ബെംഗളൂരു : ഇന്ത്യൻ പ്രീമിയർ ലീഗില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി ഡെത്ത് ഓവറിൽ ബൗൾ ചെയ്‌തത് കരിയറില്‍ നിര്‍ണായകമായതായി ഇന്ത്യന്‍ പേസർ ഹർഷൽ പട്ടേൽ. ആർസിബി പോഡ്‌കാസ്റ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ പ്രതികരണം.
2020 സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഭാഗമായിരുന്ന ഹര്‍ഷല്‍ കഴിഞ്ഞ (2021) സീസണിലാണ് ആര്‍സിബിയിലെത്തുന്നത്. ഡല്‍ഹി തന്നെ വില്‍പ്പന നടത്തിയത് ആശ്ചര്യപ്പെടുത്തിയെന്നും താരം പറഞ്ഞു.
'ഐപിഎൽ കരിയറിന്‍റെ പ്രാരംഭത്തില്‍ ആറ് വർഷം ആർസിബിയിലും പിന്നീട് മൂന്ന് വർഷം ഡൽഹി ക്യാപിറ്റൽസിലുമായാണ് ചിലവഴിച്ചത്. പിന്നീട് അവർ എന്നെ ട്രേഡ് ചെയ്തു. ഇക്കാര്യത്തില്‍ ഞാൻ വളരെ ആശ്ചര്യപ്പെട്ടിരുന്നു, കാരണം ഡല്‍ഹി എന്നെ ഒരു ബാക്കപ്പ് ഓപ്ഷനായി നിലനിർത്തുമെന്നാണ് ഞാൻ വിശ്വസിച്ചിരുന്നത്' - ഹര്‍ഷല്‍ പറഞ്ഞു.
'അവർ എന്നെ പോകാൻ അനുവദിക്കുമെന്ന് ഞാൻ കരുതിയില്ല. പക്ഷേ ഭാഗ്യവശാൽ, എന്നെ പോകാൻ അനുവദിക്കാൻ അവർ തീരുമാനിച്ചു. എന്നെ ടീമിന്‍റെ ഭാഗമാക്കുന്നതില്‍ ആർസിബിക്ക് വളരെയധികം താല്‍പര്യമുണ്ടായിരുന്നുവെന്നാണ് ഞാന്‍ കേട്ടത്. ആര്‍സിബിയില്‍ എനിക്ക് ഒരു ഡെത്ത് ബൗളറുടെ റോൾ ലഭിച്ചു. അത് എന്‍റെ കരിയറിനെ മാറ്റിമറിച്ചു' - ഹര്‍ഷല്‍ കൂട്ടിച്ചേര്‍ത്തു.
also read: ചാമ്പ്യൻസ് ലീഗ് : ഇന്‍റര്‍ X ലിവര്‍പൂള്‍, സാൽസ്ബർഗ് X ബയേണ്‍ ; ഇന്നും വമ്പൻ പോരാട്ടങ്ങൾ
അതേസമയം, 2022ലെ ഐപിഎൽ മെഗാ ലേലത്തിൽ ഹർഷൽ പട്ടേലിനെ ആർസിബി വീണ്ടും ടീമിലെത്തിച്ചിട്ടുണ്ട്. 10.75 കോടി രൂപയ്‌ക്കാണ് ഹർഷൽ ആര്‍സിബിയിലെത്തിയത്.