ന്യൂഡല്‍ഹി: പരിക്കും മോശം ഫോമും വലച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ നടന്ന ടി20 ലോകകപ്പോടെ ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായ താരമാണ് ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തോടെ ശക്തമായ തിരിച്ചുവരവാണ് ഹാര്‍ദിക് നടത്തിയത്. അരങ്ങേറ്റ സീസണില്‍ തന്നെ ഗുജറാത്ത് ടൈറ്റന്‍സിനെ കിരീടത്തിലേക്ക് നയിച്ച താരം 487 റണ്‍സും എട്ട് വിക്കറ്റുകളുമാണ് സീസണില്‍ നേടിയത്.
ഇപ്പോഴിതാ തന്‍റെ മടങ്ങിവരവിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. ക്രിക്കറ്റില്‍ നിന്ന് മാറി നിന്ന ആറ് മാസം എന്തിലൂടെയാണ് താന്‍ കടന്ന് പോയതെന്ന് ആര്‍ക്കും അറിയില്ലെന്നാണ് ഹാര്‍ദിക് പറയുന്നത്. 'തിരിച്ചുവരവിന് മുമ്പ് എന്നെക്കുറിച്ച് പലരും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞിരുന്നു. അവര്‍ക്ക് മറുപടി നല്‍കുകയെന്നത് ഒരിക്കലും എന്‍റെ വിഷയമല്ല. പിന്തുടര്‍ന്ന പ്രക്രിയയില്‍ എനിക്ക് അഭിമാനമുണ്ട്.
പുലര്‍ച്ചെ അഞ്ച് മണിക്ക് ഉണര്‍ന്ന് വേണ്ട പരിശീലനം നടത്തും, പിന്നെ ആവശ്യമായ വിശ്രമം ഉറപ്പാക്കി നാല് മണിക്ക് വീണ്ടും പരിശീലനത്തിനിറങ്ങും. നാല് മാസത്തോളം ഞാന്‍ രാത്രി 9.30ന് ഉറങ്ങിയിരുന്നു. വ്യക്തിപരമായി ഒരുപാട് ത്യാഗങ്ങള്‍ സഹിക്കേണ്ടി വന്നു. ഇത്തവണ ഐപിഎൽ കളിക്കുന്നതിന് മുമ്പ് ഞാൻ നടത്തിയ പോരാട്ടമായിരുന്നു ഇത്.
ഫലം കണ്ടതിന് ശേഷം, ഒരു ക്രിക്കറ്ററെന്ന നിലയിൽ അതെനിക്ക് കൂടുതൽ സംതൃപ്‌തി നൽകി. ജീവിതത്തില്‍ എല്ലായ്‌പ്പോഴും കഠിനാധ്വാനം ചെയ്‌തിട്ടുണ്ട്', ഹാര്‍ദിക് പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ചുള്ള ചോദ്യത്തോട് താരം പ്രതികരിച്ചത് ഇങ്ങനെ; 'തീര്‍ച്ചയായും വളരെ ആവേശത്തിലാണ്. രാജ്യത്തിന് വേണ്ടി കളിക്കുന്നത് എല്ലായ്‌പ്പോഴും സവിശേഷമാണ്, ഇത്രയും നീണ്ട ഇടവേളയ്‌ക്ക് ശേഷം പുതുമയോടെ തിരിച്ചുവരാനാവുന്നതില്‍ സന്തോഷമുണ്ട്.
also read: 'ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുക്കണം' ; പ്രഥമലക്ഷ്യം വ്യക്തമാക്കി ഹാര്‍ദിക് പാണ്ഡ്യ
ഞാൻ ചെയ്‌ത കഠിനാധ്വാനം എന്തെന്ന് കാണിക്കാൻ ഇതെനിക്ക് അവസരം നൽകുന്നു. രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നതാണ് കൂടുതൽ പ്രധാനം, അത് എനിക്ക് വളരെയധികം സന്തോഷം നൽകുന്നു. അതിനാൽ പോസിറ്റീവ് ദിനങ്ങളും ആവേശകരമായ ദിവസങ്ങളും പ്രതീക്ഷിക്കുന്നു', ഹാര്‍ദിക് പാണ്ഡ്യ കൂട്ടിച്ചേര്‍ത്തു.