എഡ്‌ജ്‌ബാസ്റ്റണ്‍: ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് സെഞ്ച്വറി നേട്ടത്തോടെ ആഘോഷിച്ച് രവീന്ദ്ര ജഡേജ. ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ടെസ്റ്റിന്‍റെ രണ്ടാം ദിനത്തിലാണ് ജഡേജയുടെ സെഞ്ച്വറി പ്രകടനം. മാത്യു പോട്ട്‌സ് എറിഞ്ഞ 79-ാം ഓവറിലാണ് ജഡേജ സെഞ്ച്വറി തികച്ചത്. 183 പന്തിൽ സെഞ്ച്വറി നേടിയ താരം 104 റണ്‍സ് നേടി പുറത്തായി.
194 പന്തില്‍ 13 ഫോറുകള്‍ അടങ്ങുന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്. ഇതോടെ ബാറ്റിങ് ഓര്‍ഡറില്‍ ഏഴാമതോ അതിന് ശേഷമോ ഇറങ്ങി ഒരു കലണ്ടർ വർഷം രണ്ട് സെഞ്ച്വറികള്‍ നേടുന്ന നാലാമത്തെ മാത്രം ഇന്ത്യന്‍ താരമാവാനും ജഡേജയ്‌ക്ക് കഴിഞ്ഞു.
കപിൽ ദേവ്, എംഎസ് ധോണി, ഹർഭജൻ സിങ് എന്നീ താരങ്ങളാണ് ജഡേജയ്‌ക്ക് മുന്നേ പ്രസ്‌തുത നേട്ടം സ്വന്തമാക്കിയത്. അന്താരാഷ്‌ട്ര ടെസ്റ്റില്‍ ജഡേജയുടെ മൂന്നാം സെഞ്ച്വറിയാണ് ഇത്. അതേസമയം മത്സരത്തിന്‍റെ ആദ്യ ദിനം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും സെഞ്ചുറി നേടിയിരുന്നു. സമ്മര്‍ദ ഘട്ടത്തിലും ഏകദിന ശൈലിയില്‍ ബാറ്റുവീശിയ പന്ത് 111 പന്തില്‍ 146 റണ്‍സടിച്ചാണ് തിരിച്ച് കയറിയത്.
ഇതോടെ ഇംഗ്ലീഷ് മണ്ണിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ എന്ന നേട്ടവും താരം സ്വന്തമാക്കി. ഏഷ്യയ്‌ക്ക് പുറത്ത് ഇന്ത്യന്‍ ബാറ്ററുടെ വേഗതയാര്‍ന്ന മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറി പ്രകടനം കൂടിയാണിത്.
78 പന്തില്‍ സെഞ്ച്വറി തികച്ച വിരേന്ദർ സെവാഗ് (വെസ്റ്റ് ഇന്‍ഡീസിന് എതിരെ ഗ്രോസ് ഐലറ്റ്-2006), 88 പന്തിൽ സെഞ്ച്വറി തികച്ച മുഹമ്മദ് അസറുദ്ദീന്‍ (ഇംഗ്ലണ്ടിന് എതിരെ ലോര്‍ഡ്‌സ്-1990) എന്നിവരാണ് പന്തിന് മുന്നിലുള്ളത്.
also read: വായുവില്‍ മുഷ്ടി ചുരുട്ടിയടിച്ച് മതിമറന്ന് ദ്രാവിഡ്; ഈ കാഴ്‌ച അപൂര്‍വമെന്ന് ആരാധകര്‍