ലണ്ടന്‍: വിരാട് കോലിക്കും കൂട്ടര്‍ക്കും എതിരെ സ്വന്തം നാട്ടില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ ഇംഗ്ലണ്ടിന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവരുമെന്ന് മോണ്ടി പനേസര്‍. ഓഗസ്റ്റില്‍ പരമ്പര ആരംഭിക്കുമ്പോള്‍ ഇംഗ്ലണ്ടിലെ വരണ്ട പിച്ചുകളില്‍ ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ പിടിമുറുക്കും. അതോടെ ടീം ഇന്ത്യ അഞ്ച് മത്സരങ്ങളുള്ള പരമ്പര തൂത്തുവാരും. മുന്‍ ഇംഗ്ലീഷ് സ്‌പിന്നര്‍ സഹതാരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഓഗസ്റ്റ് നാലിന് ആരംഭിക്കും. ന്യൂസിലന്‍ഡിനെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലിന് ശേഷമാണ് പരമ്പര. പര്യടനത്തിനായുള്ള 20 അംഗ ഇന്ത്യന്‍ സംഘം ജൂലൈയില്‍ ഇംഗ്ലണ്ടിലെത്തും. ക്വാറന്‍റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂലൈ 18ന് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനല്‍ പോരാട്ടം നടക്കം.
ഇന്ത്യന്‍ സ്‌പിന്‍ തന്ത്രങ്ങള്‍ക്ക് രവി അശ്വിനാകും നേതൃത്വം നല്‍കുക. ബൗളിങ് ഓള്‍ റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജയും അക്‌സര്‍ പട്ടേലും വാഷിങ്ടണ്‍ സുന്ദറും സ്‌പിന്‍ ബൗളിങ്ങില്‍ ഇന്ത്യക്ക് കരുത്താകും. അതേസമയം ഒന്നിലധികം സ്‌പെഷ്യലിസ്റ്റ് സ്‌പിന്നര്‍മാരെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള സംഘത്തില്‍ ഇല്ലാത്തത് വിരാട് കോലിക്ക് വെല്ലുവിളി ഉയര്‍ത്തും. രവി അശ്വിന് പരിക്കേല്‍ക്കുകയോ മറ്റോ ചെയ്‌താല്‍ ഓള്‍ റൗണ്ടര്‍മാരെ മാത്രമെ സ്‌പിന്‍ ബൗളിങ്ങിനായി കോലിക്ക് ഉപയോഗിക്കാനാകു. ഇംഗ്ലണ്ടിന്‍റെ ഇന്ത്യന്‍ പര്യടനത്തില്‍ രവി അശ്വിനെ കൂടാതെ സ്‌പിന്‍ ബൗളിങ്ങില്‍ ഓള്‍ റൗണ്ട് മികവാണ് അക്‌സര്‍ പട്ടേല്‍ പുറത്തെടുത്തത്. അഹമ്മദാബാദില്‍ ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റ് നേട്ടം ഉള്‍പ്പെടെ സ്വന്തമാക്കാന്‍ അക്‌സര്‍ പട്ടേലിനായി. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റെന്ന റെക്കോഡാണ് അന്ന് അക്‌സറിനെ തേടിയെത്തിയത്.
കൂടുതല്‍ വായനക്ക്: അരങ്ങേറ്റ ടെസ്റ്റില്‍ റെക്കോഡിട്ട് അക്‌സര്‍; വിക്കറ്റ് വീഴ്‌ത്തി ദിലീപ് ദോഷിക്കൊപ്പം
ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് കരുത്തിനെയും മോണ്ടി പനേസര്‍ ചോദ്യം ചെയ്‌തു. നായകന്‍ ജോ റൂട്ടിനെ ആശ്രയിച്ചാണ് ഇംഗ്ലണ്ടിന്‍റെ ബാറ്റിങ് ഡിപ്പാര്‍ട്ട്മെന്‍റ് മുന്നോട്ട് പോകുന്നത്. നേരത്തെ ഇംഗ്ലണ്ട് ടീം ഇന്ത്യന്‍ പര്യടനം നടത്തിയപ്പോള്‍ നാം അത് കണ്ടതാണ്. പരമ്പരയില്‍ 3-1ന് പരാജയപ്പെട്ടു. സ്വന്തം മണ്ണില്‍ ഇന്ത്യന്‍ സ്‌പിന്നേഴ്‌സിന് ലഭിച്ച മുന്‍തൂക്കമാണ് അന്ന് ഇന്ത്യക്ക് കരുത്തായതെന്നും മോണ്ടി പനേസര്‍ അഭിപ്രായപ്പെട്ടു.