ന്യൂഡല്‍ഹി : അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ടെസ്‌റ്റ് പരമ്പര വിജയിക്കുക എന്നത് ഓസ്‌ട്രേലിയയ്‌ക്ക് കനത്ത വലിയ വെല്ലുവിളി ആയിരിക്കുമെന്ന് ഓസീസ് ഇതിഹാസ താരം ഗ്ലെന്‍ മക്‌ഗ്രാത്ത്. ഇന്ത്യയില്‍ 2004-ല്‍ പരമ്പര സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും പിന്നീട് അത് ആവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. കൃത്യമായ ആസൂത്രണങ്ങളും പദ്ധതികളും തയ്യാറാക്കി വന്നാല്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് പരമ്പര സ്വന്തമാക്കാന്‍ സാധിക്കൂവെന്നും മക്‌ഗ്രാത്ത് അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കുക എന്നത് ഏറ്റവും വലിയ വെല്ലുവിളിയാണ്. ഇതിന് ശരിയായ മുന്നൊരുക്കങ്ങള്‍ ആവശ്യമാണ്. 2004-ല്‍ ഇന്ത്യയില്‍ വന്ന് പരമ്പര സ്വന്തമാക്കാനുള്ള ഭാഗ്യം ഞങ്ങള്‍ക്കുണ്ടായി. സ്‌പിന്നിനെ തുണയ്‌ക്കുന്ന ഇന്ത്യയിലെ പിച്ചുകളില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് ഈ സാഹചര്യങ്ങളില്‍ പന്തെറിയേണ്ടത് എങ്ങനെയെന്നതിനെക്കുറിച്ച് ധാരണയുണ്ടെങ്കിലേ ഇന്ത്യയില്‍ നിന്നും പരമ്പര സ്വന്തമാക്കാന്‍ സാധിക്കൂ.
ഐപിഎല്ലിന്‍റെ വരവ് ഓസീസ് താരങ്ങളെ ഇവിടുത്ത സാഹചര്യങ്ങളുമായി ഇണങ്ങാന്‍ സഹായിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ എങ്ങനെ കളിക്കണമെന്നതില്‍ ഓസ്‌ട്രേലിയന്‍ ടീമിന് ധാരണയുണ്ട്. അതുകൊണ്ടാണ് പാകിസ്ഥാനില്‍ ടെസ്‌റ്റ് പരമ്പര സ്വന്തമാക്കാനും, ശ്രീലങ്കയില്‍ പരമ്പര സമനില പിടിക്കാനും സാധിച്ചത്. എങ്കിലും ഇന്ത്യ വലിയ വെല്ലുവിളിയാണ്. ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി ഏറ്റെടുക്കാന്‍ ഓസ്‌ട്രേലിയയ്‌ക്ക് സാധിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും മക്‌ഗ്രാത്ത് അഭിപ്രായപ്പെട്ടു.
ഇന്ത്യയില്‍ 2004ലാണ് ഓസ്ട്രേലിയന്‍ ടീം അവസാനമായി ടെസ്റ്റ് പരമ്പര നേടിയത്. മൂന്ന് മത്സര പരമ്പര 2-1ന് നേടിയ ഓസീസ് ടീമില്‍ മക്‌ഗ്രാത്തും അംഗമായിരുന്നു. 2023 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലാണ് ടെസ്റ്റ് പരമ്പരക്കായി ഓസ്ട്രേലിയ ഇന്ത്യയിലെത്തുക.