ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തില്‍ സെഞ്ചുറി നേടിയ വിരാട് കോലി ഇതിഹാസ താരം സച്ചിന്‍ ടെൻഡുല്‍ക്കറുടെ ഒരപൂര്‍വ റെക്കോഡിനൊപ്പവുമെത്തിയിരുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം ഏകദിന സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്‍റെ റെക്കോഡിനൊപ്പമാണ് കോലിയെത്തിയത്. ഇന്ത്യയില്‍ 20 ഏകദിന സെഞ്ചുറികളാണ് ഇരുവരും നേടിയത്.
സ്വന്തം മണ്ണില്‍ ഇനി ഒരു സെഞ്ചുറി കൂടി നേടിയാല്‍ കോലിക്ക് സച്ചിനെ മറികടക്കാനാവും. ഇതിന് പിന്നാലെ കോലിയും സച്ചിനും തമ്മിലുള്ള താരതമ്യം ആരാധകരുടെയും വിദഗ്ധരുടെയും ഇടയില്‍ പൊടിപൊടിക്കുകയാണ്. എന്നാല്‍ ഇരുവരേയും തമ്മില്‍ താരതമ്യം ചെയ്യുന്നത് നിരര്‍ഥകമാണെന്നാണ് ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീര്‍ പറയുന്നത്.
നിയമങ്ങള്‍ മാറി: വ്യത്യസ്ത കാലഘട്ടങ്ങളിലെ കളിക്കാരെ താരതമ്യപ്പെടുത്തുന്ന ആശയത്തോട് തനിക്ക് യോജിപ്പിപ്പില്ലെന്ന് ഗംഭീര്‍ പ്രതികരിച്ചു. ഒരു ചാനല്‍ ചര്‍ച്ചയിലാണ് ഗംഭീറിന്‍റെ പ്രതികരണം. കാലത്തിനനുസരിച്ച് ക്രിക്കറ്റ് നിയമങ്ങളില്‍ ഏറെ മാറ്റം വന്നതായും ഗംഭീര്‍ ചൂണ്ടിക്കാട്ടി.
"സത്യസന്ധമായി പറഞ്ഞാല്‍ ഇത് റെക്കോഡുകളെ കുറിച്ചല്ല, ഏകദിനത്തില്‍ സച്ചിനേക്കാള്‍ കൂടുതല്‍ സെഞ്ചുറി നേടാന്‍ കോലിക്ക് കഴിയും. നിയമങ്ങള്‍ ഏറെ മാറിയിട്ടുണ്ട്. രണ്ട് കാലഘട്ടത്തെ നിങ്ങള്‍ക്ക് താരതമ്യം ചെയ്യാനാവില്ല.
ഒരു ന്യൂബോള്‍ മാത്രമുണ്ടായിരുന്ന കാലഘട്ടത്തെ രണ്ട് ന്യൂബോളുകളും സര്‍ക്കിളിനകത്ത് അഞ്ച് ഫീൽഡർമാരുള്ള കാലഘട്ടങ്ങളെ താരതമ്യം ചെയ്യുന്നത് ശരിയല്ല. എന്നാൽ കോലി ഈ ഫോർമാറ്റിൽ ഒരു മാസ്റ്ററാണ്, മാത്രമല്ല ഇത്രയും കാലം അദ്ദേഹം അത് കാണിച്ചു തരികയും ചെയ്‌തു". ഗംഭീര്‍ പറഞ്ഞു.
കോലി സച്ചിനെ മറികടക്കും: ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കറും ചര്‍ച്ചയുടെ ഭാഗമായിരുന്നു. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന സച്ചിന്‍റെ റെക്കോഡ് കോലി മറികടക്കുമെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്ന് സഞ്ജയ് മഞ്ജരേക്കര്‍ പ്രതികരിച്ചു. സച്ചിനൊപ്പമെത്താന്‍ ഇനി നാല് സെഞ്ചുറികള്‍ മാത്രമാണ് കോലിക്ക് വേണ്ടത്.
ഒന്നര വര്‍ഷത്തിനുള്ളില്‍ കോലിക്ക് അതിന് കഴിയുമെന്നും ലോകകപ്പ് വര്‍ഷത്തില്‍ താരത്തിന് കൂടുതല്‍ തിളങ്ങാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏകദിനത്തില്‍ തന്‍റെ 45ാം സെഞ്ചുറിയാണ് കോലി ഗുവാഹത്തിയില്‍ നേടിയത്. 49 ഏകദിന സെഞ്ചുറികളാണ് സച്ചിന്‍റെ പട്ടികയിലുള്ളത്.
അതേസമയം മത്സരത്തില്‍ ഇന്ത്യ 67 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് സ്വന്തമാക്കിയിരുന്നു. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യ ഇന്ത്യ 50 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 373 റണ്‍സാണ് നേടിയത്. വിരാട് കോലിയുടെ സെഞ്ചുറി പ്രകടനമാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ നട്ടെല്ല്.
87 പന്തില്‍ 12 ഫോറുകളും ഒരു സിക്‌സും സഹിതം 113 റണ്‍സാണ് കോലി അടിച്ച് കൂട്ടിയത്. മറുപടിക്കിറങ്ങിയ ശ്രീങ്കയ്‌ക്ക് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സെഞ്ചുറി നേടി പുറത്താവാതെ നിന്ന നായകന്‍ ദാസുന്‍ ഷനകയുടെ പോട്ടമാണ് ലങ്കയുടെ തോല്‍വി ഭാരം കുറച്ചത്.
ഇന്ത്യയ്‌ക്കായി ഉമ്രാന്‍ മാലിക്ക് മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. വിജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. 12ന് കൊല്‍ക്കത്തയിലും 15ന് തിരുവനന്തപുരത്തുമായാണ് രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ നടക്കുക.
ALSO READ: Watch : പാതിയില്‍ നിന്ന് തിരിച്ചയച്ച് ഹാര്‍ദിക് ; കലിപ്പിച്ച് വിരാട് കോലി