മുംബൈ: ഏഷ്യ കപ്പ് (Asia Cup 2023) ക്രിക്കറ്റിലെ ഗ്രൂപ്പ് മത്സരത്തില്‍ പാകിസ്ഥാന്‍ പേസര്‍മാര്‍ക്ക് എതിരെ ഇന്ത്യന്‍ ബാറ്റിങ് നിര പ്രയാസപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയുടെ മുന്‍നിര തകര്‍ന്നടിഞ്ഞപ്പോള്‍ ഇഷാന്‍ കിഷന്‍-ഹാര്‍ദിക് പാണ്ഡ്യ എന്നിവരുടെ ചെറുത്ത് നില്‍പ്പായിരുന്നു ടീമിനെ മാന്യമായ നിലയില്‍ എത്തിച്ചത്. ഇന്ത്യയുടെ പത്ത് വിക്കറ്റുകളും പാക് പേസര്‍മാരായ ഷഹീന്‍ ഷാ അഫ്രീദി (Shaheen sha afridi), നസീം ഷാ (Naseem Sha), ഹാരിസ് റൗഫ് (Haris rauf) എന്നിവരായിരുന്നു പങ്കിട്ടത്.
മുന്‍ നിരയെ തകര്‍ത്ത് നാല് വിക്കറ്റുകള്‍ നേടിയ ഷഹീന്‍ ഷാ അഫ്രീദി ആയിരുന്നു കൂടുതല്‍ അപകടകാരി. ഇപ്പോഴിതാ ടൂര്‍ണമെന്‍റില്‍ വീണ്ടും പാകിസ്ഥാനെതിരെ കളിക്കാനിരിക്കുന്ന ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് തന്ത്രമോതി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് (Harbhajan Singh advice to Indian cricket team).
ഷഹീന്‍ ഷാ അഫ്രീദിക്ക് വിക്കറ്റ് നല്‍കരുതെന്നാണ് ഇന്ത്യന്‍ ബാറ്റര്‍മാരോട് ഹര്‍ഭജന്‍ സിങ് പറയുന്നത്. ഇതു മറ്റ് പാകിസ്ഥാന്‍റെ ബോളര്‍മാരെ സമ്മര്‍ദത്തിലാക്കുന്നതോടെ ഇന്ത്യയ്‌ക്ക് ബാറ്റിങ് എളുപ്പമാകുമെന്നും മുന്‍ സ്‌പിന്നര്‍ അഭിപ്രായപ്പെട്ടു.
"ഷഹീന്‍ ഷാ അഫ്രീദിയ്‌ക്ക് വിക്കറ്റ് കിട്ടുന്നില്ലെന്ന് ഇന്ത്യ ഉറപ്പാക്കണം. അവന് വിക്കറ്റുകൾ ലഭിച്ചില്ലെങ്കിൽ, തീര്‍ച്ചയായും സമ്മർദം മറ്റ് ബോളര്‍മാരിലായിരിക്കും. സമ്മർദം ഉയരുമ്പോള്‍ 'വേള്‍ഡ് ക്ലാസ് ബോളിങ് അറ്റാക്ക്' എന്ന് പറയപ്പെടുന്ന പാക് പേസര്‍മാരെ അടിച്ച് നിലംപരിശാക്കാന്‍ കഴിയും. ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കില്‍ 300 റണ്‍സിന് അടുത്തെങ്കിലും സ്‌കോര്‍ ചെയ്യാന്‍ ശ്രമിക്കേണ്ടതുണ്ട്"- ഹര്‍ഭജന്‍ സിങ് (Harbhajan Singh) പറഞ്ഞു.
ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ (Rohit Sharma), ശുഭ്‌മാന്‍ ഗില്‍ (Shubman Gill) എന്നിവര്‍ ന്യൂബോളിലെ 15 ഓവറുകളും ബാറ്റ് ചെയ്യുകയാണെങ്കില്‍ ഇന്ത്യ ഒരു തരത്തിലും കുഴപ്പത്തിലാവില്ലെന്നും ഹര്‍ഭജന്‍ സിങ് കൂട്ടിച്ചേര്‍ത്തു. "രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ആദ്യ 15 ഓവർ ന്യൂബോളിനെതിരെ കളിക്കുകയാണെങ്കിൽ, ഇന്ത്യ ഒരു തരത്തിലും കുഴപ്പത്തിലാകുമെന്ന് ഞാൻ കരുതുന്നില്ല.
ഗില്ലും രോഹിതും കോലിയും നന്നായി കളിക്കേണ്ടത് പ്രധാനമാണ്. ന്യൂബോളില്‍ പാക് പേസര്‍മാരെ നേരിടുമ്പോള്‍ അവര്‍ ഈഗോ മാറ്റി വയ്‌ക്കേണ്ടതുണ്ട്. തുടക്കത്തില്‍ ഷഹീന്‍ അഫ്രീദിക്കെതിരെ റണ്‍സ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും അതു കാര്യമാക്കേണ്ടതില്ല" ഹർഭജൻ സിങ് പറഞ്ഞു നിര്‍ത്തി.
അതേസമയം നാളെ കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാകിസ്ഥാന്‍ (India vs Pakistan) മത്സരം നടക്കുക. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാന്‍ രണ്ടാമത്തെയും ഇന്ത്യ ആദ്യത്തേയും മത്സരത്തിനാണ് ഇറങ്ങുന്നത്. മത്സരത്തിന് മഴ ഭീഷണിയുണ്ട്.