ദുബായ്: ഇന്ത്യൻ താരങ്ങളായ സ്‌മൃതി മന്ദാന, ഹർമൻപ്രീത് കൗർ, അക്‌സർ പട്ടേൽ എന്നിവർ സെപ്‌റ്റംബറിലെ പുരുഷ-വനിത വിഭാഗങ്ങൾക്കുള്ള ഐസിസി 'പ്ലെയർ ഓഫ് ദി മന്ത്' അവാർഡ് പട്ടികയിൽ ഇടം നേടി. സ്‌മൃതി മന്ദാനയ്‌ക്കോ, ഹർമൻപ്രീത് കൗറിനോ പുരസ്‌കാരം നേടാനായാൽ വനിത താരത്തിനുള്ള പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന നേട്ടവും സ്വന്തമാക്കാൻ സാധിക്കും.
ഇംഗ്ലണ്ടിനെതിരായ ഏകദിനത്തിലെയും ടി20യിലെയും മികച്ച പ്രകടനമാണ് ഇരുവർക്കും നേട്ടമായത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നായി 221 റൺസാണ് ഹർമൻപ്രീത് കൗർ നേടിയത്. 1999 ന് ശേഷം ഇംഗ്ലണ്ടിൽ ആദ്യമായി ഏകദിന പരമ്പര നേട്ടം എന്ന റെക്കോഡും ഹർമൻപ്രീതിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം സ്വന്തമാക്കിയിരുന്നു.
അതേസമയം ടി20യിലും ഏകദിനത്തിലും തകർപ്പൻ പ്രകടനമായിരുന്നു സ്‌മൃതി മന്ദാന പുറത്തെടുത്തത്. ഡെർബിയിലെ ആദ്യ ടി20യിൽ പുറത്താകാതെ 79 റൺസും കാന്‍റർബറിയിലെ ആദ്യ ഏകദിനത്തിൽ 91 റൺസും നേടി രണ്ട് മാച്ച് വിന്നിങ് ഇന്നിങ്സുകളാണ് മന്ദാന സംഭാവന ചെയ്‌തത്. രണ്ട് ഫോർമാറ്റുകളിലും 50ന് മുകളിൽ ശരാശരിയും താരത്തിനുണ്ടായിരുന്നു.
അതേസമയം ഓസ്‌ട്രേലിയയ്‌ക്കെതിരെയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും നടത്തിയ മികച്ച പ്രകടനമാണ് അക്‌സർ പട്ടേലിന് ഗുണകരമായത്. ഓസ്‌ട്രേലിയക്കെതിരെ 11.44 ശരാശരിയിലും 5.72 എന്ന മികച്ച ഇക്കോണമി റേറ്റിലും ആകെ ഒമ്പത് വിക്കറ്റുകളാണ് അക്‌സർ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ കാമറൂൺ ഗ്രീൻ, പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ എന്നിവരാണ് പുരുഷ വിഭാഗത്തിലെ മറ്റ് നോമിനികൾ.