ 215ന് ഓള്‍ഔട്ടായി. അര്‍ധസെഞ്ച്വറി നേടിയ ഹാരി ബ്രൂക്കും(66), ഡേവിഡ് മലാനും(32) ഒഴികെ ഇംഗ്ലണ്ടിന്‍റെ മുന്‍നിര ബാറ്റര്‍മാരെല്ലാം മത്സരത്തില്‍ നിരാശപ്പെടുത്തി.
അഫ്‌ഗാനിസ്ഥാനായി മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ മുജീബ് ഉര്‍ റഹ്‌മാനും റാഷിദ് ഖാനുമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. മുഹമ്മദ് നബി രണ്ടും, ഫസല്‍ഹഖ് ഫറൂഖി, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ ഒരു വിക്കറ്റും നേടി ഇവര്‍ക്ക് പിന്തുണ നല്‍കി. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ അഫ്‌ഗാനിസ്ഥാന് ഇന്നത്തെ മത്സരം നിര്‍ണായകമായിരുന്നു. ബാറ്റിങ്ങിലും ബോളിങ്ങിലും മികച്ച പ്രകടനമാണ് അവര്‍ ഇന്നത്തെ മത്സരത്തില്‍ കാഴ്‌ചവച്ചത്.
അഫ്‌ഗാന്‍ ഉയര്‍ത്തിയ 285 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇംഗ്ലണ്ടിന് തുടക്കം തന്നെ തിരിച്ചടിയോടെയായിരുന്നു. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ ജോണി ബെയര്‍സ്റ്റോയെ (2) നഷ്‌ടപ്പെട്ടു. ഫസല്‍ഹഖ് ഫറൂഖിയാണ് ഇംഗ്ലീഷ് ഓപ്പണറെ മടക്കിയത്.
തുടര്‍ന്ന് കരുതലോടെയാണ് ഇംഗ്ലീഷ് നിരയ്‌ക്കായി ജോ റൂട്ടും ഡേവിഡ് മലാനും ചേര്‍ന്ന് റണ്‍സ് കണ്ടെത്തിയത്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 30 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഈ സമയം പന്തെറിയാനെത്തിയ മുജീബ് ജോ റൂട്ടിനെ (11) വീഴ്‌ത്തി ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി.
13-ാം ഓവറില്‍ ഡേവിഡ് മലാന്‍റെ വിക്കറ്റ് മുഹമ്മദ് നബി സ്വന്തമാക്കിയതോടെ ഇംഗ്ലീഷ് നിര അപകടം മണത്തു. പിന്നീട് നായകന്‍ ജോസ് ബട്‌ലറെ കൂട്ടുപിടിച്ച് ഹാരി ബ്രൂക്കിന്‍റെ രക്ഷാപ്രവര്‍ത്തനം. എന്നാല്‍, ഈ കൂട്ടുകെട്ടിനും അധികം ആയുസുണ്ടായിരുന്നില്ല.
18-ാം ഓവര്‍ പന്തെറിയാനെത്തിയ നവീന്‍ ഉള്‍ ഹഖ് 9 റണ്‍സ് നേടിയ ഇംഗ്ലീഷ് നായകനെയും തിരികെ പവലിയനിലെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിലായിരുന്നു അഫ്‌ഗാന്‍ ബോളര്‍മാര്‍ ഇംഗ്ലീഷ് പടയുടെ ഓരോ വിക്കറ്റും സ്വന്തമാക്കിയത്. എന്നാല്‍ മറുവശത്തുണ്ടായിരുന്ന ഹാരി ബ്രൂക്ക് റണ്‍സടിക്കുന്നത് ഇംഗ്ലണ്ടിന് ആശ്വാസമായിരുന്നു.
35-ാം ഓവര്‍ എറിയാനെത്തിയ മുജീബ് ഉര്‍ റഹ്മാന്‍ ബ്രൂക്കിനെയും വീഴ്‌ത്തിയതോടെ അഫ്‌ഗാന്‍ ആരാധകര്‍ ആഘോഷം തുടങ്ങി. വാലറ്റത്ത് ആദില്‍ റഷീദ്, മാര്‍ക്ക് വുഡ്, റീസ് ടോപ്ലി എന്നിവര്‍ നടത്തിയ പോരാട്ടമാണ് ഇംഗ്ലണ്ടിന്‍റെ തോല്‍വി ഭാരം കുറച്ചത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനിസ്ഥാന്‍ 49.5 ഓവറിലാണ് 284 റണ്‍സില്‍ ഓള്‍ഔട്ട് ആയത്. ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് (80), ഇക്രം അലിഖില്‍ (58) എന്നിവര്‍ നേടിയ അര്‍ധസെഞ്ച്വറികളാണ് അഫ്‌ഗാന്‍ ഇന്നിങ്‌സിന് കരുത്തായത്.