ദുബായ്: ഐസിസിയുടെ ജൂൺ മാസത്തിലെ താരങ്ങളായി ന്യൂസിലൻഡ് ഓപ്പണർ ഡെവോൺ കോൺവെയേയും ഇംഗ്ലണ്ട് സ്പിന്നർ സോഫി എക്ലിസ്റ്റണേയും തെരഞ്ഞെടുത്തു. വോട്ടിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരേയും തെരഞ്ഞെടുത്തത്. ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ ഡബിൾ സെഞ്ചുറിയും തുടര്‍ന്നുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ അടക്കമുള്ള രണ്ട് മത്സരങ്ങളില്‍ അർധസെഞ്ചുറിയും കണ്ടെത്തിയാണ് കോൺവെ ഏറ്റവും മികച്ച പുരുഷ ക്രിക്കറ്റ് താരമായത്.
അഭിമാനമെന്ന് കോൺവെ
ഐസിസിയുടെ പ്ലേയർ ഓഫ് ദി മന്തായി തെരഞ്ഞെടുക്കപ്പെടുന്ന ന്യൂസിലൻഡിന്‍റെ ആദ്യ പുരുഷ താരം കൂടിയാണ് കോൺവെ. പുരസ്ക്കാരനേട്ടത്തിൽ അഭിമാനമുണ്ടെന്നും ടെസ്റ്റ് ക്രിക്കറ്റിലെ മികവിനാണിതെന്നത് കൂടുതൽ സന്തോഷം നൽകുന്നുവെന്നും കോൺവെ പറഞ്ഞു. അതേസമയം ന്യൂസിലൻഡ് ടീമിലെ സഹതാരവും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ താരവുമായ കെയ്ൽ ജാമിസണേയും ദക്ഷിണാഫ്രിക്കയുടെ ക്വിന്റൺ ഡീ കോക്കിനെയും പിന്തള്ളിയാണ് കോൺവെയുടെ നേട്ടം.
സന്തോഷമെന്ന് സോഫി
ഇന്ത്യയ്ക്കെതിരായ പരമ്പരയിലെ പ്രകടനമാണ് ഇംഗ്ലണ്ട് സ്പിന്നർ സോഫി എക്ലിസ്റ്റണെ പുരസ്ക്കാരത്തിന് അര്‍ഹയാക്കിയത്. ബ്രിസ്റ്റോളില്‍ നടന്ന ഏക ടെസ്റ്റില്‍ എട്ട് വിക്കറ്റുകള്‍ സ്വന്തമാക്കിയ താരം തുടര്‍ന്ന് നടന്ന രണ്ട് ഏകദിനങ്ങളില്‍ നിന്നും മൂന്ന് വിക്കറ്റുകളും വീഴ്ത്തിയിരുന്നു. 2018ലെ ഐസിസിയുടെ എമേര്‍ജിങ് പ്ലയര്‍ പുരസ്ക്കാര ജേതാവ് കൂടിയാണ് സോഫി.
also read: ഇന്ത്യയുടെ ടി20 ലോക കപ്പ് ഇലവനെ തെരഞ്ഞെടുത്ത് ബ്രാഡ് ഹോഗ്
പുരസ്ക്കാര നേട്ടത്തില്‍ സന്തോഷിക്കുന്നതായും ഒരു ടീമെന്ന നിലയില്‍ കഴിഞ്ഞ മത്സരങ്ങളില്‍ തങ്ങള്‍ക്ക് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞുവെന്നും താരം പറഞ്ഞു. ഇന്ത്യയുടെ ഷഫാലി വർമ, സ്നേഹ റാണ എന്നിവരെ പിന്തള്ളിയാണ് സോഫി എക്ലിസ്റ്റൺ പ്രസ്തുത നേട്ടത്തിലെത്തിയത്. ടാമി ബ്യൂമൗണ്ടിനുശേഷം ഈ പുരസ്കാരം സ്വന്തമാക്കുന്ന ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ വനിതാ താരം കൂടിയാണ് സോഫി എക്ലിസ്റ്റൺ.