ലണ്ടന്‍ : എലൈറ്റ് ക്രിക്കറ്റില്‍ ഈ നൂറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടി ഇംഗ്ലീഷ് താരം സാം നോർത്തീസ്റ്റ്. കൗണ്ടി ക്രിക്കറ്റിൽ ഗ്ലമോർഗനായി 410 റണ്‍സടിച്ച നോർത്തീസ്റ്റ് പുറത്താകാതെ നിന്നു. ലെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ 450 പന്തുകളില്‍ 45 ഫോറുകളും മൂന്ന് സിക്‌സറുകളുമടങ്ങുന്നതാണ് 32കാരനായ നോർത്തീസ്റ്റിന്‍റെ ഇന്നിങ്‌സ്.
ഇതോടെ 2004ൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റിൻഡീസിനായി ബ്രയാൻ ലാറ പുറത്താവാതെ നേടിയ 400 റൺസിന്‍റെ റെക്കോർഡാണ് തകര്‍ക്കപ്പെട്ടത്. അതേസമയം മത്സരത്തില്‍ ഗ്ലമോർഗന്‍ 5 വിക്കറ്റിന് 795 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു.
ഇതോടെ കൗണ്ടി ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറെന്ന ബ്രയാൻ ലാറയുടെ തന്നെ റെക്കോഡിന് വെല്ലുവിളിയാവാന്‍ നോർത്തീസ്റ്റിന് കഴിഞ്ഞില്ല. 1994ൽ വാർവിക്‌ഷെറിന് വേണ്ടി 501 റൺസ് നേടിയാണ് ലാറ റെക്കോഡിട്ടത്.
എലൈറ്റ് ക്രിക്കറ്റില്‍ എക്കാലത്തേയും ഉയർന്ന ഒൻപതാമത്തെ സ്കോര്‍ കൂടിയാണ് നോർത്തീസ്റ്റ് നേടിയത്. കൗണ്ടി ക്രിക്കറ്റിൽ ഒരു ഇന്നിങ്സിൽ 400 റൺസ് നേടുന്ന നാലാമത്തെ താരം കൂടിയാണ് നോർത്തീസ്റ്റ്. ലാറയ്ക്കും നോർത്തീസ്റ്റിനും പുറമെ ആർച്ചി മക്‌ലാരെൻ ( 1895ല്‍ 434 റണ്‍സ്), ഗ്രെയിം ഹിക്ക് ( 1988ല്‍ 405 റണ്‍സ്) എന്നിവരാണ് നിര്‍ണായക നാഴികക്കല്ല് പിന്നിട്ട താരങ്ങള്‍.