ക്രൈസ്റ്റ് ചര്‍ച്ച് : വനിത ക്രിക്കറ്റ് ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 274 റണ്‍സെടുത്തു. സ്‌മൃതി മന്ദാന, ഷഫാലി വര്‍മ , മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയ്‌ക്ക് തുണയായത്. ദക്ഷിണാഫ്രിക്കയ്‌ക്കായി ഷബ്നിം ഇസ്മായിൽ, മസാബത ക്‌ലാസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ തീരുമാനം ശരിവയ്‌ക്കുന്ന തുടക്കമാണ് ഓപ്പണര്‍മാരായ സ്‌മൃതി മന്ദാനയും ഷഫാലി വര്‍മയും ഇന്ത്യക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 15 ഓവറില്‍ 91 റണ്‍സാണ് ഇരുവരും ഇന്ത്യയുടെ ടോട്ടലിലേക്ക് ചേര്‍ത്തത്. റണ്ണൗട്ടിലൂടെ 46 പന്തില്‍ 53 റണ്‍സെടുത്ത ഷഫാലിയാണ് ആദ്യം പുറത്തായത്. തുടര്‍ന്നെത്തിയ യാസ്‌തിക ഭാട്ടിയ മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി മടങ്ങി.
നാലാം വിക്കറ്റില്‍ സ്‌മൃതിക്കൊപ്പം ചേര്‍ന്ന മിതാലി ഇന്ത്യയെ 150 കടത്തി. 32ാം ഓവറിന്‍റെ അവസാന പന്തിലാണ് ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്കായത്. 84 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറുമായി 71 റണ്‍സെടുത്ത സ്‌മൃതിയാണ് തിരിച്ചുകയറിയത്. പിന്നാലെ 43ാം ഓവറില്‍ 84 പന്തില്‍ എട്ട് ബൗണ്ടറികളോടെ 68 റണ്‍സ് നേടിയ മിതാലിയും പുറത്തായി.
തുടര്‍ന്നെത്തിയ ഹര്‍മന്‍ പ്രീത് കൗര്‍ ഉറച്ച് നിന്നെങ്കിലും പൂജ വസ്‌ത്രാകര്‍ (8 പന്തില്‍ 3) വേഗം മടങ്ങി. അവസാന ഓവറുകളില്‍ റിച്ച ഘോഷിനെ (13 പന്തില്‍ 8) കൂട്ടുപിടിച്ചാണ് ഹര്‍മന്‍പ്രീത് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. 50ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് 57 പന്തില്‍ 48 റണ്‍സെടുത്ത ഹര്‍മന്‍പ്രീത് തിരിച്ച് കയറിയത്. സ്‌നേഹ റാണയും(1*), ദീപ്‌തി ശര്‍മയും(2*) പുറത്താകാതെ നിന്നു.
മത്സരത്തില്‍ തോല്‍വി വഴങ്ങിയാല്‍ ലോകകപ്പിന്‍റെ അവസാന നാലിലെത്താനാവാതെ ഇന്ത്യ പുറത്താവും. നിലവില്‍ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, വെസ്റ്റ്ഇന്‍ഡീസ് എന്നീ ടീമുകള്‍ക്ക് പിറകില്‍ അഞ്ചാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മത്സരത്തില്‍ ജയിക്കാനായാല്‍ വിന്‍ഡീസിനെ പിന്തള്ളി ഇന്ത്യയ്‌ക്ക് സെമിയുറപ്പിക്കാം.