സിഡ്‌നി: ലോക ക്രിക്കറ്റിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുള്ള നിയമമാണ് മങ്കാദിങ്. ഐസിസിയുടെ ക്രിക്കറ്റ് നിയമങ്ങളിൽ ഈ പുറത്താക്കൽ രീതി അംഗീകരിച്ചിട്ടുള്ളതാണെങ്കിലും ഇത് തെറ്റാണോ ശരിയാണോ എന്ന തരത്തിലുള്ള ചർച്ചകൾ ഇന്നും തുടരുന്നുണ്ട്. ഇപ്പോൾ മങ്കാദിങ് വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പർ താരം ഹാർദിക് പാണ്ഡ്യ.
നോണ്‍- സ്‌ട്രൈക്കർ എൻഡിൽ നിൽക്കുന്നയാളെ ഔട്ടാക്കുന്നത് സംബന്ധിച്ച വിവാദങ്ങൾ നമ്മൾ അവസാനിപ്പിക്കണം. ഇത് ഒരു ലളിതമായ നിയമമാണ്. കളിയുടെ സ്‌പിരിറ്റുമായി ഇതിനൊരു ബന്ധവുമില്ല. വ്യക്‌തിപരമായി ഈ നിയമത്തിൽ എനിക്ക് പ്രശ്‌നം ഒന്നും തന്നെയില്ല. ഞാൻ ക്രിസിന് പുറത്താണെങ്കിൽ ആരെങ്കിലും എന്നെ റണ്‍ ഔട്ട് ആക്കിയാൽ എനിക്ക് കുഴപ്പമില്ല. കാരണം അത് എന്‍റെ തെറ്റാണ്. പാണ്ഡ്യ പറഞ്ഞു.
അതേസമയം ടി20 ക്രിക്കറ്റിൽ മാച്ച്- അപ്പുകൾ ഓവർ റേറ്റഡ് ആണെന്നും ഹാർദിക് പറഞ്ഞു. ഞാൻ എവിടെയാണ് ബാറ്റ് ചെയ്യുന്നതെന്നും എന്താണ് സാഹചര്യം എന്നും നോക്കും. അതിനാൽ എനിക്ക് മാച്ച്-അപ്പിന്‍റെ ഓപ്‌ഷൻ ലഭിക്കുന്നില്ല. സാഹചര്യം അനുസരിച്ച് ടോപ് 3 അല്ലെങ്കിൽ ടോപ് 4 പൊസിഷനുകളിൽ ബാറ്റ് ചെയ്യുന്നവർക്കാണ് മാച്ച്-അപ്പുകൾ നോക്കാനാവുക.
ചില സാഹചര്യങ്ങളിൽ ഒരു ബോളറെ ലക്ഷ്യം വെച്ച് ബാറ്റ് ചെയ്യാൻ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എന്നാൽ സാഹചര്യം ആവശ്യപ്പെടുന്നില്ലെങ്കിൽ അത് എന്‍റെ ടീമിനെ ദോഷകരമായി ബാധിക്കുമെന്നതിനാൽ ഞാൻ ആ റിസ്‌ക് എടുക്കാറില്ല. ഏകദിനത്തിലും ടെസ്റ്റിലും മാച്ച് അപ്പുകൾ പ്രാവർത്തികമായേക്കാം. എന്നാൽ ടി20യിൽ ഇത് ഓവർ റേറ്റഡ് ആണെന്ന് പറയുന്നതിൽ എനിക്ക് ഒരു മടിയുമില്ല. ഹാർദിക് വ്യക്‌തമാക്കി.