ദുബായ്: ഐസിസി ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ്. 805 പോയിന്‍റോടെയാണ് സൂര്യകുമാര്‍ രണ്ടാമത് തുടരുന്നത്. പാക് നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ തലപ്പത്ത് തുടരുന്നത്.
ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ശ്രേയസ് അയ്യര്‍ 19ാം റാങ്കിലെത്തി. വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ പ്രകടനമാണ് ശ്രേയസിന് തുണയായത്. പരമ്പരയിലെ അവാസനത്തേയും അഞ്ചാമത്തേയും മത്സരത്തില്‍ 40 പന്തില്‍ 64 റണ്‍സുമായി താരം മിന്നിയിരുന്നു. 578 പോയിന്‍റാണ് ശ്രേയസിനുള്ളത്.
ഇന്ത്യന്‍ ബൗളര്‍മാരില്‍ സ്‌പിന്നര്‍മാരായ രവി ബിഷ്‌ണോയിയും കുല്‍ദീപ് യാദവും റാങ്കിങ് മെച്ചപ്പെടുത്തി. വിന്‍ഡീസിനെതിരായ രണ്ട് ടി20യില്‍ ആറ് വിക്കറ്റ് വീഴ്‌ത്തിയ 21കാരനായ ബിഷ്‌ണോയ് 50 സ്ഥാനങ്ങള്‍ ഉയര്‍ന്ന് 44ാം റാങ്കിലെത്തി.
അവസാന ടി20 മാത്രം കളിച്ച കുൽദീപ് മൂന്ന് വിക്കറ്റ് പ്രകടനത്തോടെ 58 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 87ാമതെത്തി. വിന്‍ഡീസിനെതിരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും സീനിയർ പേസർ ഭുവനേശ്വർ കുമാർ ഒരു സ്ഥാനം താഴ്‌ന്ന് ഒമ്പതാം റാങ്കിലെത്തി.
അതേസമയം അയർലൻഡിനെതിരായ പരമ്പരയിലെ പ്രകടനത്തോടെ ദക്ഷിണാഫ്രിക്കയുടെ റീസ ഹെൻഡ്രിക്‌സും ബാറ്റര്‍മാരുടെ പട്ടികയില്‍ നേട്ടമുണ്ടാക്കി. പരമ്പരയിലെ രണ്ട് മത്സരങ്ങളിലായി 74, 42 എന്നിങ്ങനെ റണ്‍സ് കണ്ടെത്തിയ താരം 13ാം സ്ഥാനത്തേക്കാണ് ഉയർന്നത്. അയർലൻഡിന്‍റെ പോൾ സ്റ്റിർലിങ് ഒരു സ്ഥാനം ഉയർന്ന് 23ാമതെത്തി.
പ്രോട്ടീസ് സ്‌പിന്നര്‍ കേശവ് മഹാരാജ് 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി 18ാം റാങ്കിലെത്തി. ഓസ്‌ട്രേലിയൻ താരം ജോഷ് ഹേസൽവുഡ് ബൗളര്‍മാരുടെ പട്ടികയിലും, അഫ്ഗാനിസ്ഥാന്‍റെ മുഹമ്മദ് നബി ഓൾറൗണ്ടറായും ഒന്നാം സ്ഥാനത്ത് തുടരുന്നു.
also read: 'ഏറ്റവും വലിയ നിരാശ നിങ്ങളാണ്'; ഗാംഗുലിയെ കടന്നാക്രമിച്ച് ആരാധകര്‍