ലണ്ടൻ : ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ഐസിസിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഉപേക്ഷിച്ച മത്സരത്തിന്‍റെ അന്തിമ ഫലം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇബിസി ഐസിസിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യൻ കോച്ച് രവി ശാസ്ത്രി ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് ബാധിച്ചതിനാൽ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് മത്സരം മാറ്റിവെച്ചത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചതിനാൽ ഐസിസിയുടെ തര്‍ക്ക പരിഹാര സമിതിയാണ് (ഡിആര്‍സി) ഇനി മാഞ്ചസ്റ്റര്‍ ടെസ്റ്റിന്‍റെ വിധി തീരുമാനിക്കുക. കൊവിഡ് കാരണം ടെസ്റ്റ് നടത്താൻ കഴിയാത്ത സാഹചര്യം മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നുവെന്ന് ഐസിസിക്ക് ബോധ്യപ്പെടണം. അങ്ങനെയാണെങ്കിൽ മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും.
എന്നാൽ ടെസ്റ്റ് ഉപേക്ഷിക്കാന്‍ ഇന്ത്യ നല്‍കിയ കാരണങ്ങള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ബോധ്യപ്പെട്ടാൽ മത്സരത്തിൽ ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിക്കും. അങ്ങനെയെങ്കിൽ പരമ്പര 2-2 എന്ന നിലയിൽ സമനിലയിൽ പിരിയും.
ALSO READ: ധോണിയെ ഉപദേശകനാക്കിയത് എന്തിനെന്ന് മനസിലാകുന്നില്ല ; വിമർശനവുമായി അജയ് ജഡേജ
മുഖ്യ പരിശീലകന്‍ രവി ശാസ്‌ത്രിക്കാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ചത്. ഓവല്‍ ടെസ്റ്റിന്‍റെ നാലാം ദിനത്തിലെ മത്സരം ആരംഭിക്കുന്നതിന് മുമ്പാണ് ബിസിസിഐ ഇക്കാര്യം അറിയിച്ചത്. പിന്നാലെ ബൗളിങ് പരിശീലകന്‍ ഭരത് അരുണ്‍, ഫീല്‍ഡിങ് പരിശീലകന്‍ ആര്‍ ശ്രീധര്‍, ജൂനിയർ ഫിസിയോ യോഗേഷ് പർമാർ എന്നിവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.