ദുബായ് : ഐപിഎൽ രണ്ടാം പാദം സെപ്‌റ്റംബർ 19ന് ചെന്നൈ സൂപ്പർ കിങ്സ്- മുംബൈ ഇന്ത്യൻസ് മത്സരത്തോടെയാണ് ആരംഭിക്കുന്നത്. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ പ്രധാന താരങ്ങളുടെ അഭാവം ചെന്നൈക്ക് തലവേദനയാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.
ആദ്യ പാദത്തിൽ ടീമിനായി മികച്ച പ്രകടനം കാഴ്‌ചവെച്ച ഫാഫ് ഡു പ്ലസിസ്, സാം കറൻ എന്നിവർ ആദ്യമത്സരത്തിൽ കളിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ.
ഇംഗ്ലണ്ടിൽ നിന്ന് കഴിഞ്ഞ ദിവസം ദുബായിൽ എത്തിച്ചേർന്ന സാം കറന്‍റെ ക്വാറന്‍റൈൻ കാലാവധി 19ന് അവസാനിക്കില്ലെന്നാണ് റിപ്പോർട്ടുകൾ. അങ്ങനെയെങ്കില്‍ ആദ്യ മത്സരത്തിൽ താരത്തിന് പങ്കെടുക്കാൻ കഴിയില്ല.
കൂടാതെ പ്രധാന താരങ്ങളായ ഫാഫ് ഡു പ്ലസിസ്, ഡ്വെയിന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവർ ഇനിയും ടീമിനൊപ്പം ചേർന്നിട്ടില്ല.
കരിബീയന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ഈ താരങ്ങള്‍ അവിടെ ബബിള്‍ സോണിലായിരുന്നതിനാല്‍ ബബിള്‍ ടു ബബിള്‍ ട്രാന്‍സ്ഫറിലൂടെ ടീമിനോടൊപ്പം ചേരാന്‍ സാധിക്കും. അതിൽ തന്നെ ഇവർക്ക് യുഎഇയിലെ ക്വറന്‍റൈൻ നിയമം ബാധകമായേക്കില്ല.
ALSO READ: തീപാറും യോർക്കറുകൾ ഇനിയില്ല ; ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലസിത് മലിംഗ
എന്നാൽ ഡു പ്ളസിസിന്‍റെ പരിക്കാണ് മറ്റൊരു പ്രധാന പ്രശ്‌നം. സിപിഎല്ലിൽ കളിക്കുന്നതിനിടെ തുടയിലെ പേശികൾക്ക് പരിക്കേറ്റ താരം ഇതുവരെയും മത്സര രംഗത്തേക്ക് മടങ്ങിയെത്തിയിട്ടില്ല.
താരത്തിന് പരിക്ക് ഭേദമാവാൻ എത്ര ദിവസം വേണ്ടിവരും എന്നതിലും ഇതുവരെയും കൃത്യമായൊരു ഉത്തരം കിട്ടിയിട്ടില്ല. അതിനാൽ തന്നെ ഡു പ്ലസിസിനും ആദ്യ മത്സരം കളിക്കാൻ സാധിക്കില്ല എന്നാണ് വിവരം.