ലണ്ടന്‍: വരാനിരിക്കുന്ന ടെസ്റ്റ് പരമ്പര മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐയുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഇതുമായി ബന്ധപ്പെട്ട് ഉയരുന്ന വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു ബോര്‍ഡ് വക്താവ്. ബിസിസിഐയുമായി ബന്ധപ്പെട്ട് പല വിഷയങ്ങളില്‍ ആശയവിനിമയം നടക്കാറുണ്ട്.
കൊവിഡ് പശ്ചാത്തലത്തില്‍ പരമ്പര മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട് അനൗദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ടാകാം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗികമായി യാതൊരു ആശയ വിനിമയവും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം ഒരു ആശയ വിനിമയം നടന്നിട്ടില്ലെന്ന് ബിസിസിഐയും പ്രതികരിച്ചു. 11ാം മണിക്കൂറില്‍ പരമ്പര മാറ്റിവെക്കുന്നതിനെ കുറിച്ച് സംസാരിക്കാനാകില്ല. എന്നാല്‍ ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ അവിഭാജ്യ ഘടകമാണെന്നും സീസണിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ബിസിസിഐ വൃത്തങ്ങള്‍ പ്രതികരിച്ചു.
മാറ്റിവെച്ച ഐപിഎല്‍ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ബിസിസിഐ ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡുമായി ആശയവിനിമയം നടത്തിയെന്നായിരുന്നു വാര്‍ത്ത. അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര മാറ്റിവെച്ച് ഐപിഎല്ലിന് സമയം കണ്ടെത്താന്‍ നീക്കം നടത്തിയെന്നായിരുന്നു റിപ്പോര്‍ട്ട്.
ഓഗസ്റ്റ് അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് തുടക്കമാവുക.
കൂടുതല്‍ കായിക വാര്‍ത്തകള്‍: പഠിപ്പിക്കാന്‍ പണം വേണം; ഓര്‍മകളുടെ കിറ്റുമായി ഫെഡറര്‍ ലേലത്തിന്