മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യന്‍ വനിതകള്‍. മൂന്ന് മത്സര പരമ്പരയിലെ രണ്ടാം ടി20 ഇന്ന് നടക്കും. മിര്‍പൂരിലെ ഷേർ-ഇ-ബംഗ്ല നാഷണല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് 1.30 മുതലാണ് മത്സരം തുടങ്ങുക.
ഇതേ വേദിയില്‍ നടന്ന ആദ്യ ടി20-യില്‍ ഏഴ് വിക്കറ്റിന്‍റെ വിജയം പിടിക്കാന്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഇതോടെ ഇന്ന് ജയം പിടിച്ചാല്‍ ഒരു മത്സരം ബാക്കി നില്‍ക്കെ തന്നെ സന്ദര്‍ശകര്‍ക്ക് പരമ്പര നേടാം. മലയാളി താരം മിന്നു മണിക്ക് ഇന്നും പ്ലേയിങ് ഇലവനില്‍ അവസരം ലഭിച്ചേക്കും.
ആദ്യ ടി20-ലൂടെ അരങ്ങേറ്റം നടത്തിയ മിന്നു മണി മികച്ച പ്രകടനം നടത്തിയിരുന്നു. തന്‍റെ ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് വീഴ്‌ത്തിയാണ് താരം വരവറിയിച്ചത്. മത്സരത്തില്‍ മൂന്ന് ഓവര്‍ എറിഞ്ഞ താരം 21 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഓപ്പണര്‍ ഷഫാലി വര്‍മയുടെ പ്രകടനമാണ് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്നത്.
അടുത്ത കാലത്ത് തന്‍റെ മികവിലേക്ക് ഉയരാന്‍ 20-കാരിക്ക് കഴിഞ്ഞിട്ടില്ല. അവസാനം കളിച്ച 10 മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് ഷഫാലി വര്‍മയ്‌ക്ക് അര്‍ധ സെഞ്ചുറി നേടാന്‍ കഴിഞ്ഞത്. കഴിഞ്ഞ വര്‍ഷത്തിലാണ് താരം അവസാന അര്‍ധ സെഞ്ചുറി കണ്ടെത്തിയത്. ആദ്യ ടി20യില്‍ മൂന്ന് പന്തുകള്‍ നേരിട്ട ഷഫാലി അക്കൗണ്ട് തുറക്കാനാവാതെ വിക്കറ്റിന് മുന്നില്‍ കുരുങ്ങിയാണ് പുറത്താവുന്നത്. ഇതോടെ ഇന്നത്തെ മത്സരത്തില്‍ ഷഫാലി ശ്രദ്ധേകേന്ദ്രമാണ്.
മത്സരം കാണാനുള്ള വഴി: ഇന്ത്യന്‍ വനിതകളും ബംഗ്ലാദേശ് വനിതകളും തമ്മിലുള്ള മത്സരങ്ങള്‍ ഇന്ത്യയിൽ ടെലിവിഷനില്‍ സംപ്രേഷണം ചെയ്യുന്നില്ല. ഫാൻകോഡ് ആപ്പില്‍ മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ് ലഭ്യമുണ്ട്. കൂടാതെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും മത്സരം തത്സമയം കാണാം.
ഇന്ത്യ ടി20 സ്‌ക്വാഡ്: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, ഷഫാലി വര്‍മ, ജമീമ റോഡ്രിഗസ്, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), ഹര്‍ലിന്‍ ഡിയോള്‍, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, എസ്. മേഘന, പൂജ വസ്ത്രാകര്‍, മേഘന സിങ്, അഞ്ജലി സര്‍വാനി, മോണിക്ക പട്ടേല്‍, റാഷി കനോജി, അനുഷ ബാറെഡ്ഡി, മിന്നു മണി.
ബംഗ്ലാദേശ് ടി20 സ്‌ക്വാഡ് : നിഗർ സുൽത്താന (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ഷമീമ സുൽത്താന, മുർഷിദ ഖാത്തൂൺ, ശോഭന മോസ്തരി, ഷൊർണ അക്തർ, റിതു മോനി, നഹിദ അക്തർ, ഫാഹിമ ഖാത്തൂൺ, റബീയ ഖാൻ, ഷൻജിദ അക്തർ, സൽമ ഖാത്തൂൺ, മറൂഫ അക്തർ, ദിലാര അക്തർ, ദിഷ ബിശ്വാസ്, സുൽത്താന ഖാത്തൂൺ, ഷാതി റാണി.