മുംബൈ : ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവുമധികം ആവേശമുണർത്തുന്ന മത്സരങ്ങളാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. കഴിഞ്ഞ ടി20 ലോകകപ്പിലാണ് ഇന്ത്യക്കെതിരായി ലോകകപ്പ് മത്സരങ്ങളിൽ പാകിസ്ഥാൻ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. പല മത്സരങ്ങളിലും തലനാരിഴയ്‌ക്കാണ് പാകിസ്ഥാനെതിരെ ഇന്ത്യ വിജയം തട്ടിയെടുത്തത്. 2011 ലോകകപ്പിലെ ഇന്ത്യ പാക് പോരാട്ടത്തിൽ അത്തരത്തിലൊരു വിജയം സ്വന്തമാക്കിയത് ധോണിയുടെ നിർദേശമാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ സ്‌പിന്നർ ഹർഭജൻ സിങ്.
ലോകകപ്പിലെ സെമി ഫൈനലിൽ വിജയം ഉറപ്പിച്ച് മുന്നേറിക്കൊണ്ടിരുന്ന പാകിസ്ഥാനെ തോൽവിയിലേക്ക് നയിച്ചത് ഉമർ അക്‌മലിന്‍റെ പുറത്താകലാണ്. ഹർഭജൻ സിങ്ങിനായിരുന്നു വിക്കറ്റ്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ സച്ചിന്‍റെ മികവിൽ നിശ്ചിത ഓവറിൽ 260 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ നാലിന് 106 എന്ന നിലയില്‍ തകര്‍ന്നെങ്കിലും ഉമര്‍ അക്മല്‍- മിസ്ബ ഉള്‍ സഖ്യം മധ്യനിരയില്‍ നിലയുറപ്പിച്ചു. എന്നാൽ അക്‌മലിന്‍റെ പുറത്താകൽ പാകിസ്ഥാനെ വീഴ്‌ത്തി.
ഹർഭജന്‍റെ വാക്കുകളിലൂടെ : ഉമറിനെ പുറത്താക്കുന്നിന് മുമ്പ് വരെ ഞാന്‍ അഞ്ച് ഓവറില്‍ 26-27 റണ്‍സ് വഴങ്ങിയിരുന്നു. എന്നാല്‍ ആ വിക്കറ്റ് ബ്രേക്ക് ത്രൂവായി. എന്നെ അനായാസം പാകിസ്ഥാൻ താരങ്ങൾ കളിക്കുന്നത് കണ്ട ധോണി എന്നോട് എറൗണ്ട് ദ വിക്കറ്റില്‍ എറിയാന്‍ പറഞ്ഞു. ഉമറും മിസ്ബയും നന്നായി കളിച്ചുകൊണ്ടിരിക്കുന്ന സമയമായിരുന്നു അത്.
ഈ കൂട്ടൂകെട്ട് ഇന്ത്യക്ക് ഭീഷണിയാവുമായിരുന്നു. എന്നാല്‍ ഞാന്‍ പന്തെറിയാനെത്തിയപ്പോള്‍ ധോണിയുടെ നിര്‍ദേശം വിക്കറ്റ് നേടാന്‍ സഹായിച്ചു. ഞാന്‍ വിജയത്തിന് വേണ്ടി പ്രാര്‍ഥിച്ചു. ദൈവം എന്‍റെ പ്രാര്‍ഥന കേട്ടു. ഓവറിലെ ആദ്യ പന്തില്‍ തന്നെ ഉമര്‍ മടങ്ങി - ഹര്‍ഭജന്‍ പറഞ്ഞു.
അതേസമയം ഉമർ മടങ്ങിയതോടെ പാകിസ്ഥാന്‍റെ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടക്കാനാകാതെ പാകിസ്ഥാന്‍ 49.5 ഓവറില്‍ ആള്‍ ഔട്ടായി. സെമിഫൈനല്‍ വിജയത്തിന് ശേഷം ഫൈനലില്‍ ശ്രീലങ്കയെ കീഴ്‌പ്പെടുത്തിയ ഇന്ത്യ അത്തവണ ലോകകപ്പും സ്വന്തമാക്കിയിരുന്നു.