ദുബായ്: ഐസിസി വനിത ടി20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി ഇന്ത്യയുടെ ദീപ്‌തി ശര്‍മ. 737 റേറ്റിങ് പോയിന്‍റുമായി ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് ദീപ്‌തി രണ്ടാം റാങ്കിലെത്തിയത്. 763 റേറ്റിങ് പോയിന്‍റുമായി ഇംഗ്ലണ്ട് പേസര്‍ സോഫി എക്ലെസ്റ്റോണാണ് ഒന്നാം സ്ഥാനത്ത്.
നിലവില്‍ ഇരുവരും തമ്മില്‍ 26 റേറ്റിങ് പോയിന്‍റ് മാത്രമാണ് വ്യത്യാസമുള്ളത്. ദക്ഷിണാഫ്രിക്കയില്‍ പുരോഗമിക്കുന്ന ത്രിരാഷ്‌ട്ര പരമ്പരയിലെ പ്രകടനമാണ് ദീപ്‌തിയ്‌ക്ക് തുണയായത്. ഒമ്പത് വിക്കറ്റുകളുമായി ടൂര്‍ണമെന്‍റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിലും 25കാരിയായ ദീപ്‌തി ഒന്നാമതാണ്. ദക്ഷിണാഫ്രിക്കന്‍ സ്‌പിന്നര്‍ നൊങ്കിലുലേകോ മലാബയാണ് 732 റേറ്റിങ് പോയിന്‍റുമായി മൂന്നാംസ്ഥാനത്ത്.
ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് മലാബ മൂന്നാം സ്ഥാനത്തെത്തിയത്. ത്രിരാഷ്‌ട്ര പരമ്പരയില്‍ ഇതേവരെ നാല് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ആറ് സ്ഥാനങ്ങളുയര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ മേഗന്‍ ഷൂട്ട് അഞ്ചാമതെത്തിയതും രണ്ട് സ്ഥാനങ്ങളുയര്‍ന്ന് ഇംഗ്ലണ്ടിന്‍റെ കാതറിന്‍ സൈവര്‍ ആറാമതെത്തിയതുമാണ് അദ്യ പത്തിലെ മറ്റ് ശ്രദ്ധേയമായ മറ്റങ്ങള്‍.
ഇന്ത്യയുടെ ഇടംകൈയ്യൻ സ്പിന്നർ രാജേശ്വരി ഗയക്‌വാദും റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ രാജേശ്വരി നിലവിൽ 14-ാം സ്ഥാനത്താണ്. പരമ്പരയില്‍ കളിക്കാതിരുന്ന പേസര്‍ രേണുക സിങ് ഒരു സ്ഥാനം താഴ്‌ന്ന് ഏഴാമതായി.
മന്ദാനയും ഷഫാലിയും: ബാറ്റര്‍മാരുടെ റാങ്കിങ്ങിലെ ആദ്യ പത്തില്‍ മാറ്റമില്ല. ഒസീസ് താരം തഹ്‌ലിയ മഗ്രാത്താണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 803 റേറ്റിങ്ങാണ് താരത്തിനുള്ളത്. ഓസീസിന്‍റെ തന്നെ ബേത്ത് മൂണി (765), ഇന്ത്യയുടെ സ്‌മൃതി മന്ദാന (731), ന്യൂസിലന്‍ഡിന്‍റെ സോഫീ ഡിവൈന്‍ (714), ഓസീസിന്‍റെ മെഗ് ലാന്നിങ് (686) എന്നിവരാണ് യഥാക്രമം രണ്ട് മുതല്‍ അഞ്ച് വരെ സ്ഥാനങ്ങളിലുള്ളത്.
എട്ടാം സ്ഥാനത്തുള്ള ഷഫാലി വര്‍മ്മയാണ് (629) ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ഓള്‍റൗണ്ടര്‍മാരില്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലീ ഗാര്‍ഡ്‌നറാണ് (424) ഒന്നാമത് തുടരുന്നത്. ഇന്ത്യയുടെ ദീപ്‌തി ശര്‍മ (401), ന്യൂസിലന്‍ഡിന്‍റെ സോഫീ ഡിവൈന്‍ (389) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഓസീസിന്‍റെ വെറ്ററൻ താരം എല്ലിസ് പെറി പത്താം സ്ഥാനത്തേക്ക് കയറിയതാണ് ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലെ ആദ്യ പത്തിലെ ഏക മാറ്റം.
ALSO READ: ധവാനിലേക്ക് മടങ്ങണോ അതോ ഇഷാനെ പിന്തുണയ്‌ക്കണോ? ഉത്തരവുമായി ആര്‍ അശ്വിന്‍