ലോര്‍ഡ്‌സ് : ടെസ്റ്റ് ക്രിക്കറ്റില്‍ നിര്‍ണായക നാഴികക്കല്ല് പിന്നിട്ട് ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ട്. ഫോര്‍മാറ്റില്‍ 10,000 റണ്‍സെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്. ന്യൂസിലാന്‍ഡിനെതിരായ ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറി പ്രകടനത്തോടെയാണ് റൂട്ട് പതിനായിരം ക്ലബ്ബില്‍ അംഗത്വം നേടിയത്.
മത്സരത്തില്‍ 115 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നിരുന്നു. നിലവില്‍ 10,004 റണ്‍സാണ് 35കാരനായ താരത്തിന്‍റെ പേരിലുള്ളത്. റൂട്ടിന്‍റെ 118ാം മത്സരമാണിത്. ഇതോടെ ടെസ്റ്റില്‍ പതിനായിരം ക്ലബ്ബില്‍ ഇടം പിടിക്കുന്ന രണ്ടാമത്തെ മാത്രം ഇംഗ്ലീഷ് താരമാവാനും 14ാമത്തെ ബാറ്ററാവാനും റൂട്ടിന് കഴിഞ്ഞു.
അലിസ്റ്റര്‍ കുക്കാണ് ഇംഗ്ലീഷ് താരങ്ങളില്‍ റൂട്ടിന് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയത്. 161 ടെസ്റ്റ് മത്സരങ്ങളില്‍ 12,472 റണ്‍സാണ് കുക്ക് നേടിയത്. അതേസമയം ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറാണ് ടെസ്റ്റില്‍ ആദ്യമായി പതിനായിരം റണ്‍സ് നേടിയ താരം.
also read: 'തെറ്റുപറ്റിയത് എനിക്കാണ്' ; ശ്രീശാന്തിനെ തല്ലിയതില്‍ ഖേദപ്രകടനവുമായി ഹര്‍ഭജന്‍
തുടര്‍ന്ന് അലന്‍ ബോര്‍ഡര്‍, സ്റ്റീവ് വോ, ബ്രയാന്‍ ലാറ, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, റിക്കി പോണ്ടിങ്, ജാക്ക് കാലിസ്, മഹേല ജയവര്‍ധനെ, ശിവ്‌നരേന്‍ ചന്ദര്‍പോള്‍, കുമാര്‍ സംഗക്കാര, അലിസ്റ്റര്‍ കുക്ക്, യൂനിസ് ഖാന്‍ എന്നിവരും എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചു.