കറാച്ചി: 2011ലെ ഏകദിന ലോകകപ്പ് വിജയം ഇന്ത്യയുടെ ക്രിക്കറ്റ് ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ എഴുതപ്പെട്ടതാണ്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം ചൂടിയത്. എന്നാല്‍ ഫൈനല്‍ മത്സരത്തിനെക്കാള്‍ ചിരവൈരികളായ പാകിസ്ഥാനെതിരായ സെമി ഫൈനലായിരുന്നു ഇന്ത്യയ്‌ക്ക് യഥാർഥ വെല്ലുവിളി.
മൊഹാലിയിൽ നടന്ന മത്സരത്തില്‍ പാക്കിസ്ഥാനെ 29 റൺസിന് തോല്‍പ്പിച്ചായിരുന്നു ആതിഥേയരായ ഇന്ത്യ ഫൈനലിൽ കടന്നത്. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 260 റണ്‍സാണ് നേടിയിരുന്നത്. 85 റണ്‍സ് നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
മറുപടിക്കിറങ്ങിയ പാകിസ്ഥാനെ 231 റണ്‍സിലൊതുക്കാനും ഇന്ത്യയ്‌ക്കായി. സഹീര്‍ ഖാന്‍, ആശിഷ് നെഹ്‌റ, മുനാഫ് പട്ടേല്‍, ഹര്‍ഭജന്‍ സിങ്, യുവരാജ് സിങ് എന്നിവരുടെ രണ്ട് വിക്കറ്റ് പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്.
ഓര്‍മകള്‍ വേട്ടയാടുന്നു: മൊഹാലിയിൽ നടന്ന ആ സെമി ഫൈനലിന്‍റെ ഓർമ ഇപ്പോഴും തന്നെ വേട്ടയാടുന്നുവെന്നാണ് പാകിസ്ഥാൻ മുൻ പേസർ ഷോയിബ് അക്തർ പറയുന്നത്. ഫിറ്റ്‌നസില്ലെന്ന കാരണം പറഞ്ഞ് മത്സരത്തില്‍ അക്തറിനെ ടീം മാനേജ്‌മെന്‍റ് കളിപ്പിച്ചിരുന്നില്ല. എന്നാല്‍ മത്സരത്തില്‍ താന്‍ കളിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് അക്തര്‍ ഉറച്ച് വിശ്വസിക്കുന്നത്. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായ സച്ചിനെ തുടക്കത്തില്‍ തന്നെ പുറത്താക്കാന്‍ തനിക്ക് കഴിയുമായിരുന്നുവെന്നാണ് അക്തര്‍ പറയുന്നത്.
ഇന്ത്യ സമ്മര്‍ദത്തിലായിരുന്നു: 'മൊഹാലിയിലെ ആ ഓർമ്മ എന്നെ വേട്ടയാടുന്നു, 2011 ലോകകപ്പ് സെമി ഫൈനൽ. അവർ എന്നെ കളിപ്പിക്കണമായിരുന്നു. എന്നാല്‍ മാനേജ്‌മെന്‍റ് അതിന് തയ്യാറായില്ല. അത് തികച്ചും അന്യായമാണ്. രണ്ട് മത്സരങ്ങൾ മാത്രമേ എനിക്ക് ശേഷിക്കുന്നുള്ളൂ എന്നും എനിക്ക് അറിയാമായിരുന്നു. വാങ്കഡെയിൽ പാകിസ്ഥാൻ പതാക ഉയർത്തിപ്പിടിച്ച് ടീം ഫൈനൽ കളിക്കണം എന്നായിരുന്നു ഞാന്‍ ആഗ്രഹിച്ചിരുന്നത്. മുഴുവൻ രാജ്യവും മാധ്യമങ്ങളും ഉറ്റുനോക്കുമ്പോള്‍, ഇന്ത്യ കടുത്ത സമ്മർദത്തിലാണെന്നും എനിക്കറിയാമായിരുന്നു', അക്തര്‍ ഓര്‍ത്തെടുത്തു.
സച്ചിനും സെവാഗും പുറത്തായാല്‍ ഇന്ത്യ തകരും: 'ഞാൻ അയോഗ്യനാണെന്ന് അവർ എന്നോട് പറഞ്ഞു. എന്നാല്‍ പരിശീലന സമയത്ത് നേരിട്ടുള്ള എട്ട് ഓവറുകളാണ് ഞാന്‍ എറിഞ്ഞത്. ഞാൻ ആ മത്സരം കളിച്ചാൽ, അനന്തരഫലം എന്തായിരുന്നാലും, എന്‍റെ കാല് ഒടിഞ്ഞാലും, ഞാൻ സച്ചിനെയും സെവാഗിനെയും പുറത്താക്കുമായിരുന്നു.
സച്ചിനെയും സെവാഗിനെയും നേരത്തെ പുറത്താക്കിയാൽ ഇന്ത്യ തകരുമെന്നും എനിക്കറിയാമായിരുന്നു. ഡഗ് ഔട്ടിൽ നിന്ന് പാകിസ്ഥാന്‍ തോല്‍ക്കുന്നത് കണ്ടപ്പോള്‍ ശരിക്കും വേദനിച്ചു. എന്നാല്‍ ഞാൻ കരയുന്ന ആളല്ല', ഷോയിബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.