ലോര്‍ഡ്‌സ്: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. കിവീസ് ഉയര്‍ത്തിയ 277 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 78.5 ഓവറില്‍ 279 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. മുന്‍ നായകന്‍ ജോ റൂട്ടിന്‍റെ സെഞ്ചുറിക്കരുത്താണ് ഇംഗ്ലണ്ടിന് ആവേശ ജയമൊരുക്കിയത്.
170 പന്തില്‍ 115 റണ്‍സെടുത്ത റൂട്ട് പുറത്താവാതെ നിന്നു. നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്‍റെ അര്‍ധ സെഞ്ചുറിയും ടീമിന് മുതല്‍ക്കൂട്ടായി. 110 പന്തില്‍ 54 റണ്‍സാണ് സ്റ്റോക്‌സിന്‍റെ സമ്പാദ്യം. ബെന്‍ ഫോക്‌സ് (92 പന്തില്‍ 32) റൂട്ടിനൊപ്പം പുറത്താവാതെ നിന്ന് വിജയമുറപ്പിച്ചു.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കിവീസ് ഒന്നാം ഇന്നിങ്സില്‍ 40 ഓവറില്‍ 132 റണ്‍സില്‍ പുറത്തായിരുന്നു. ജയിംസ് ആന്‍ഡേഴ്‌സണിന്‍റേയും അരങ്ങേറ്റക്കാരന്‍ മാറ്റി പോട്ട്‌സിന്‍റെയും നാല് വിക്കറ്റ് പ്രകടനമാണ് കിവികളെ തകര്‍ത്തത്. 50 പന്തില്‍ 42 റണ്‍സെടുത്ത ഓള്‍റൗണ്ടര്‍ കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോമാണ് ഒന്നാം ഇന്നിങ്സില്‍ സംഘത്തിന്‍റെ ടോപ് സ്‌കോറര്‍.
മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 42.5 ഓവറില്‍ 141 റണ്‍സില്‍ അവസാനിച്ചു. 43 റണ്‍സെടുത്ത സാക്ക് ക്രൗലിയാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. ടിം സൗത്തി നാലും ട്രെന്‍ഡ് ബോള്‍ട്ട് മൂന്നും കെയ്‌ല്‍ ജാമീസണ്‍ രണ്ടും വിക്കറ്റുകള്‍ നേടി തിളങ്ങി.
ഒമ്പത് റണ്‍സിന്‍റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സിനിറങ്ങിയ കിവീസ് 91.3 ഓവറില്‍ 285ല്‍ പുറത്തായി. ഡാരില്‍ മിച്ചല്‍ (203 പന്തില്‍ 108 ), ടോം ബ്ലെന്‍ഡല്‍ (198 പന്തില്‍ 96 ) എന്നിവരുടെ പ്രകടനമാണ് സംഘത്തിന് നിര്‍ണായകമായത്. അഞ്ചാം വിക്കറ്റില്‍ 196 റണ്‍സാണ് മിച്ചല്‍-ബ്ലെന്‍ഡല്‍ സഖ്യം കിവീസ് ടോട്ടലിലേക്ക് ചേര്‍ത്തത്. ഇംഗ്ലണ്ടിനായി പോട്ട്‌സും സ്റ്റുവര്‍ട്ട് ബ്രോഡും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
തുണയായി റൂട്ട്-സ്‌റ്റോക്‌സ് സഖ്യം: രണ്ടാം ഇന്നിങ്‌സില്‍ 69-4 എന്ന നിലയില്‍ പരുങ്ങിയ ഇംഗ്ലീഷ് പടയെ റൂട്ട്-സ്‌റ്റോക്‌സ് സഖ്യമാണ് മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത്. അഞ്ചാം വിക്കറ്റില്‍ 90 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. 50-ാം ഓവറിലെ അവസാന പന്തില്‍ സ്‌റ്റോക്‌സിനെ ജാമീസണ്‍ പുറത്താക്കിയത് ആശങ്കയായിരുന്നുവെങ്കിലും ഫോക്‌സിനൊപ്പം റൂട്ട് മത്സരം പിടിച്ചു.
also read: 'തെറ്റുപറ്റിയത് എനിക്കാണ്' ; ശ്രീശാന്തിനെ തല്ലിയതില്‍ ഖേദപ്രകടനവുമായി ഹര്‍ഭജന്‍
വിജയത്തോടെ ഇംഗ്ലീഷ് ടെസ്റ്റ് ടീം നായക സ്ഥാനത്തുള്ള തുടക്കം ഗംഭീരമാക്കാന്‍ ബെന്‍ സ്‌റ്റോക്‌സിന് കഴിഞ്ഞപ്പോള്‍ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് ലീഡ് കണ്ടെത്താനും സംഘത്തിനായി.