ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പതിനൊന്ന് സീസണുകൾക്കിടെ നിരവധി താരങ്ങളാണ് ഒരു ഫ്രാഞ്ചൈസിയില്‍ നിന്ന് മറ്റ് ഫ്രാഞ്ചൈസികളിലേക്ക് കളം മാറ്റി ചവിട്ടിയത്. മൂന്ന് വർഷത്തിനുള്ളില്‍ ടീം മാറുന്നത് ഒരു ട്രെൻഡായി മാറിയിട്ടുമുണ്ട്.
ഐപിഎല്ലിന്‍റെ ഇതുവരെയുള്ള സീസണുകളില്‍ വളരെ കുറച്ച് താരങ്ങൾ മാത്രമാണ് ഒരേ ഫ്രാഞ്ചൈസിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. ടീമിനെ വിജയത്തിലേക്ക് നയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന താരങ്ങൾ കൂടിയായത് കൊണ്ടാണ് ഇവരെ വിട്ടുകളയാൻ ഫ്രാഞ്ചൈസികൾ മടിക്കുന്നത്.
ഐപിഎല്ലിന്‍റെ ഇതുവരെയുള്ള എല്ലാ സീസണുകളിലും ഒരേ ടീമിന് വേണ്ടി കളിച്ച പ്രധാനപ്പെട്ട അഞ്ച് താരങ്ങൾ ഇവരാണ്.
#5 ഡേവിഡ് മില്ലർ (കിംഗ്സ് ഇലവൻ പഞ്ചാബ്)
2012 ഐപിഎല്‍ സീസണില്‍ ആറ് കോടി രൂപക്കാണ് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറിനെ കിംഗ്സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയത്. ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാനാണ് മില്ലർ. പഞ്ചാബിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ചവച്ച മില്ലർ 69 മത്സരങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറി ഉൾപ്പെടെ 1637 റൺസ് നേടി. അവസാന ഓവറുകളിലെ കൂറ്റനടികൾ കൊണ്ട് നിരവധി തവണ മില്ലർ പഞ്ചാബിനെ വിജയത്തിലേക്ക് എത്തിച്ചിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ 38 പന്തില്‍ നിന്ന് നേടിയ 101 റൺസ് അതിനുള്ള ഉദാഹരണമാണ്.
#4 ലസിത് മലിംഗ (മുംബൈ ഇന്ത്യൻസ്)
ഐപിഎല്ലിലെ ഏറ്റവും അപകടകാരിയായ ബൗളർമാരില്‍ മുൻപന്തിയില്‍ നില്‍ക്കുന്ന താരമാണ് ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ലസിത് മലിംഗ. 2008ലാണ് മലിംഗയെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കുന്നത്. 2017 വരെ ടീമിലെ മുഖ്യതാരങ്ങളിലൊരാളായിരുന്നു മലിംഗ. 2018 സീസണില്‍ മുംബൈ താരത്തെ ബൗളിങ് ഉപദേശകനായി ഒപ്പം നിർത്തി. എന്നാല്‍ 2019 സീസണിലെ താരലേലത്തില്‍ മലിംഗയെ മുംബൈ ഇന്ത്യൻസ് വീണ്ടും സ്വന്തമാക്കിയത് ആരാധകരെ ഞെട്ടിച്ചു. രണ്ടു കോടി രൂപക്കാണ് മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെത്തിച്ചത്. യോർക്കറുകൾ എറിയാനുള്ള മലിംഗയുടെ കഴിവാണ് മുംബൈ ഇന്ത്യൻസിനെ മൂന്നു തവണ കിരീടം സ്വന്തമാക്കാൻ സഹായിച്ചത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകൾ കരസ്ഥമാക്കിയ താരവും മലിംഗയാണ്. 110 മത്സരങ്ങളില്‍ നിന്ന് 154 വിക്കറ്റുകളാണ് മലിംഗ വീഴ്ത്തിയത്. താരത്തിനെ കൈവിടാതെ മുംബൈ മുറുക്കെപ്പിടിച്ചിരിക്കുന്നതിന്‍റെ കാരണവും ഇത് തന്നെ.
#3 സുനില്‍ നരെയ്ൻ (കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്)
ഇന്ത്യൻ പ്രീമിയർ ലീഗില്‍ ലോകോത്തര ബാറ്റ്സ്മാന്മാർ പോലും നേരിടാൻ ബുദ്ധിമുട്ടിയിരുന്ന സ്പിന്നറായിരുന്നു സുനില്‍ നരെയ്ൻ. വ്യത്യസ്തത നിറഞ്ഞ ബൗളിങ് ആക്ഷനും പന്തുകളുമാണ് നരെയ്നെ മികച്ച ബൗളറാക്കിയത്. 2012ല്‍ ഏകദേശം അഞ്ച് കോടി രൂപക്കാണ് നരെയ്നെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. വാങ്ങിയ കാശിനൊത്ത പ്രകടനമാണ് താരം എല്ലാ സീസണിലും കാഴ്ചവച്ചതും. 98 മത്സരങ്ങളില്‍ നിന്നും 112 വിക്കറ്റുകളാണ് നരെയ്ൻ സ്വന്തമാക്കിയത്. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്ന നരെയ്നെ ടീമില്‍ നിലനിർത്താൻ കൊല്‍ക്കത്ത തീരുമാനിച്ചത് മികച്ച തീരുമാനങ്ങളില്‍ ഒന്നാണ്.
#2 കീറോൺ പൊള്ളാർഡ് (മുംബൈ ഇന്ത്യൻസ്)
ഐപിഎല്ലിലെ ഏറ്റവും ചൂടേറിയ താരമാണ് വെസ്റ്റ് ഇൻഡീസിന്‍റെ കീറോൺ പൊള്ളാർഡ്. ശക്തമായ ബാറ്റിങ് പ്രകടനവും മികച്ച ബൗളിങും തകർപ്പൻ ഫീല്‍ഡിങും കൂടിയായപ്പോൾ പൊള്ളാർഡ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളിലൊരാളായി. 2010ല്‍ അഞ്ചരകോടിയോളം രൂപക്കാണ് മുംബൈ ഇന്ത്യൻസ് പൊള്ളാർഡിനെ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ തിളങ്ങാനായില്ലെങ്കിലും ഇതുവരെ ടീമിന് ചെയ്ത സേവനങ്ങൾ കണക്കിലെടുത്ത് മുംബൈ ഇന്ത്യൻസ് പൊള്ളാർഡിനെ ടീമില്‍ നിലനിർത്തുകയായിരുന്നു. 132 മത്സരങ്ങളില്‍ നിന്ന് 2476 റൺസും 70 വിക്കറ്റുകളും പൊള്ളാർഡ് ഇതുവരെ നേടി.
#1 വിരാട് കോഹ്ലി (റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂർ)
ഒരു ദശാബ്ദമായി ഇന്ത്യൻ പ്രീമിയർ ലീഗില്‍ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കുന്ന താരമാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ബാറ്റിങിലെ സാങ്കേതികത്വവും സാഹചര്യങ്ങൾക്ക് അനുസരിച്ച് ബാറ്റ് വീശാനുള്ള കഴിവും കോഹ്ലിയെ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാളാക്കി. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച നായകന്മാരിലൊരാളായിട്ടും റോയല്‍ ചലഞ്ചേഴ്സിന് വേണ്ടി കോഹ്ലിക്ക് ഐപിഎല്‍ കിരീടം ഉയർത്താനായിട്ടില്ല. ഐപിഎല്ലില്‍ ഇതുവരെ 163 മത്സരങ്ങൾ കളിച്ച കോഹ്ലി 38.35 ശരാശരിയില്‍ 4948 റൺസ് നേടിയിട്ടുണ്ട്. 2016 സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 973 റൺസ് സ്വന്തമാക്കാനും കോഹ്ലിക്ക് കഴിഞ്ഞു. ഇന്ത്യയുടെ നായകൻ, ലോകോത്തര ബാറ്റ്സ്മാൻ എന്നിങ്ങനെയുള്ള പട്ടങ്ങൾ കോഹ്ലിയുടെ കരിയറിലുള്ളിടത്തോളം കാലം കോലിയെ ആർസിബി കൈവിടില്ല.