ലണ്ടൻ : ലോക ചാമ്പ്യൻമാരായ ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇംഗ്ലണ്ട്. പുതിയ പരിശീലകന്‍ ബ്രണ്ടൻ മക്കല്ലത്തിനും, ക്യാപ്റ്റന്‍ ബെൻ സ്റ്റോക്‌സിനും കീഴിലിറങ്ങിയ ഇംഗ്ലണ്ട് മൂന്ന് മത്സര പരമ്പരയില്‍ കിവീസിന് ഒരവസരവും നല്‍കാതെയാണ് സമ്പൂര്‍ണ വിജയം സ്വന്തമാക്കിയത്. ഇനി ഇന്ത്യയ്‌ക്കെതിരെയിറങ്ങുമ്പോഴും സമാന മനോഭാവം തുടരുമെന്നാണ് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെൻ സ്റ്റോക്‌സ് നല്‍കുന്ന മുന്നറിയിപ്പ്.
'ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ 3-0ന് പരമ്പര ജയിച്ചുള്ള തുടക്കം പ്രത്യേകതയുള്ളതാണ്. ഇന്ത്യയ്‌ക്ക് ഞങ്ങള്‍ വ്യത്യസ്തമായ എതിരാളികളായിരിക്കും. ന്യൂസിലാന്‍ഡിനെതിരായ കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ മികച്ച രീതിയില്‍ കളിക്കാന്‍ ഞങ്ങള്‍ക്കായി.
അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇന്ത്യയ്‌ക്കെതിരെ അത് തുടരാൻ ശ്രമിക്കുകയും ചെയ്യും. എതിരാളികൾ ആരാണ് എന്നത് ഞങ്ങൾക്ക് പ്രശ്‌നമല്ല. പരിശീലകൻ മക്കല്ലത്തോടൊപ്പം രൂപം നൽകിയ പുതിയ സമീപനവുമായി എല്ലാ താരങ്ങളും ഇഴുകിച്ചേരും എന്ന് അറിയാമായിരുന്നു. പക്ഷേ കാര്യങ്ങൾ ഇത്ര നന്നായി പരിണമിക്കുമെന്ന് കരുതിയില്ല' - ബെൻ സ്റ്റോക്‌സ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന അഞ്ച് ടെസ്റ്റ് പരമ്പരയില്‍ കൊവിഡ് മൂലം മാറ്റിവച്ച അവസാന മത്സരത്തിലാണ് ഇന്ത്യയും ഇംഗ്ലണ്ടും പോരടിക്കുക. വെള്ളിയാഴ്ച എഡ്‌ജ്ബാസ്റ്റനിലാണ് മത്സരത്തിന് തുടക്കമാവുക. പരമ്പരയിൽ നിലവിൽ ഇന്ത്യ 2-1ന് മുന്നിലാണ്.
കഴിഞ്ഞ വര്‍ഷം ഇന്ത്യയ്‌ക്കെതിരെ കളിച്ച ടീമിലെ ഒല്ലി പോപ്പ്, ജോ റൂട്ട്, ബെയർസ്റ്റോ, ജെയിംസ് ആൻഡേഴ്‌സൺ എന്നീ നാല് താരങ്ങള്‍ മാത്രമാണ് നിലവിലെ ടീമിലുള്ളത്. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ പരമ്പരയില്‍ നിന്നും ബെൻ സ്റ്റോക്‌സ് വിട്ടുനില്‍ക്കുകയായിരുന്നു.
also read: എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റ്; ഇന്ത്യക്കെതിരായ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
അതേസമയം ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് കിവീസിനെതിരായ പരമ്പരയ്‌ക്ക് മുന്നോടിയായി ബെൻ സ്റ്റോക്‌സ് ടീമിന്‍റെ ചുമതലയേറ്റെടുത്തത്. ഇതിനുമുന്നേ കളിച്ച 17 ടെസ്റ്റുകളില്‍ ഒരെണ്ണത്തിൽ മാത്രമാണ് ഇംഗ്ലണ്ടിന് ജയിക്കാൻ കഴിഞ്ഞത്.