ന്യൂഡൽഹി: വിരാട് കോലിയും രോഹിത് ശർമ്മയും തമ്മിൽ അസ്വാരസ്യങ്ങളുണ്ടെന്ന വാർത്തകൾ തള്ളിക്കളഞ്ഞ് ഇന്ത്യൻ മുൻ നായകൻ സുനിൽ ഗവാസ്‌കർ. കോലി നായകനായാലും, രോഹിതിന് കീഴിൽ കളിച്ചാലും, മറ്റാരുടെ കീഴിൽ കളിച്ചാലും റണ്‍സ് നേടുമെന്ന് ഗവാസ്‌കർ പറഞ്ഞു. നായക സ്ഥാനത്ത് നിന്ന് മാറിയ ഒരാൾക്ക് പുതിയ നായകൻ വിജയിക്കുന്നത് ഇഷ്‌ടമല്ല എന്ന ധാരണ ശരിയല്ലെന്നും ഗവാസ്‌കർ പറഞ്ഞു.
നായകസ്ഥാനം ഒഴിയുന്ന ഒരാൾക്ക് പുതിയ നായകൻ വിജയിക്കുന്നതിനോട് താൽപര്യമുണ്ടാകില്ല എന്നൊരു ധാരണ എല്ലാവർക്കുമുണ്ട്. അത് തെറ്റാണ്. പുതിയ ക്യാപ്‌റ്റനുകീഴിൽ ടീം വിജയിക്കാതിരിക്കാൻ തന്‍റെ പ്രകടനം ഏതെങ്കിലും താരം മോശമാക്കുമോ. സ്വന്തം പ്രകടനം മോശമായാൽ അയാൾ എങ്ങനെയാണ് ടീമിൽ തുടരുക, ഗവാസ്‌കർ ചോദിച്ചു.
ALSO READ: Ronaldo: 400 മില്യണ്‍! ഇൻസ്റ്റഗ്രാമിൽ 40 കോടി ഫോളോവേഴ്‌സുള്ള ആദ്യ വ്യക്‌തിയായി റൊണാൾഡോ
ഒരു ടീമിലെ മികച്ച രണ്ട് താരങ്ങളെക്കുറിച്ച് യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നത് കൊണ്ട് എന്താണ് ഗുണം. വിശ്വസനീയമായ സ്രോതസ്സുകൾ പ്രകാരം, ആരോപണം, എന്നുമൊക്കെ പറഞ്ഞാണ് പലരും ഇങ്ങനെ ഓരോന്ന് അടിച്ചിറക്കുന്നു. എന്നാൽ ഇതിൽ ഒരു യാഥാർഥ്യവും ഇല്ല. സത്യം എന്തെന്ന് അറിയാവുന്നവർ ഇത് അവഗണിക്കുന്നു. അതാണ് പതിവ്, ഗവാസ്‌കർ കൂട്ടിച്ചേർത്തു.