ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) കളിച്ച അഞ്ച് മത്സരവും ജയിച്ച് ജൈത്രയാത്ര തുടരുകയാണ് ഇന്ത്യ. മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയെ തകര്‍ത്തുകൊണ്ടായിരുന്നു ടീം ഇന്ത്യ ലോകകപ്പില്‍ വിജയക്കുതിപ്പ് തുടങ്ങിയത്. പിന്നാലെ, അഫ്‌ഗാനിസ്ഥാനും പാകിസ്ഥാനും ബംഗ്ലാദേശും ഇപ്പോള്‍ ന്യൂസിലന്‍ഡും ഇന്ത്യന്‍ തേരോട്ടത്തിന് മുന്നില്‍ മുട്ടുമടക്കി.
സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ ലോകകപ്പില്‍ അപരാജിത കുതിപ്പ് നടത്തുന്നത്. നിലവില്‍ ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലാണ് വിരാട് കോലിയും രോഹിത് ശര്‍മയും. പാക് ബാറ്റര്‍ മുഹമ്മദ് റിസ്‌വാനാണ് നിലവില്‍ ഇവര്‍ക്ക് പിന്നില്‍.
ഏകദിന ലോകകപ്പില്‍ തകര്‍പ്പന്‍ ഫോമില്‍ റണ്‍വേട്ട തുടരുന്ന വിരാട് കോലി അഞ്ച് മത്സരങ്ങളില്‍ നിന്നും 354 റണ്‍സാണ് നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറികളും ആദ്യ അഞ്ച് മത്സരങ്ങളില്‍ നിന്നും അടിച്ചെടുക്കാന്‍ വിരാട് കോലിക്കായിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ 85 റണ്‍സായിരുന്നു ഇന്ത്യന്‍ മുന്‍ നായകന്‍ നേടിയത്.
രണ്ടാം മത്സരത്തില്‍ അഫ്‌ഗാനെതിരെയും അര്‍ധസെഞ്ച്വറി നേടാന്‍ വിരാട് കോലിക്ക് സാധിച്ചു. 55 റണ്‍സായിരുന്നു ഈ മത്സരത്തില്‍ വിരാടിന്‍റെ സമ്പാദ്യം. പാകിസ്ഥാനെതിരായ മൂന്നാം മത്സരത്തില്‍ 16 റണ്‍സ് മാത്രമായിരുന്നു കോലി നേടിയത്.
പിന്നാലെ പൂനെയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് വിരാട് കോലി ഈ ലോകകപ്പില്‍ തന്‍റെ ആദ്യ സെഞ്ച്വറി സ്വന്തമാക്കിയത്. 2015ലെ ഏകദിന ലോകകപ്പിന് ശേഷം കോലി ഒരു ലോകകപ്പില്‍ സ്വന്തമാക്കുന്ന ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. ബംഗ്ലാദേശിനെതിരെ പുറത്താകാതെ 103 റണ്‍സായിരുന്നു കോലി അടിച്ചെടുത്തത്.
ഇന്നലെ (ഒക്ടോബര്‍ 22) കിവീസിനെതിരെയും വിരാട് കോലിയുടെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകി. 95 റണ്‍സായിരുന്നു ന്യൂസിലന്‍ഡിനെതിരെ കോലി അടിച്ചെടുത്തത്. ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അഞ്ച് മത്സരങ്ങളില്‍ നിന്നും 62 ശരാശരിയില്‍ 311 റണ്‍സ് നേടിയിട്ടുണ്ട്.
ഒരു സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമാണ് രോഹിത് ശര്‍മയുടെ അക്കൗണ്ടില്‍. പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള പാക് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാന്‍ നാല് മത്സരങ്ങളില്‍ നിന്നും 98 ശരാശരിയില്‍ 294 റണ്‍സ് നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡ് താരങ്ങളാണ് ഈ ലോകകപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ പിന്നീടുള്ള സ്ഥാനങ്ങളില്‍.
നാലാമനായ രചിന്‍ രവീന്ദ്ര ഇതുവരെയുള്ള അഞ്ച് മത്സരങ്ങളില്‍ നിന്നും 290 റണ്‍സ് നേടിയിട്ടുണ്ട്. അവസാന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറിയടിച്ച ഡാരില്‍ മിച്ചലാണ് അഞ്ചാം സ്ഥാനത്ത്. അഞ്ച് മത്സരങ്ങളില്‍ നിന്നും 268 റണ്‍സാണ് കിവീസ് മധ്യനിര ബാറ്ററുടെ സമ്പാദ്യം. ഓപ്പണര്‍ ഡെവോണ്‍ കോണ്‍വേയും 249 റണ്‍സുമായി ഇവര്‍ക്ക് പിന്നിലുണ്ട്.