നോര്‍താംപ്‌റ്റണ്‍: ഇംഗ്ലണ്ടിന് എതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തിലും ഇന്ത്യയ്‌ക്ക് വിജയം. നോര്‍താംപ്‌റ്റണ്‍ഷെയറിന് എതിരായ കളിയില്‍ 10 റണ്‍സിനാണ് ഇന്ത്യ ജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 149 റണ്‍സാണ് നേടിയത്. നോര്‍താംപ്‌റ്റണ്‍ഷെയറിന്‍റെ മറുപടി ബാറ്റിങ് 19.3 ഓവറില്‍ 139 റണ്‍സില്‍ അവസാനിച്ചു.
ബാറ്റ് കൊണ്ടും ബോള് കൊണ്ടും തിളങ്ങിയ ഹര്‍ഷല്‍ പട്ടേലാണ് ഇന്ത്യയുടെ വിജയ ശില്‍പി. 36 പന്തില്‍ 54 റൺസടിച്ച ഹര്‍ഷല്‍ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ക്യാപ്‌റ്റന്‍ ദിനേശ് കാര്‍ത്തിക് 26 പന്തില്‍ 34 റണ്‍സെടുത്തു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയുടെ മുന്‍നിര ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. മലയാളി താരം സഞ്‌ജു സാംസണ്‍ (0) ആദ്യ പന്തില്‍ തന്നെ പുറത്തായി. വൈകാതെ രാഹുല്‍ ത്രിപാഠി (7), സൂര്യകുമാര്‍ യാദവ് (0), ഇഷാന്‍ കിഷന്‍ (16) എന്നിവരും തിരിച്ച് കയറി. പിന്നാലെ ദിനേശ് കാര്‍ത്തിക് മടങ്ങിയതോടെ ഇന്ത്യ സമ്മര്‍ദത്തിലായി.
ഇവിടെ നിന്ന് ഹര്‍ഷല്‍ പട്ടേലാണ് ഇന്ത്യയ്‌ക്കായി പൊരുതിയത്. വെങ്കിടേഷ് അയ്യര്‍ (20) പിന്തുണ നല്‍കി. ആവേശ് ഖാനാണ് (0) പുറത്തായ മറ്റൊരു താരം. അര്‍ഷ്‌ദീപ് സിങ് (0), യുസ്‌വേന്ദ്ര ചഹല്‍ (2) എന്നിവര്‍ പുറത്താവാതെ നിന്നു. നോർതാംപ്‌ടൺഷെയറിന് വേണ്ടി ബ്രൻഡൻ ഗ്ലോവർ മൂന്ന് വിക്കറ്റ് നേടിയപ്പോൾ നതൻ ബക്ക്, ഫ്രെഡി ഹെല്‍ഡ്രെറിച്ച് എന്നിവർ രണ്ട് വിക്കറ്റും ജോഷ് കോബ്ബ് ഒരു വിക്കറ്റും നേടി.
മറുപടിക്ക് ഇറങ്ങിയ നോര്‍താംപ്‌റ്റണ്‍ഷെയറിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. 33 റണ്‍സ് നേടിയ സെയ്‌ഫ് സയ്‌ബ് ടോപ് സ്‌കോറര്‍. എമിലിയോ ഗെയ് (22), ജെയിംസ് സെയ്‌ല്‍സ് (12), നതാന്‍ ബക്ക് (18), ബ്രണ്ടന്‍ ഗ്ലൗവര്‍ (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍.
ഹര്‍ഷലിനെ കൂടാതെ അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവരും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. പ്രസിദ്ധ് കൃഷ്‌ണ, വെങ്കിടേഷ് അയ്യര്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. വെള്ളിയാഴ്‌ച(ജൂലൈ 1) നടന്ന ആദ്യ മത്സരത്തില്‍ ഡെര്‍ബിഷെയറിന് എതിരെ ഇന്ത്യ ഏഴ് വിക്കറ്റിന് ജയിച്ചിരുന്നു.