ദുബൈ: ഐസിസി ടി20 ബാറ്റർമാരുടെ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം തിരിച്ച് പിടിച്ച് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബർ അസം. 834 റോറ്റിങ് പോയിന്‍റുമായി ഇംഗ്ലണ്ട് താരം ഡേവിഡ് മലാനെ മറികടന്നാണ് അസം ഒന്നാം സ്ഥാനത്തെത്തിയത്. 798 റേറ്റിങ് പോയിന്‍റാണ് രണ്ടാം സ്ഥാനത്തുള്ള മലാനുള്ളത്.
ടി20 ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് പാക് നായകന് തുണയായത്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് അര്‍ധ സെഞ്ചുറികളടക്കം 66 ശരാശരിയില്‍ 198 റണ്‍സാണ് താരം അടിച്ചെടുത്തത്. 733 റേറ്റിങ് പോയിന്‍റുമായി ഓസീസ് താരം ആരോണ്‍ ഫിഞ്ച് മൂന്നാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി 714 റേറ്റിങ് പോയിന്‍റുമായി അഞ്ചാം സ്ഥാനം നിലനിര്‍ത്തി. എട്ടാം സ്ഥാനത്തുള്ള കെഎല്‍ രാഹുലാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം.
ബൗളർമാരിൽ ശ്രീലങ്കൻ താരം വനിന്ദു ഹസരങ്ക ഒന്നാം സ്ഥാനത്തേക്ക് കയറി. 776 റേറ്റിങ് പോയിന്‍റോടെ ദക്ഷിണാഫ്രിക്കൻ താരം തബ്രൈസ് ഷംസിയെ പിന്തള്ളിയാണ് ഹസരങ്കയുടെ നേട്ടം. കരിയറിൽ ആദ്യമായാണ് ഹസരങ്ക റാങ്കിങ് പട്ടികയുടെ തലപ്പത്തെത്തുന്നത്.
also read: ടി20 ലോകകപ്പ്: സ്‌കോട്‌ലന്‍ഡ് കിവീസിനോട് പൊരുതി തോറ്റു
770 റേറ്റിങ് പോയിന്‍റാണ് തബ്രൈസ് ഷംസിയ്‌ക്കുള്ളത്. ഇംഗ്ലണ്ടിന്‍റെ ആദിൽ റഷീദ് (730 ) ഒരു സ്ഥാനം മെച്ചപ്പെടുത്തി മൂന്നാം സ്ഥാനത്തെത്തി. അഫ്ഗാനിസ്ഥാന്‍റെ റാഷിദ് ഖാനാണ് (723) നാലാം സ്ഥാനത്തേക്കിറങ്ങിയത്.
അഫ്‌ഗാന്‍റെ തന്നെ മുജീബ് റഹ്മാനാണ് (703) അഞ്ചാം സ്ഥാനത്ത്. ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടം പിടിക്കാനായില്ല.
ഓൾറൗണ്ടർമാരുടെ പട്ടികയില്‍ അഫ്ഗാനിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് നബി ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസനോടൊപ്പം ഒന്നാം സ്ഥാനത്തെത്തി. 271 റേറ്റിങ് പോയിന്‍റാണ് ഇരുവര്‍ക്കുമുള്ളത്. 175 റേറ്റിങ് പോയിന്‍റുള്ള നമീബിയയുടെ ജെജെ സ്മിത്ത് മൂന്നാം സ്ഥാനം നിലനിര്‍ത്തി.
നാല് സ്ഥാനം മെച്ചപ്പെടുത്തിയ ശ്രീലങ്കയുടെ വനിന്ദു ഹസരങ്കയാണ് നാലാം സ്ഥാനത്ത്. 172 പോയിന്‍റാണ് ഹസരങ്കയ്‌ക്കുള്ളത്. ഈ പട്ടികയിലും ആദ്യപത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടം പിടിക്കാനായില്ല.