ദുബായ്: ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയ്ക്ക് മികച്ച മുന്നേറ്റം. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പ്രകടനമാണ് താരത്തിന് മുതല്‍ക്കൂട്ടായത്. 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം ആദ്യ പത്തിലേക്ക് തിരിച്ചെത്തി.
നിലവില്‍ 760 റേറ്റിങ് പോയിന്‍റോടെ ഒമ്പതാം സ്ഥാനത്താണ് താരമുള്ളത്. ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ മൂന്നാം സ്ഥാനമാണ് ബുംറയുടെ കരിയറിലെ മികച്ച പ്രകടനം. 2019 സെപ്തംബറിലാണ് ബുംറ മൂന്നാം സ്ഥാനത്തെത്തിയത്.
ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഒസ്ട്രലിയയുടെ പാറ്റ് കമ്മിന്‍സും ഇന്ത്യയുടെ ആര്‍ അശ്വിനുമാണ് യാഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. ന്യൂസിലന്‍ഡിന്‍റെ ടിം സൗത്തിയാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.
also read: പാരീസ് നിറയെ മിശിഹ, ഇനി പിഎസ്‌ജിയുടെ സ്വന്തം മെസി
ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒരു സ്ഥാനം നഷ്ടമായി അഞ്ചാം സ്ഥാനത്തായി. നോട്ടിങ്ഹാം ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്‌സില്‍ പൂജ്യത്തിന് പുറത്തായതാണ് ഇന്ത്യന്‍ ക്യാപ്റ്റന് വിനയായത്. എന്നാല്‍ മികച്ച പ്രകടനം നടത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോറൂട്ട് ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം സ്ഥാനത്തേക്ക് കയറി.
ഇന്ത്യയ്‌ക്കെതിരായ മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സില്‍ 64 റണ്‍സ് കണ്ടെത്തിയ റൂട്ട് രണ്ടാം ഇന്നിങ്സില്‍ 109 റണ്‍സ് നേടിയിരുന്നു. ആറും ഏഴും സ്ഥാനങ്ങളില്‍ തുടരുന്ന രോഹിത് ശര്‍മ്മയും റിഷഭ് പന്തുമാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട മറ്റ് ഇന്ത്യന്‍ താരങ്ങള്‍. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രവീന്ദ്ര ജഡേജ 36ാം റാങ്കിലെത്തിയിട്ടുണ്ട്.