ദുബായ് : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കേപ്‌ടൗണ്‍ ടെസ്റ്റില്‍ വിജയം നേടി പുതുവര്‍ഷമാരംഭിച്ച ഇന്ത്യയ്‌ക്ക് അധികം വൈകാതെ തന്നെ ഒരു സങ്കടവാര്‍ത്ത. ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഒന്നാം സ്ഥാനം നഷ്‌ടം. ഓസ്‌ട്രേലിയയാണ് ഇന്ത്യയെ പിന്തള്ളിയത് (ICC Test Rankings Australia topple India).
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടെസ്റ്റ് പരമ്പര കൈവിട്ടതാണ് രോഹിത് ശര്‍മയുടെ സംഘത്തിന് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ട് മത്സര പരമ്പര 1-1ന് സമനിലയില്‍ എത്തിക്കാനെ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നൊള്ളൂ. സെഞ്ചൂറിയനില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 32 റണ്‍സിനും തോല്‍വി വഴങ്ങിയ സന്ദര്‍ശകര്‍ കേപ്‌ടൗണില്‍ ഏഴ് വിക്കറ്റിന്‍റെ വിജയം നേടിയാണ് പരമ്പരയില്‍ ഒപ്പമെത്തിയത്.
എന്നാല്‍ പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര വിജയം പാറ്റ് കമ്മിന്‍സിന്‍റെ ഓസീസിന് തുണയായി. പാകിസ്ഥാനെതിരായ മൂന്ന് മത്സര പരമ്പരയില്‍ കളിച്ച ആദ്യ രണ്ട് ടെസ്റ്റുകളും ആതിഥേയരായ ഓസീസ് വിജയിച്ചിരുന്നു. മൂന്നാം ടെസ്റ്റ് സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. നേരത്തെ ഇരു ടീമുകള്‍ക്കും 118 റേറ്റിങ് പോയിന്‍റായിരുന്നു ഉണ്ടായിരുന്നത്.
നിലവില്‍ ഓസ്ട്രേലിയയ്‌ക്ക് 118 റേറ്റിങ് പോയിന്‍റും ഇന്ത്യക്ക് 117 റേറ്റിങ് പോയിന്‍റുമാണുള്ളത്. 115 റേറ്റിങ് പോയിന്‍റുമായി ഇംഗ്ലണ്ടാണ് മൂന്നാമത്. 106 റേറ്റിങ് പോയിന്‍റുമായി ദക്ഷിണാഫ്രിക്ക, 95 റേറ്റിങ് പോയിന്‍റുമായി ന്യൂസിലന്‍ഡ് എന്നിവരാണ് യഥാക്രമം നാലും അഞ്ചും റാങ്കിലുള്ളത്.
അതേസമയം ഈ മാസം അവസാനത്തില്‍ ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പര പിടിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് റാങ്കിങ്ങില്‍ വീണ്ടും തലപ്പത്ത് എത്താനുള്ള അവസരമുണ്ട്. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കളിക്കുന്നത്. ആദ്യ ടെസ്റ്റിന് ഹൈദരാബാദില്‍ ജനുവരി 25-ന് തുടക്കമാവും.
ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക. 15-ന് രാജ്‌കോട്ടിലും 23-ന് റാഞ്ചിയിലുമാണ് മൂന്നും നാലും ടെസ്റ്റുകള്‍ ആരംഭിക്കുക. മാര്‍ച്ച് ഏഴിന് ധര്‍മശാലയിലാണ് അവസാന ടെസ്റ്റ്. നാല് സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തി പരമ്പരയ്‌ക്കായി 16 അംഗ ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം 147 വര്‍ഷങ്ങള്‍ നീണ്ട ടെസ്റ്റ് ക്രിക്കറ്റിന്‍റെ ചരിത്രത്തിലെ ഏറ്റവും കുഞ്ഞന്‍ ടെസ്റ്റന്ന കുപ്രസിദ്ധിയുമായാണ് കേപ്‌ടൗണില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം അവസാനിച്ചത്. വെറും ഒന്നര ദിവസം മാത്രമാണ് മത്സരം നീണ്ടു നിന്നത്. മത്സരത്തിന്‍റെ ആദ്യ ദിവസം 23 വിക്കറ്റുകളായിരുന്നു നിലംപൊത്തിയത്. രണ്ടാം ദിനത്തില്‍ വെറും രണ്ട് സെഷനുകളില്‍ 10 വിക്കറ്റുകളും വീണിരുന്നു.
ALSO READ: ഇത്തരം പിച്ചുകള്‍ ഞങ്ങള്‍ക്ക് പ്രശ്‌നമല്ല, ഇനി ഇന്ത്യയിലേക്ക് വരുമ്പോഴും അങ്ങനെയാവണം ; ഫയറായി രോഹിത്
ഇന്ത്യക്കെതിരായ പരമ്പരയ്‌ക്കുള്ള ഇംഗ്ലണ്ട് ടെസ്റ്റ് സ്‌ക്വാഡ്: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജയിംസ് ആന്‍ഡേഴ്‌സണ്‍, ജോണി ബെയ്‌ര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ഷൊയൈബ് ബഷീര്‍, ഗസ് അറ്റ്‌കിന്‍സണ്‍, റെഹാന്‍ അഹമ്മദ്, ഹാരി ബ്രൂക്ക്, സാക്ക് ക്രൗലി, ബെന്‍ ഡക്കെറ്റ്, ബെന്‍ ഫോക്‌സ് (വിക്കറ്റ് കീപ്പര്‍), ടോം ഹാര്‍ട്‌ലി, ജാക്ക് ലീച്ച്, ഒലീ പോപ്, ഒലീ റോബിന്‍സണ്‍, ജോ റൂട്ട്, മാര്‍ക്ക് വുഡ് (England squad for India tour 2024).