ദുബായ് : ഐസിസി എകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ കരിയര്‍ ബെസ്റ്റുമായി ഇന്ത്യൻ ഓപ്പണർ ശുഭ്‌മാൻ ഗിൽ. ബുധനാഴ്ച പുറത്തിറക്കിയ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഒരു സ്ഥാനം ഉയര്‍ന്ന ശുഭ്‌മാന്‍ ഗില്‍ നാലാം സ്ഥാനത്താണ് എത്തിയത്. ഗില്ലിന് പുറമെ വിരാട് കോലിയും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മയും ആദ്യ പത്തിലുണ്ട്.
ഒരു സ്ഥാനം മെച്ചപ്പെടുത്തിയ വിരാട് കോലി ആറാമതെത്തിയപ്പോള്‍ രോഹിത് ശര്‍മ എട്ടാം റാങ്കില്‍ തുടരുകയാണ്. പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ റാസി വാൻ ഡെർ ഡസ്സൻ, പാകിസ്ഥാന്‍റെ തന്നെ ഇമാം ഉള്‍ ഹഖ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനത്തുണ്ട്.
അഞ്ചാം റാങ്കിലുണ്ടായിരുന്ന ദക്ഷിണാഫ്രിക്കയുടെ ക്വിന്‍ണ്‍ ഡി കോക്ക് രണ്ട് സ്ഥാനങ്ങള്‍ താഴ്‌ന്നപ്പോള്‍ ആറാം സ്ഥാനത്തുണ്ടായിരുന്ന ഓസീസിന്‍റെ ഡേവിഡ് വാര്‍ണര്‍ തല്‍സ്ഥാനത്തേക്ക് കയറി. ഓസീസിന്‍റെ സ്റ്റീവ് സ്‌മിത്ത്, പാകിസ്ഥാന്‍റെ ഫഖര്‍ സമാന്‍ എന്നിവരാണ് ഒമ്പതും പത്തും റാങ്കിലുള്ളത്.
ബോളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള മുഹമ്മദ് സിറാജാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യന്‍ താരം. ഓസ്‌ട്രേലിയുടെ ജോഷ് ഹേസൽവുഡ്, ന്യൂസിലൻഡിന്‍റെ ട്രെന്‍റ് ബോൾട്ട് എന്നിവരാണ് യഥാക്രമം ഒന്നും രണ്ടും റാങ്കില്‍ തുടരുന്നത്. ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടം നേടാന്‍ കഴിഞ്ഞില്ല. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസന്‍, അഫ്‌ഗാനിസ്ഥാന്‍റെ മുഹമ്മദ് നബി, റാഷിദ് ഖാന്‍ എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ തുടരുന്നത്.
ടി20യില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്ന് സൂര്യ: ടി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 906 റേറ്റിങ് പോയിന്‍റാണ് സൂര്യകുമാര്‍ യാദവിനുള്ളത്. 811 റേറ്റിങ്ങുമായി പാകിസ്ഥാന്‍റെ മുഹമ്മദ് റിസ്‌വാന്‍, 760 റേറ്റിങ്ങുമായി ന്യൂസിലന്‍ഡിന്‍റെ ഡേവോണ്‍ കോണ്‍വേ, 755 റേറ്റിങ്ങുമായി പാക് നായകന്‍ ബാബര്‍ അസം, 748 റേറ്റിങ്ങുമായി ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രം എന്നിവരാണ് യഥാക്രമം നാല് മുതല്‍ അഞ്ച് വരെ സ്ഥാനത്ത് തുടരുന്നത്.
ബോളര്‍മാരുടെ റാങ്കിങ്ങില്‍ അഫ്‌ഗാനിസ്ഥാന്‍റെ റാഷിദ് ഖാനാണ് ഒന്നാം സ്ഥാനത്ത്. ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക, അഫ്‌ഗാന്‍റെ ഫസൽഹഖ് ഫാറൂഖി, ഓസ്‌ട്രേലിയുടെ ജോഷ് ഹേസൽവുഡ്, ഇംഗ്ലണ്ടിന്‍റെ ആദില്‍ റഷീദ് എന്നിവരാണ് യഥാക്രമം അഞ്ചുവരെയുള്ള സ്ഥാനത്ത്.
ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ ഹാര്‍ദിക് പാണ്ഡ്യ രണ്ടാം സ്ഥാനത്തുണ്ട്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അല്‍ ഹസനാണ് ഒന്നാം സ്ഥാനത്ത്. അഫ്‌ഗാന്‍റെ മുഹമ്മദ് നബി, പാകിസ്ഥാന്‍റെ ഷദാബ് ഖാന്‍, ശ്രീലങ്കയുടെ വാനിന്ദു ഹസരങ്ക എന്നിവരാണ് തുടര്‍ന്നുള്ള സ്ഥാനത്ത്.
ടി20യില്‍ പുലി, ഏകദിനത്തില്‍ പൂച്ച: ടി20യില്‍ ലോക ഒന്നാം നമ്പര്‍ ബാറ്ററാണെങ്കിലും ഏകദിനത്തിലേക്ക് തന്‍റെ ഫോം പകര്‍ത്താന്‍ സൂര്യകുമാര്‍ യാദവിന് കഴിഞ്ഞിട്ടില്ല. ഓസീസിനെതിരെ അടുത്തിടെ അവസാനിച്ച പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും സൂര്യ ഗോള്‍ഡന്‍ ഡക്കായി തിരിച്ച് കയറിയത് ഏറെ ചര്‍ച്ചയായിരുന്നു.
തന്‍റെ അവസാന 10 ഏകദിന ഇന്നിങ്‌സുകളില്‍ ഒരിക്കല്‍ മാത്രമാണ് 32കാരനായ താരത്തിന് രണ്ടക്കത്തില്‍ എത്താന്‍ കഴിഞ്ഞത്. കളിച്ച 21 ഇന്നിങ്‌സുകളില്‍ 25ല്‍ താഴെ മാത്രമാണ് സൂര്യയുടെ ശരാശരി.ഇതോടെ സൂര്യയ്‌ക്ക് പകരം ഇന്ത്യയുടെ മധ്യനിരയില്‍ മലയാളി താരം സഞ്‌ജു സാംസണിന് അവസരം നല്‍കണമെന്ന ആവശ്യം ശക്തമാണ്.