ന്യൂഡല്‍ഹി: കണ്ണടച്ച് തുറക്കും മുമ്പേ ഡച്ച് പടയെ മുച്ചൂടും തകര്‍ത്തുതരിപ്പണമാക്കി ഓസ്‌ട്രേലിയ. നിശ്ചിത ഓവറില്‍ കെട്ടിയുയര്‍ത്തിയ 399 റണ്‍സ് മറികടക്കാനെത്തിയ നെതര്‍ലന്‍ഡ്‌സിനെ മൂന്നക്കം കടക്കുന്നതിനെ മുമ്പേ 90 റണ്‍സില്‍ ഓസീസ് തളച്ചിടുകയായിരുന്നു. ഇതോടെ 309 റണ്‍സെന്ന കൂറ്റന്‍ വിജയത്തിനൊപ്പം ലോകകപ്പ് ചരിത്രത്തിലെ തന്നെ രണ്ടാമത്തെ വലിയ വിജയം കൂടി കങ്കാരുപ്പട സ്വന്തമാക്കി.
തുടക്കത്തിലേ തോറ്റ ഡച്ച് ബാറ്റിങ് നിര: വമ്പന്മാര്‍ പോലും 200 റണ്‍സ് കടക്കാന്‍ പാടുപെട്ട മത്സരങ്ങളില്‍ കൂട്ടായ ബാറ്റിങ് കരുത്തില്‍ അനായാസം 200 റണ്‍സ് കടന്ന് കാണികളെ ഞെട്ടിച്ച ടീമാണ് നെതര്‍ലന്‍ഡ്‌സ്. എന്നാല്‍ ഓസീസ് മുന്നില്‍വച്ച 399 റണ്‍സ് മറികടക്കുക അത്രമാത്രം എളുപ്പമല്ലെന്ന് ഡച്ച് ബാറ്റര്‍മാര്‍ക്ക് ഏറെക്കുറെ ഉറപ്പുണ്ടായിരുന്നു. മികച്ച കൂട്ടുകെട്ടുകളിലൂടെ ഈ ലക്ഷ്യം ക്രീസില്‍ നടപ്പാക്കണമെന്നും ഇവര്‍ ആഗ്രഹിച്ചിരുന്നു. ഇതിനായി ഓപ്പണര്‍മാരായ വിക്രംജിത് സിങും മാക്‌സ് ഓഡൗഡും ക്രീസിലെത്തി.
ഇരുവരും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് സൃഷ്‌ടിക്കുമെന്ന പ്രതീതിയും പ്രകടമായി. എന്നാല്‍ അഞ്ചാം ഓവറില്‍ മിച്ചല്‍ സ്‌റ്റാര്‍ക്ക് ഈ പ്രതീക്ഷയെ തല്ലിത്തകര്‍ത്തു. സ്‌റ്റാര്‍ക്കിന്‍റെ മികച്ച പേസിലുള്ള പന്ത് തടയാന്‍ ശ്രമിക്കുന്നതിനിടെ മാക്‌സ് ഓഡൗഡ് (6) ബൗള്‍ഡാവുകയായിരുന്നു. പിന്നാലെ കോളിന്‍ അക്കര്‍മാന്‍ എത്തിയെങ്കിലും സ്‌കോര്‍ബോര്‍ഡില്‍ ഇതിന്‍റെ ചലനമുണ്ടാവും മുമ്പേ വിക്രംജിത് സിങ് (25 പന്തില്‍ 25 റണ്‍സ്) റണ്ണൗട്ടായി. തുടര്‍ന്ന് സൈബ്രന്‍ഡ് ഏഞ്ചല്‍ബ്രെച്ച് എത്തിയെങ്കിലും ടീം സ്‌കോര്‍ 10 റണ്‍ കൂടി പിന്നിടുമ്പോഴേക്കും അക്കര്‍മാന്‍ (10) മടങ്ങി.
നില്‍പ്പുറയ്‌ക്കാതെ മധ്യനിരയും: പിന്നാലെ ബാസ് ഡി ലീഡ് എത്തുന്നതും മടങ്ങുന്നതും ഏഴ് പന്തുകളുടെ വ്യത്യാസത്തിലായിരുന്നു. നിര്‍ണായക മത്സരത്തില്‍ ഏഴ് റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെ ഡച്ച് നായകന്‍ സ്‌കോട്ട് എഡ്‌വേഡ്‌സ് ക്രീസിലെത്തി. എന്നാല്‍ ഈ സമയം മറുതലയ്‌ക്കലുള്ള ഏഞ്ചല്‍ബ്രെച്ച് (21 പന്തില്‍ 11) മടങ്ങി. തുടര്‍ന്നെത്തിയ തേജ നിദമനുരുവിനെ കൂടെക്കൂട്ടി നായകന്‍ വന്‍ തകര്‍ച്ച ഒഴിവാക്കാനുള്ള ശ്രമം ആരംഭിച്ചുവെങ്കിലും ഇതും ഫലം കണ്ടില്ല. 18 പന്തില്‍ 14 റണ്‍സ് മാത്രമായി നിദമനുരുവും കൂടാരം കയറി.
തുടര്‍ന്നെത്തിയ ലോഗന്ർ വാന്‍ ബീക് (0), റോലോഫ് വാൻ ഡെർ മെർവെ (0), ആര്യന്‍ ദത്ത് (1), പോൾ വാൻ മീകെരെൻ (0) എന്നിവര്‍ തകര്‍ന്നടിയുന്നത് കണ്ടുനില്‍ക്കാന്‍ മാത്രമെ ക്യാപ്‌റ്റന്‍ സ്‌കോട്ട് എഡ്‌വേഡ്‌സിനായുള്ളു. 22 പന്തില്‍ 12 റണ്‍സുമായി പുറത്താകാതെ നിന്ന നായകന്‍ തന്നെയായിരുന്നു ഡച്ച് പടയുടെ ടോപ് സ്‌കോററും. അതേസമയം മൂന്ന് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തിയ ആദം സാംപയാണ് ഓസ്‌ട്രേലിയന്‍ വിജയം അനായാസമാക്കിയത്. ഓസീസിനായി മിച്ചല്‍ മാര്‍ഷ് രണ്ടും, ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്‌റ്റാര്‍ക്ക് എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്‌ത്തി.