അഹമ്മദാബാദ്: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ ഓൾറൗണ്ട് മികവിലൂടെ കളിയിലെ താരമായി മാറാൻ നായകൻ ഹാർദിക് പാണ്ഡ്യക്ക് സാധിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരത്തിൽ അവസാന ഓവറുകളിൽ ക്രീസിലെത്തിയിട്ടും കൂറ്റൻ സിക്‌സുകൾ പായിക്കാൻ കഴിവുള്ള താരം മികച്ച ഫോമിൽ ബാറ്റ് വീശുകയായിരുന്ന ശുഭ്‌മാൻ ഗില്ലിന് സ്‌ട്രൈക്ക് കൈമാറി കളിക്കാനാണ് ശ്രമിച്ചത്. ഇപ്പോൾ ഇതിന്‍റെ കാരണം വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ.
ടീമിൽ പുതിയ റോളുകൾ ഏറ്റെടുക്കാൻ തയ്യാറാണെന്നും മുൻ നായകൻ എംഎസ് ധോണി ഫിനിഷറെന്ന നിലയിൽ എന്താണോ ചെയ്‌തിരുന്നത് അത് തന്നെ ആവർത്തിക്കാനാണ് താനും ശ്രമിക്കുന്നതെന്നുമാണ് പാണ്ഡ്യ വ്യക്‌തമാക്കിയത്. 'മികച്ച ഫിനിഷറായിട്ടും ധോണി സ്‌ട്രൈക്ക് കൈമാറി തന്‍റെ ബാറ്റിങ് പങ്കാളിക്ക് കൂടുതൽ അവസരങ്ങൾ നൽകാനാണ് ശ്രമിച്ചിരുന്നത്. അത് തന്നെയാണ് താനും ചെയ്യുന്നത്.
ഇങ്ങനെ കളിക്കുന്നത് ഒരുപക്ഷേ എന്‍റെ സ്‌ട്രൈക്ക് റേറ്റ് കുറച്ചേക്കാം. എന്നാൽ പുതിയ അവസരങ്ങളും പുതിയ വേഷങ്ങളും ഏറ്റെടുക്കുക എന്നത് ഞാൻ എപ്പോഴും ഇഷ്‌ടപ്പെടുന്ന ഒന്നാണ്. ധോണിയുടെ റോൾ ഇവിടെ അനുകരിക്കുന്നതിൽ എനിക്ക് പ്രശ്‌നമില്ല. ധോണിയുടെ കാലത്ത് അദ്ദേഹത്തോടൊപ്പം കളിക്കുമ്പോൾ ഞാൻ ചെറുപ്പമായിരുന്നു.
അന്ന് ഞാൻ ഗ്രൗണ്ടിന് ചുറ്റും തലങ്ങും വിലങ്ങും ഷോട്ടുകൾ പായിക്കുമായിരുന്നു. എന്നാൽ ധോണി വിരമിച്ചതോടെ പെട്ടന്ന് ആ ഉത്തരവാദിത്തം സ്വാഭാവികമായും എന്നിലേക്ക് വരികയായിരുന്നു. അതിനാൽ തന്നെ ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ എനിക്ക് വിഷമമില്ല. ഞങ്ങൾ ആഗ്രഹിക്കുന്ന ഫലം ലഭിക്കുക എന്നതാണ് പ്രധാനം', പാണ്ഡ്യ പറഞ്ഞു.
കൂട്ടുകെട്ടുകൾ പ്രധാനം: 'സിക്‌സർ അടിക്കുന്നത് ഞാനും ആസ്വദിക്കാറുണ്ട്. പക്ഷേ എനിക്കും പരിണമിക്കേണ്ടതുണ്ട്. അതാണ് ജീവിതം. ഞാൻ എപ്പോഴും കൂട്ടുകെട്ടുകളിൽ വിശ്വസിക്കുന്നയാളാണ്. അതിനാൽ എന്‍റെ പങ്കാളിയുടെ ഭാഗവും ഞാൻ പരിഗണിക്കണം. എന്‍റെ ടീമിനും പങ്കാളിക്കും മറുവശത്ത് ഞാൻ ഉണ്ട് എന്ന ഉറപ്പ് നൽകാനാണ് ഞാൻ ശ്രമിക്കുന്നത്.
കാരണം ഇപ്പോൾ ടീമിലുള്ളതിൽ ആരെക്കാളും കൂടുതൽ മത്സരം കളിച്ചിട്ടുള്ളയാളാണ് ഞാൻ. അതിനാൽ എന്‍റെ അനുഭവം അവിടെ പ്രാവർത്തികമാക്കാൻ സാധിക്കും. ഈ ഒരു സാഹചര്യത്തിൽ ബാറ്റ് വീശുന്നതിനാൽ സമ്മർദത്തെ എങ്ങനെ നേരിടണമെന്ന കാര്യം ഞാൻ പഠിച്ചു. ഇതിലൂടെ ടീമിനെയും സഹതാരങ്ങളെയും ശാന്തരാക്കാനും ഞാൻ പഠിച്ചു, പാണ്ഡ്യ വ്യക്‌തമാക്കി.
അതേസമയം ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനെക്കുറിച്ചും താരം വ്യക്‌തമാക്കി. ടെസ്റ്റ് മാച്ച് കളിക്കാനുള്ള ശരിയായ സമയമെത്തി എന്നെനിക്ക് തോന്നുമ്പോൾ ഞാൻ ടെസ്റ്റിലേക്ക് തിരിച്ചുവരും. ഇപ്പോൾ വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാൻ ശ്രദ്ധിക്കുന്നത്. ഇപ്പോൾ അതാണ് പ്രധാനം. സമയം ശരിയായി വരുമ്പോൾ, ആരോഗ്യത്തോടെയിരിക്കുന്നെങ്കിൽ ഞാൻ ടെസ്റ്റിലേക്ക് എത്തും, പാണ്ഡ്യ കൂട്ടിച്ചേർത്തു.
ഈ വർഷം ഒക്‌ടോബർ നവംബർ മാസങ്ങളിൽ ഏകദിന ലോകകപ്പും, 2024ൽ വെസ്റ്റ് ഇൻഡീസിൽ ടി20 ലോകകപ്പും ഉള്ളതിനാലാണ് താരം വൈറ്റ് ബോൾ ക്രിക്കറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 2019ൽ ശസ്‌ത്രക്രിയക്ക് വിധേയനായ ശേഷം പാണ്ഡ്യ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. 2018ൽ സതാംപ്‌ടണിലായിരുന്നു താരം അവസാനമായി ടെസ്റ്റ് കളിച്ചത്.