ദുബായ്: ഐസിസിയുടെ 2022ലെ എമർജിങ് ക്രിക്കറ്റർ ഓഫ് ദി ഇയർ പട്ടികയിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. പുരുഷൻമാരുടെ പട്ടികയിൽ ഇന്ത്യൻ ഇടംകയ്യൻ പേസറായ അർഷ്‌ദീപ് സിങ് ഇടം നേടിയപ്പോൾ വനിത താരങ്ങളുടെ പട്ടികയിൽ രേണുക സിങും യാസ്‌തിക ഭാട്ടിയയും ഇടം നേടി. 2022ലെ ഏറ്റവും മികച്ച യുവതാരത്തിനായുള്ള വോട്ടെടുപ്പ് ജനുവരിയിൽ ആരംഭിക്കുമെന്നും ഐസിസി വ്യക്‌തമാക്കി.
ദക്ഷിണാഫ്രിക്കൻ താരം മാർക്കോ ജാൻസൻ, ന്യൂസിലൻഡ് ബാറ്റർ ഫിൻ അലൻ, അഫ്‌ഗാനിസ്ഥാന്‍റെ ഇബ്രാഹിം സദ്രാൻ എന്നിവരാണ് അർഷ്‌ദീപിനൊപ്പം മത്സരിക്കുന്ന മറ്റ് താരങ്ങൾ. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച് അഞ്ച് മാസത്തിനുള്ളിലാണ് അർഷ്‌ദീപ് സിങ് എമർജിങ് താരത്തിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇടം പിടിച്ചത്. 2022 ജൂലൈ ഏഴിന് ന്യൂസിലൻഡിനെതിരെയായിരുന്നു അർഷ്‌ദീപിന്‍റെ അരങ്ങേറ്റം.
21 അന്താരാഷ്‌ട്ര ടി20 മത്സരങ്ങളിൽ നിന്ന് 33 വിക്കറ്റുകൾ നേടാനും താരത്തിനായി. നവംബർ 25ന് ന്യൂസിലൻഡിനെതിരെ ആയിരുന്നു അർഷ്‌ദീപിന്‍റെ ഏകദിന അരങ്ങേറ്റം. ടി20യിൽ പല നിർണായക മത്സരങ്ങളിലും തുടക്കക്കാരന്‍റെ പതർച്ചയൊന്നുമില്ലാതെ തകർപ്പൻ പ്രകടനം കാഴ്‌ചവച്ച് ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാൻ അർഷ്‌ദീപിനായിരുന്നു. ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരം ഇതിന് മികച്ചൊരു ഉദാഹരണമാണ്.
ജസ്‌പ്രീത് ബുംറയുടെ അഭാവത്തിൽ മത്സരത്തിനെത്തിയ ഇന്ത്യക്കായി പാകിസ്ഥാന്‍റെ കരുത്തരായ ഓപ്പണിങ് ജോഡികളെ അതിശയിപ്പിക്കുന്ന സ്വിംഗിലൂടെ പുറത്താക്കിയത് അർഷ്‌ദീപായിരുന്നു. ആദ്യ പന്തിൽ എൽബിഡബ്യുവിൽ നായകൻ ബാബർ അസമിനെ പുറത്താക്കിയ അർഷ്‌ദീപ് തന്‍റെ രണ്ടാം ഓവറിലെ അവസാന പന്തിൽ മുഹമ്മദ് റിസ്‌വാനെയും പുറത്താക്കിയിരുന്നു. നാല് ഓവറിൽ 32 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്താനും താരത്തിനായി.
വനിത വിഭാഗത്തിൽ രണ്ട് താരങ്ങൾ: അതേസമയം വനിത വിഭാഗത്തിൽ ഓസ്‌ട്രേലിയൻ താരം ഡാർസി ബ്രൗൺ, ഇംഗ്ലണ്ടിൽ നിന്നുള്ള ആലീസ് കാപ്‌സി എന്നിവർക്കൊപ്പമാണ് ഇന്ത്യൻ താരങ്ങളായ രേണുക സിങും യാസ്‌തിക ഭാട്ടിയയും മത്സരിക്കുന്നത്. 2022 ൽ ടീമിനായി നടത്തിയ മികച്ച പ്രകടനങ്ങളാണ് ഇരുവരെയും മികച്ച യുവതാരത്തിനുള്ള ഷോർട്ട് ലിസ്റ്റിലേക്ക് എത്തിച്ചത്.
2022ൽ വൈറ്റ് ബോൾ ഫോർമാറ്റുകളിൽ വെറും 29 മത്സരങ്ങളിൽ നിന്ന് 40 വിക്കറ്റുകളാണ് 26 കാരിയായ രേണുക സിങ് സ്വന്തമാക്കിയത്. ഏകദിനത്തിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളും രേണുക സിങ് സ്വന്തമാക്കിയിട്ടുണ്ട്. ഇതിൽ ഏട്ട് വിക്കറ്റുകൾ ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സരങ്ങളിൽ നിന്നും ഏഴ് വിക്കറ്റുകൾ ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലുമാണ് താരം സ്വന്തമാക്കിയത്. ഏഴ് ടി20 മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകളും താരം വീഴ്‌ത്തിയിട്ടുണ്ട്.
ALSO READ: 'അക്കാര്യം മറന്നേ പറ്റൂ' ; ലോകകപ്പില്‍ ഓപ്പണറാവാന്‍ ഇഷാന് ഉപദേശവുമായി ബ്രെറ്റ് ലീ
ഏകദിന ഫോർമാറ്റിൽ ഇന്ത്യൻ മധ്യനിരയുടെ നെടുംതൂണാണ് യാസ്‌തിക ഭാട്ടിയ. ഏകദിനത്തിൽ 19 മത്സരങ്ങളിൽ നിന്ന് 478 റണ്‍സും, ടി20യിൽ എട്ട് മത്സരങ്ങളിൽ നിന്ന് 72 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെയും ബംഗ്ലാദേശിനെതിരെയുമുള്ള ഏകദിന പരമ്പരകളിൽ മികച്ച പ്രകടനവും താരത്തിന് മികച്ച യുവതാരത്തിനുള്ള പട്ടികയിൽ ഇടം നേടിക്കൊടുക്കുന്നതിന് സഹായകരമായി.