ന്യൂഡല്‍ഹി: കരിയറിലെ ഏറ്റവും മോശം ഫോമിലൂടെ കടന്ന് പോവുകയായിരുന്ന ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി ഏഷ്യ കപ്പ് ക്രിക്കറ്റിലൂടെ ഗംഭീര തിരിച്ച് വരവാണ് നടത്തിയത്. ഏഷ്യ കപ്പ് സൂപ്പര്‍ ഫോറില്‍ അഫ്‌ഗാനിസ്ഥാനെതിരായ മത്സരത്തില്‍ സെഞ്ചുറി പ്രകടനവുമായി തിളങ്ങാന്‍ കോലിക്ക് കഴിഞ്ഞിരുന്നു. മൂന്ന് വര്‍ഷം നീണ്ട ഇടവേളയ്‌ക്ക് ശേഷമായിരുന്നു കോലിയുടെ സെഞ്ചുറി നേട്ടം.
വിരാട് കോലിയുടെ സ്ഥാനത്ത് മറ്റേതൊരു ബാറ്ററായിരുന്നാലും ഇപ്പോള്‍ ടീമില്‍ പോലും ഉണ്ടാകില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം ഗൗതം ഗംഭീര്‍. മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാത്തതിനെ തുടർന്ന് ആര്‍ അശ്വിൻ, അജിങ്ക്യ രഹാനെ, രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവര്‍ പുറത്തിരുന്നിട്ടുണ്ട്. എന്നാല്‍ ഒരുപാട് റണ്‍സ് മുന്‍പ് നേടിയതിനാലാണ് കോലിക്ക് ഇത്രയും കാലം അതിജീവിക്കാൻ സാധിച്ചതെന്നും ഗംഭീര്‍ പറഞ്ഞു.
"ഇത് മൂന്ന് മാസമല്ല, മൂന്ന് വർഷമാണെന്ന് നിങ്ങൾ മനസിലാക്കണം. മൂന്ന് വർഷം എന്നത് വളരെ നീണ്ട കാലയളവാണ്. അവനെ വിമർശിക്കാനല്ല ഞാൻ ശ്രമിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഒരുപാട് റണ്‍സ് നേടാന്‍ കഴിഞ്ഞതുകൊണ്ടാണ് അവന് അതിന് സാധിച്ചത്.
മൂന്ന് വർഷത്തിനിടയിൽ സെഞ്ചുറി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ യുവതാരങ്ങളിൽ ആരെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ അതിജീവിക്കുമായിരുന്നുവെന്ന് ഞാൻ കരുതുന്നില്ല," ഗംഭീര്‍ പറഞ്ഞു. കോലിയുടെ സെഞ്ചുറി നേട്ടം ശരിയായ സമയത്താണെന്നും ഗംഭീര്‍ വ്യക്തമാക്കി.
"എന്നായിരുന്നാലും ഇത് സംഭവിക്കുമായിരുന്നു. കൃത്യസമയത്ത് തന്നെയാണ് കോലിയുടെ സെഞ്ചുറിയുണ്ടായത്. ടി20 ലോകകപ്പ് അടുത്തിരിക്കുന്ന സമയമാണിത്. ഇപ്പോള്‍ അവന്‍റെ ആത്മവിശ്വാസം ഉയര്‍ന്നിട്ടുണ്ട്.
സത്യസന്ധമായി പറഞ്ഞാല്‍, മൂന്ന് വര്‍ഷം ഒരു സെഞ്ചുറി പോലും നേടാതെ ഇന്ത്യന്‍ ടീമിന്‍റെ ഡ്രെസ്സിങ് റൂമില്‍ ഒരു താരത്തിനും തുടരാനാകില്ല. അശ്വിന്‍, രഹാനെ, രോഹിത്, കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമിന് പുറത്തിരുന്നിട്ടുണ്ട്.
മൂന്ന് വര്‍ഷം സെഞ്ചുറി നേടാതെ ടീമില്‍ തുടര്‍ന്ന മറ്റൊരു താരത്തേയും എനിക്കറിയില്ല. അതു കോലി മാത്രമാണ്, പക്ഷെ അതവന്‍ നേടിയെടുത്തതാണ്," ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.