മുംബൈ: പരിമിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്‍റെ പുതിയ ക്യാപ്റ്റനായി ഹാര്‍ദിക് പാണ്ഡ്യ എത്തിയേക്കും. ലോകകപ്പിലെ തോല്‍വിക്ക് പിന്നാലെ സ്റ്റാര്‍ ഓള്‍റൗണ്ടറെ നായക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നുവെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നാലെ ഇക്കാര്യം താരവുമായി ബിസിസിഐ വൃത്തങ്ങള്‍ ചര്‍ച്ച നടത്തിയതായി വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
'ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ക്യാപ്‌റ്റനായി ഹാര്‍ദിക് പാണ്ഡ്യയെ നിയമിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. അത് ഹര്‍ദിക്കുമായി ചര്‍ച്ച ചെയ്‌തു. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികരണം അറിയിക്കുമെന്ന് പാണ്ഡ്യ വ്യക്തമാക്കി.
പാണ്ഡ്യയുടെ തീരുമാനം വന്നതിന് ശേഷമാകും ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കുക. കാര്യങ്ങള്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് നോക്കാം'. ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്‌തു.
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ നായകനായ ഗുജറാത്ത് ടൈറ്റന്‍സ് ആയിരുന്നു ചാമ്പ്യന്‍മാര്‍. ഇന്ത്യന്‍ ഓള്‍റൗണ്ടറിന് കീഴില്‍ ഗുജറാത്ത് ആദ്യ വര്‍ഷം തന്നെ കിരീടം ഉയര്‍ത്തിയതിന് പിന്നലെയാണ് താരത്തിന്‍റെ പേരും ഇന്ത്യന്‍ ടീം നായകസ്ഥാനത്തേക്ക് ഉയര്‍ന്നത്. ലോകകപ്പിന് മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായി നടന്ന പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്‍റെ വൈസ് ക്യാപ്‌റ്റനായിരുന്നു ഹാര്‍ദിക് പാണ്ഡ്യ.
തുടര്‍ന്ന് അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ ടീമിന്‍റെ നായകനായി പാണ്ഡ്യ നിയമിതനായി. 2-0ന് ഇന്ത്യ ആ പരമ്പര സ്വന്തമാക്കിയിരുന്നു. ലോകകപ്പിന് പിന്നാലെ നടന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ നയിച്ചതും ഹാര്‍ദിക്കാണ്.