ഹൈദരാബാദ്: ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തില്‍ പരിക്കേറ്റ പേസര്‍ റീസ് ടോപ്ലിക്ക് (Reece Topley) പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. പേസർ ബ്രൈഡൻ കാർസിനെയാണ് റീസ് ടോപ്ലിക്ക് പകരക്കാരനായി ഇംഗ്ലണ്ട് തങ്ങളുടെ ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് (Brydon Carse replaces Reece Topley in England squad for Cricket World Cup 2023 ).
ഐസിസി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിനായി ഇതേവരെ 12 ഏകദിനങ്ങൾ മാത്രമാണ് ബ്രൈഡൻ കാർസി (Brydon Carse) കളിച്ചിട്ടുള്ളത്. എന്നാല്‍ കഴിഞ്ഞ ജൂലൈയിൽ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റ് നേടിയ താരം തുടര്‍ന്ന് നെതർലൻഡ്‌സിനും ന്യൂസിലൻഡിനുമെതിരായ പരമ്പരകളില്‍ തിളങ്ങിയിരുന്നു. കഴിഞ്ഞ ശനിയാഴ്‌ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലായിരുന്നു ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരം നടന്നത്.
മത്സരത്തില്‍ പന്തെറിഞ്ഞതിന് ശേഷം ദക്ഷിണാഫ്രിക്കന്‍ ബാറ്ററുടെ ഷോട്ട് തടുക്കാന്‍ ശ്രമിക്കവെയാണ് റീസ് ടോപ്ലിക്ക് പരിക്കേറ്റത്. ശക്തിയില്‍ പന്തേറ്റ താരത്തിന്‍റെ ഇടത് ചൂണ്ടുവിരല്‍ ഒടിയുകയായിരുന്നു. മത്സരത്തില്‍ പരിക്കേല്‍ക്കും മുമ്പ് 8.5 ഓവറില്‍ 88 റണ്‍സ് വഴങ്ങിക്കൊണ്ട് മൂന്ന് വിക്കറ്റ് വീഴ്‌ത്താന്‍ ഇടങ്കയ്യന്‍ പേസറായ റീസ് ടോപ്ലിക്ക് കഴിഞ്ഞിരുന്നു.
അതേസമയം ലോകകപ്പില്‍ മോശം പ്രകടനമാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഇതേവരെ നടത്തിയത്. കളിച്ച നാല് മത്സരങ്ങളില്‍ ഇരു വിജയം മാത്രമാണ് ടീമിന് നേടാന്‍ കഴിഞ്ഞത്. ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയ ജോസ് ബട്‌ലറുടെ ടീം രണ്ടാമത്തെ മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ വിജയം നേടിയിരുന്നു.
എന്നാല്‍ തുടര്‍ന്ന് കളിച്ച മത്സരങ്ങളില്‍ അഫ്‌ഗാനോടും ദക്ഷിണാഫ്രിക്കയോടും തോറ്റു. പ്രോട്ടീസിനോട് 229 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയായിരുന്നു ഇംഗ്ലണ്ട് വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്‌ത പ്രോട്ടീസ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 399 റണ്‍സെന്ന കൂറ്റന്‍ സ്‌കോറായിരുന്നു അടിച്ച് കൂട്ടിയത്.
ഇംഗ്ലണ്ടിന്‍റെ മറുപടി 22 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 170 റണ്‍സില്‍ അവസാനിച്ചു. അടുത്ത വ്യാഴാഴ്‌ച ശ്രീലങ്കയ്‌ക്ക് എതിരെ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ഇംഗ്ലണ്ട് ഇനി കളിക്കുന്നത്. ഇതടക്കം തുടര്‍ന്നുള്ള മത്സരങ്ങള്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ടീമിന്‍റെ സെമിഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കും.
ഏകദിന ലോകകപ്പ് 2023 ഇംഗ്ലണ്ട് സ്‌ക്വാഡ് : ഡേവിഡ് മലാൻ, ജോണി ബെയർസ്‌റ്റോ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലര്‍ (ക്യാപ്‌റ്റന്‍/വിക്കറ്റ് കീപ്പര്‍), ബെൻ സ്‌റ്റോക്‌സ്, ലിയാം ലിവിങ്‌സ്‌റ്റണ്‍, മൊയീൻ അലി, സാം കറൻ, ഡേവിഡ് വില്ലി, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ, ബ്രൈഡൻ കാർസി, മാർക്ക് വുഡ്, ആദിൽ റഷീദ് (England Squad for Cricket World Cup 2023).