ന്യൂഡല്‍ഹി : പഴയകാല ഫോമിന്‍റെ നിഴലിലാണ് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോലി. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ താരം സെഞ്ച്വറി കണ്ടെത്തിയിട്ട് മൂന്നുവര്‍ഷത്തിനടുത്തായി. സമീപ കാലത്തൊന്നും ടീം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാവുന്ന പ്രകടനം താരത്തിന്‍റെ ബാറ്റില്‍ നിന്നും ഉണ്ടായിട്ടില്ല.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കഴിഞ്ഞ ദിവസം എഡ്‌ജ്‌ബാസ്റ്റണിലിറങ്ങിയ കോലി മൂന്ന് പന്തില്‍ ഒരു റണ്‍സുമായാണ് തിരിച്ച് കയറിയത്. ഇതോടെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ കോലിയുടെ സ്ഥാനം സംബന്ധിച്ച് ചോദ്യങ്ങളുയരുന്നുണ്ട്.
താനായിരുന്നു ടീമിനെ തിരഞ്ഞെടുക്കുന്നതെങ്കില്‍ കോലിക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനമുണ്ടാവില്ലെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം അജയ് ജഡേജ. അന്താരാഷ്‌ട്ര തലത്തില്‍ സെഞ്ച്വറി നേടാനാവാത്തതിന്‍റെ പേരിലല്ല താന്‍ കോലിയെ ഒഴിവാക്കുന്നതെന്നും ജഡേജ പറഞ്ഞു.
'കോലിയുടെ തിരഞ്ഞെടുപ്പ് ഒരു ചോയ്‌സാണ്. എനിക്ക് ഒരു ടി20 ടീമിനെ തിരഞ്ഞ് എടുക്കേണ്ടിവന്നാല്‍ കോലിക്ക് സ്ഥാനമുണ്ടാവില്ല. ആക്രമണോത്സുക ക്രിക്കറ്റ് കളിക്കുന്ന ടീമില്‍ കോലിയെ ഉള്‍പ്പെടുത്താനാവില്ല.
വിക്കറ്റുകള്‍ നഷ്‌ടമായാലും ആക്രമിച്ച് കളിക്കുന്നതാണ് ഇന്ത്യയുടെ ഇപ്പോഴത്തെ ശൈലി. ഇതിനാലാണ് 180-200 റണ്‍സൊക്കെ സ്കോര്‍ ചെയ്യാനാവുന്നത്. ഇന്ത്യന്‍ കളിക്കാരിലല്ല സമീപനത്തിലാണ് മാറ്റമുണ്ടായിരിക്കുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ സെഞ്ച്വറികളില്ലാത്തതിനല്ല കോലിയെ ഒഴിവാക്കുന്നത്.
also read: 'ശ്രദ്ധേയമായ ബൗളിങ് പ്രകടനം'; ഇന്ത്യയെ പുകഴ്‌ത്തി അഫ്രീദി, ടി20 ലോകകപ്പില്‍ ഫേവറേറ്റുകളെന്നും താരം
അക്കാരണത്താല്‍ കോലിയെ പുറത്തിരുത്താനുമാവില്ല. ഇന്ത്യന്‍ ടീമിന്‍റെ പുതിയ ബാറ്റിങ് സമീപനം കോലിയുടെ ശൈലിയോട് യോജിക്കാത്തതാണ്. നിലയുറപ്പിച്ച ശേഷം ആക്രമിക്കുന്ന പഴയശൈലി വേണോ, അതോ തുടക്കം മുതല്‍ ആക്രമിക്കുന്ന പുതിയ ശൈലി വേണോ എന്നതാണ് ചോദ്യം.
കോലിയും രോഹിത്തും ടോപ് ഓര്‍ഡറില്‍ ബാറ്റ് ചെയ്യുമ്പോള്‍ അത് പഴയ ശൈലി തന്നെയാണ്. കോലിയെ കളിപ്പിക്കേണ്ട കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മാനേജ്‌മെന്‍റാണ്' - അജയ് ജഡേജ പറഞ്ഞു.