ദുബായ്: ഐസിസി ടി20 റാങ്കിങ്ങിൽ കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്തേക്കുയർന്ന് ഇന്ത്യയുടെ യുവതാരം ശുഭ്‌മാൻ ഗിൽ. 542 റേറ്റിങ് പോയിന്‍റുമായി 30-ാം സ്ഥാനത്തേക്കാണ് ഗിൽ എത്തിയത്. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ സെഞ്ച്വറി നേട്ടമാണ് ഗില്ലിന് കരിയറിലെ ഏറ്റവും മികച്ച സ്ഥാനം നേടിക്കൊടുത്തത്. 906 പോയിന്‍റുമായി സൂര്യകുമാർ യാദവാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ അഹമ്മദാബാദിൽ നടന്ന അവസാന മത്സരത്തിൽ ഗിൽ 63 പന്തിൽ പുറത്താകാതെ 126 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഗില്ലിന്‍റെ സെഞ്ച്വറി മികവിൽ ഇന്ത്യ മത്സരത്തിൽ 168 റണ്‍സിന്‍റെ കുറ്റൻ വിജയം സ്വന്തമാക്കിയിരുന്നു. വിജയത്തോടെ പരമ്പര 2-1ന് സ്വന്തമാക്കാനും ഇന്ത്യക്കായി.
ടി20 ഫോർമാറ്റിലും സെഞ്ച്വറി നേടിയതോടെ ചുരുങ്ങിയ കാലത്തിനിടെ തന്നെ മൂന്ന് ഫോർമാറ്റുകളിലും സെഞ്ച്വറി നേടിയ യുവതാരം എന്ന നേട്ടവും ഗിൽ സ്വന്തമാക്കിയിരുന്നു. അതേസമയം പുതിയ പട്ടികയിൽ വിരാട് കോലി, കെ എൽ രാഹുൽ, രോഹിത് ശർമ, ഇഷാൻ കിഷൻ എന്നി താരങ്ങൾക്ക് തിരിച്ചടി നേരിട്ടു. കോലി ഒരു സ്ഥാനം നഷ്‌ടപ്പെടുത്തി 15-ാം റാങ്കിലേക്കും, കെഎൽ രാഹുൽ രണ്ട് സ്ഥാനങ്ങൾ നഷ്‌ടപ്പെടുത്തി 27-ാം സ്ഥാനത്തേക്കും വീണു.
വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ മൂന്ന് സ്ഥാനങ്ങൾ നഷ്‌ടപ്പെട്ട് 48-ാം സ്ഥാനത്തേക്കെത്തി. രോഹിത് ശർമ ഒരു സ്ഥാനം നഷ്‌ടപ്പെടുത്തി 29-ാം സ്ഥാനത്തേക്കും വീണു. അതേസമയം ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഹാർദിക് പാണ്ഡ്യ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തി ഹാർദിക് 250 റേറ്റിങ് പോയിന്‍റോടെ രണ്ടാം റാങ്കിലേക്കെത്തി. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ഓൾറൗണ്ട് മികവാണ് ഹാർദിക്കിന് നേട്ടം ഉണ്ടാക്കിക്കൊടുത്തത്. പരമ്പരയിൽ ബാറ്റ് കൊണ്ടും ബോളുകൊണ്ടും താരം ഒരുപോലെ തിളങ്ങിയിരുന്നു.
ബാറ്റർമാരിൽ 53-ൽ നിന്ന് 50-ാം സ്ഥാനത്തേക്കും ബൗളർമാരിൽ 66-ൽ നിന്ന് 46-ാം സ്ഥാനത്തേക്കും ഹാർദിക് പാണ്ഡ്യ ഉയർന്നിട്ടുണ്ട്. ബംഗ്ലാദേശിന്‍റെ ഷാക്കിബ് അൽ ഹസനാണ് 252 റേറ്റിങ് പോയിന്‍റുമായി ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അതേസമയം ഓൾറൗണ്ടർമാരുടെ പട്ടികയിൽ മറ്റൊരു ഇന്ത്യൻ താരവും ആദ്യ 20ൽ ഉൾപ്പെട്ടിട്ടില്ല.
ബോളർമാരുടെ പട്ടികയിൽ ഇന്ത്യൻ നിരയിൽ നിന്ന് ആദ്യ പത്തിൽ ഒരു താരങ്ങളും ഉൾപ്പെട്ടിട്ടില്ല. എന്നാൽ പുതിയ പട്ടികയിൽ അർഷദീപ് സിങ് മികച്ച നേട്ടമാണുണ്ടാക്കിയത്. ന്യൂസിലൻഡിനെതിരായ പരമ്പരയിലെ മികച്ച പ്രകടനത്തോടെ എട്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി കരിയറിലെ ഏറ്റവും മികച്ച സ്ഥാനമായ 13-ാം റാങ്കിലേക്കാണ് താരം ഉയർന്നത്.
അതേസമയം ഭുവനേശ്വർ കുമാർ 21-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ എന്നിവർ യഥാക്രമം 29, 30 സ്ഥാനങ്ങളിലാണ്. യുസ്‌വേന്ദ്ര ചഹാൽ രണ്ട് പോയിന്‍റ് നഷ്‌ടപ്പെടുത്തി 36-ാം സ്ഥാനത്തേക്കും വീണിട്ടുണ്ട്.