ദുബായ് : ഐസിസി ടി20 ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കുതിപ്പ്. എട്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന് ഹാര്‍ദിക് അഞ്ചാമതെത്തി. താരത്തിന്‍റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങാണിത്.
ഏഷ്യ കപ്പ് കിക്കറ്റില്‍ പാകിസ്ഥാനെതിരായ മത്സരത്തിലെ പ്രകടനമാണ് താരത്തിന് തുണയായത്. മത്സരത്തില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയ താരം 17 പന്തില്‍ 33 റണ്‍സടിച്ച് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായിരുന്നു. പരിക്കിന് പിന്നാലെ ഐപിഎല്ലിലൂടെ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തിയ താരത്തിന്‍റെ മികച്ച ഉയർച്ചയാണ് റാങ്കിങ്ങില്‍ പ്രതിഫലിക്കുന്നത്.
അഫ്‌ഗാന്‍റെ മുഹമ്മദ് നബി, ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസ്സന്‍, ഇംഗ്ലണ്ടിന്‍റെ മൊയീന്‍ അലി, ഓസീസിന്‍റെ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരാണ് ഹാര്‍ദിക്കിന് മുന്നിലുള്ളത്. ടി20 ബോളര്‍മാരുടെ റാങ്കിങ്ങില്‍ അഫ്‌ഗാന്‍ താരം മുജീബ് ഉർ റഹ്മാൻ ആദ്യ പത്തിലേക്ക് ഉയര്‍ന്നു.
ഏഴ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം നിലവില്‍ ഒമ്പതാം സ്ഥാനത്താണ്. രണ്ട് സ്ഥാനങ്ങള്‍ ഉയര്‍ന്ന അഫ്‌ഖാന്‍റെ തന്നെ റാഷിദ് ഖാന്‍ മൂന്നാം സ്ഥാനത്തെത്തി. ഏഷ്യ കപ്പില്‍ ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരായ മത്സരത്തിലെ പ്രകടനമാണ് താരങ്ങള്‍ക്ക് തുണയായത്.
ഇതോടെ ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ്, ഓസീസിന്‍റെ ആദം സാംപ എന്നിവര്‍ ഓരോ പടിയിറങ്ങി യഥാക്രമം നാലും അഞ്ചും സ്ഥാനത്തായി. ഓസീസിന്‍റെ ജോഷ് ഹെയ്സല്‍വുഡ്, ദക്ഷിണാഫ്രിക്കയുടെ തബ്രീസ് ഷംസി എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും സ്ഥാനത്ത് തുടരുന്നത്. ഇന്ത്യയുടെ ഭുവനേശ്വര്‍ കുമാര്‍ എട്ടാം സ്ഥാനത്തുണ്ട്.
ടി20 ബാറ്റര്‍മാരുടെ ആദ്യ പത്തില്‍ പുതിയ താരങ്ങള്‍ പ്രവേശിച്ചിട്ടില്ല. പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍ ഒരു സ്ഥാനം ഉയര്‍ന്ന് രണ്ടാമതെത്തി. പാക് ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഇന്ത്യയുടെ സൂര്യകുമാര്‍ യാദവാണ് മൂന്നാം സ്ഥാനത്ത്.
also read: കോളിന്‍ ഡെ ഗ്രാന്‍ഡ്‌ഹോം അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കി
ദക്ഷിണാഫ്രിക്കയുടെ ഐഡൻ മാർക്രം, ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാന്‍ എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. അഫ്ഗാനിസ്ഥാന്‍റെ ഹസ്രത്തുള്ള സസായിയുടെ മൂന്ന് സ്ഥാനങ്ങളുയര്‍ന്ന് 14ാം സ്ഥാനത്തും സഹതാരം റഹ്മാനുള്ള ഗുർബാസ് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 29-ാം സ്ഥാനത്തുമെത്തി.