വെല്ലിങ്‌ടണ്‍: ഇംഗ്ലണ്ടിനായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് യുവതാരം ഹാരി ബ്രൂക്ക് നടത്തുന്നത്. ന്യൂസിലൻഡിനെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ദിന സ്‌റ്റംപെടുക്കുമ്പോള്‍ 169 പന്തില്‍ 184 റണ്‍സുമായി 24കാരന്‍ പുറത്താവാതെ നില്‍ക്കുകയാണ്. ഇതോടെ ടെസ്റ്റിലെ തന്‍റെ ആദ്യ ഒമ്പത് ഇന്നിങ്‌സുകളില്‍ 800 റൺസ് പിന്നിടാനും ഇംഗ്ലീഷ് താരത്തിന് കഴിഞ്ഞു.
ടെസ്റ്റ് ക്രിക്കറ്റിന്‍റെ 145 വര്‍ഷത്തെ ചരിത്രത്തില്‍ മറ്റാര്‍ക്കും സ്വന്തമാക്കാന്‍ കഴിയാത്ത നേട്ടമാണിത്. ആദ്യ ഒമ്പത് ഇന്നിങ്‌സുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സെന്ന റെക്കോഡ് ഇതിന് മുന്നെ ഇന്ത്യയുടെ മുന്‍ താരം വിനോദ് കാംബ്ലിയുടെ പേരിലാണുണ്ടായിരുന്നത്. ഒമ്പത് ടെസ്റ്റ് ഇന്നിങ്‌സുകളില്‍ 798 റണ്‍സ് അടിച്ചാണ് വിനോദ് കാംബ്ലി റെക്കോഡിട്ടത്.
ഹെർബർട്ട് സട്ട്ക്ലിഫ് (ഒമ്പത് ഇന്നിങ്‌സില്‍ 780 റൺസ്), സുനിൽ ഗവാസ്‌കർ (ഒമ്പത് ഇന്നിങ്‌സില്‍ 778 റൺസ്), എവർട്ടൺ വീക്കസ് (ഒമ്പത് ഇന്നിങ്‌സില്‍ 777 റൺസ്) തുടങ്ങിയ ഇതിഹാസങ്ങളാണ് പിന്നിലുള്ളത്.
ഐപിഎല്ലിലും പൊന്നും വില: കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ വമ്പന്‍ തുകയാണ് ഹാരി ബ്രൂക്ക് നേടിയത്. ഇംഗ്ലീഷ് താരത്തിനായി 13.25 കോടി രൂപയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മുടക്കിയത്. അതേസമയം കിവീസിനെതിരെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ട് ഒന്നാം ദിനം മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 315 റണ്‍സാണ് നേടിയത്.
ഏഴാം ഓവര്‍ പിന്നിടുമ്പോഴേക്കും സംഘത്തിന് മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു. തുടര്‍ന്ന് ഒന്നിച്ച ജോറൂട്ടും ബ്രൂക്കും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ ട്രാക്കിലാക്കിയത്. 182 പന്തില്‍ 101 റണ്‍സ് നേടിയ റൂട്ടും ബ്രൂക്കിനൊപ്പം പുറത്താവാതെ നില്‍ക്കുകയാണ്.
ALSO READ: Watch: നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി; നിരാശയില്‍ ബാറ്റ് വലിച്ചെറിഞ്ഞ് ഹര്‍മന്‍പ്രീത് കൗര്‍