മെല്‍ബണ്‍: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്കെതിരെ കനത്ത വിമര്‍ശനവുമായി ഓസ്‌ട്രേലിയയുടെ മുന്‍ താരം ഗ്രെഗ് ബ്ലെവെറ്റ് (Greg Blewett). രോഹിത്തിന്‍റെ നായക സ്ഥാനം ചോദ്യം ചെയ്‌ത ഗ്രെഗ് ബ്ലെവെറ്റ് ഇന്ത്യയുടെ എകദിന ടീമില്‍ ഒരുനൂലില്‍ പറ്റിയാണ് നില്‍ക്കുന്നതെന്നാണ് പറയുന്നത് (Greg Blewett Against Rohit Sharma ODI team captaincy). നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ (ODI World Cup 2023) ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കഴിയുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും ഓസീസിന്‍റെ മുന്‍ താരം പറഞ്ഞു.
ഏകദിന ടീമിന്‍റെ നായക സ്ഥാനത്തേക്ക് രോഹിത്തിന് പകരം മറ്റൊരാളെ കൊണ്ടുവരുമെന്ന് താന്‍ കരുതിയിരുന്നതായും ഗ്രെഗ് ബ്ലെവെറ്റ് പറഞ്ഞു. "ഇന്ത്യയുടെ ഏകദിന ടീമിന്‍റെ ക്യാപ്റ്റനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. രോഹിത് അവിടെ ഒരു നൂലില്‍ പറ്റി നില്‍ക്കുകയാണ്. ഏകദിന ടീമിന്‍റെ നേതൃത്വത്തിന്‍റെ കാര്യത്തില്‍ ഒരു മാറ്റത്തിന് ഇന്ത്യ ഒരു നീക്കം നടത്തിയിട്ടുണ്ടാകുമെന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്.
പക്ഷെ, ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ ശരിയായ രീതിയില്‍ പോകുന്നതല്ല ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ഇന്ത്യ എല്ലായ്‌പ്പോഴും ലോകകപ്പിന് എത്തുന്നുണ്ട്. എന്നാല്‍ അതു നേടാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇത്തവണ രോഹിത്തിന് അതിന് കഴിയുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല"- ഗ്രെഗ് ബ്ലെവെറ്റ് പറഞ്ഞു.
ഒരു പോഡ്‌കാസ്റ്റ് ഷോയിലാണ് ഓസീസ് മുന്‍ ബാറ്ററുടെ പ്രതികരണം. ടീമിന്‍റെ ഭാവി നായകന്‍ ആരാണെന്ന ചോദ്യത്തിന് അതു തനിക്ക് അറിയില്ലെന്നാണ് ഗ്രെഗ് ബ്ലെവെറ്റ് പ്രതികരിച്ചത്. എന്നാൽ രോഹിത് ആ ജോലിക്ക് അനുയോജ്യനല്ലെന്ന് ഉറപ്പാണെന്നും ബ്ലെവെറ്റ് പറഞ്ഞു .
"ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഇനി വിരാട് കോലി എത്തില്ലെന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ കോലിയിലേക്ക് തന്നെ മടങ്ങാൻ കഴിയുമോ എന്നും എനിക്കറിയില്ല. പക്ഷെ, രോഹിത് ഒരു നൂലിൽ തൂങ്ങിക്കിടക്കുന്നതായി ആണ് ഞാൻ കാണുന്നത്. ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് ഇപ്പോള്‍ രോഹിത്തിന് പ്ലേയിങ് ഇലവനില്‍ ഇടം ലഭിക്കുന്നത്. അത് ശരിയായ വഴിയാണോ എന്നും എനിക്കറിയില്ല" - ഗ്രെഗ് ബ്ലെവെറ്റ് പറഞ്ഞു നിര്‍ത്തി.
2013-ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം വീണ്ടുമൊരു ഐസിസി കിരീടം നേടാനുള്ള അവസരമാണ് സ്വന്തം മണ്ണില്‍ നടക്കുന്ന ഏകദിന ലോകകപ്പിലൂടെ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും മുന്നിലുള്ളത്. ടൂര്‍ണമെന്‍റിനുള്ള ഇന്ത്യന്‍ ടീമിനെ അടുത്തിടെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു.
ഏകദിന ലോകകപ്പ് ഇന്ത്യ സ്‌ക്വാഡ് (India Squad for ODI World Cup 2023): രോഹിത് ശര്‍മ (ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ശുഭ്‌മാന്‍ ഗില്‍, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്.