ഹാങ്‌ചോ: മത്സരത്തിലാകെ നേരിട്ടത് പത്ത് പന്തുകൾ. ഇതിൽ എട്ട് പന്തുകളും സിക്‌സർ പറത്തി ക്രിക്കറ്റ് ലോകത്തെ വിസ്‌മയിപ്പിച്ചിരിക്കുകയാണ് നേപ്പാൾ ബാറ്റർ ദീപേന്ദ്ര സിങ് ഐറി. ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ മംഗോളിയയ്‌ക്കെതിരായ മത്സരത്തിലാണ് നേപ്പാൾ താരത്തിന്‍റെ മാസ്‌മരിക പ്രകടനം. ഈ വെടിക്കെട്ടിന് മുന്നിൽ സാക്ഷാൽ യുവ്‌രാജ് സിങ്ങിന്‍റെ 16 വർഷം പഴക്കമുള്ള റെക്കോഡാണ് തകർന്നടിഞ്ഞത്.
9 പന്തിൽ 50 കടന്ന ദീപേന്ദ്ര സിങ് ഐറി ട്വന്‍റി-20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർധസെഞ്ച്വറിയാണ് കുറിച്ചത് (Fastest T20 Fifty By Dipendra Singh Airee). ഗാംങ്ഷൂവിലെ ചെറിയ ഗ്രൗണ്ടാണ് താരത്തിന്‍റെ വെടിക്കെട്ടിന് തുണയായത്. 2007 ട്വന്‍റി ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ 12 പന്തില്‍ യുവ്‌രാജ് നേടിയ അർധസെഞ്ച്വറി ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്.
നേപ്പാൾ നിരയിൽ അഞ്ചാമനായി ബാറ്റിങ്ങിനെത്തിയ ഐറി 10 പന്തില്‍ 52 റണ്‍സാണ് നേടിയത്. 19-ാം ഓവറിന്‍റെ ആദ്യ പന്തില്‍ രോഹിത് പൗഡേൽ പുറത്തായതോടെ ക്രീസിലെത്തിയ ഐറി ശേഷിക്കുന്ന അഞ്ച് പന്തുകളും സിക്‌സർ പായിച്ചാണ് വരവറിയിച്ചത്. അവസാന ഓവറിൽ മൂന്ന് സിക്‌സറുകൾ നേടിയാണ് താരം അർധ സെഞ്ച്വറിയിലെത്തിയത്.
റെക്കോഡ് മഴ: ഏറ്റവും വേഗമേറിയ അർധസെഞ്ച്വറി പിറന്ന മത്സരത്തിൽ രണ്ട് റെക്കോഡുകൾക്കും ക്രിക്കറ്റ് ലോകം സാക്ഷിയായി. ട്വന്‍റി-20 ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം സ്‌കോറും ഈ മത്സരത്തിൽ പിറന്നു. ദീപേന്ദ്ര സിങ് ഐറിയ്‌ക്ക് പുറമെ കുശാല്‍ മല്ലയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്‍റെ മികവിൽ മംഗോളിയക്കെതിരെ മൂന്ന് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 314 റണ്‍സാണ് നേപ്പാള്‍ അടിച്ചെടുത്തത്.
50 പന്തിൽ എട്ട് സിക്‌സറുകളും 12 ഫോറുകളും അടക്കം പുറത്താകാതെ 137 റൺസാണ് കുശാൽ മല്ല നേടിയത്. 34 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കുശാൽ ടി-20 ക്രിക്കറ്റിലെ വേഗമേറിയ സെഞ്ച്വറിയും സ്വന്തം പേരിലാക്കി. ഡേവിഡ് മില്ലര്‍ (35 പന്ത്), രോഹിത് ശര്‍മ (35), ചെക്ക് റിപ്പബ്ലിക്കിന്‍റെ എസ് വിക്രമശേഖര (35) എന്നിവരുടെ റെക്കോഡാണ് മല്ല തകര്‍ത്തത്. 27 പന്തില്‍ 61 റണ്‍സെടുത്ത നായകൻ രോഹിത് പൗഡേലിന്‍റെ പ്രകടനവും സ്‌കോറിങ്ങിൽ നിർണായകമായി.
ടോസ് നഷ്‌ടമായി ബാറ്റിങ്ങിനിറങ്ങിയ നേപ്പാള്‍ മംഗോളിയൻ ബൗളർമാരെ നിലം തൊടാൻ അനുവദിച്ചില്ല. തുടക്കത്തിൽ വലിയ ആക്രമണ ക്രിക്കറ്റ് പുറത്തെടുത്തില്ലെങ്കിലും നാലാമനായി കുശാൽ മല്ല ക്രീസിലെത്തിയതോടെയാണ് കളി മാറിയത്. ഗാംങ്ഷൂവിലെ ചെറിയ ഗ്രൗണ്ടിൽ മംഗോളിയൻ ബോളർമാരെ നിർഭയം നേരിട്ട മല്ല - പൗഡേല്‍ സഖ്യം നിരന്തരം ബൗണ്ടറി പായിച്ചതോടെ കാര്യങ്ങള്‍ മാറി. ഇരുവരും നാലാം വിക്കറ്റില്‍ 193 റണ്‍സാണ് നേപ്പാൾ സ്‌കോർബോർഡിൽ കൂട്ടിചേര്‍ത്തത്.
മംഗോളിയന്‍ ബോളര്‍മാരില്‍ രണ്ട് ഓവര്‍ മാത്രം പന്തെറിഞ്ഞ മന്‍ഗന്‍ അല്‍റ്റന്‍ഖുഗയ് 55 റണ്‍സാണ് വഴങ്ങിയത്. ദേവാസുരന്‍ ജമ്യാന്‍സുരന്‍ നാല് ഓവറില്‍ 60 റണ്‍സ് വിട്ടുകൊടുത്തപ്പോൾ തുമുര്‍സുഖ് തര്‍മങ്ക് മൂന്ന് ഓവറില്‍ 55 റണ്‍സാണ് നല്‍കിയത്.