മുംബൈ: ഇന്ത്യൻ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ സൂചന നല്‍കി വെറ്ററൻ ഓപ്പണർ മുരളി വിജയ്. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാത്ത സാഹചര്യത്തില്‍ ബിസിസിഐക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് 38കാരനായ താരം. ബിസിസിഐയുമായുള്ള ബന്ധം ഏറെക്കുറെ അവസാനിച്ച് കഴിഞ്ഞുവെന്നും സജീവ ക്രിക്കറ്റില്‍ തുടരാനായി വിദേശത്ത് കൂടുതൽ അവസരങ്ങൾ കണ്ടെത്തേണ്ടതുണെന്നും മുരളി വിജയ് പറഞ്ഞു.
ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിന് തന്‍റെ പ്രായം തടസമാണെന്നും മുരളി വിജയ് പറഞ്ഞു. "30 വയസിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം നേടുക പ്രയാസകരമാണ്. തെരുവിലൂടെ നടക്കുന്ന 80 പിന്നിട്ടവരെപ്പോലെയാണ് അവര്‍ ഞങ്ങളെ കാണുന്നത്.
ഒരു വിവാദത്തിലും ഏർപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മാധ്യമങ്ങള്‍ ഇതിനെ വ്യത്യസ്തമായി അഭിസംബോധന ചെയ്യണം. മുപ്പത് വയസിലെത്തുമ്പോള്‍ കളിക്കാര്‍ കരിയറിന്‍റെ ഔന്നത്യത്തിലാണെന്ന ധാരണ മാധ്യമങ്ങൾ സൃഷ്ടിക്കുന്നതായി എനിക്ക് തോന്നുന്നു". മുരളി വിജയ് പറഞ്ഞു.
തനിക്ക് സാധ്യമാകുന്ന ഏറ്റവും മികച്ച രീതിയിൽത്തന്നെ ഇപ്പോഴും ബാറ്റുചെയ്യാനാവുമെന്ന ഉറച്ചവിശ്വാസമുണ്ടെന്നും മുരളി വിജയ് വ്യക്തമാക്കി. "നിർഭാഗ്യവശാൽ അവസരങ്ങൾ കുറവാണ്. അവസരങ്ങൾക്കായി വിദേശത്തേക്കു പോകേണ്ട സാഹചര്യമാണ്. നമ്മളെക്കൊണ്ട് സാധിക്കുന്ന കാര്യങ്ങളല്ലേ നമുക്കു ചെയ്യാനാകൂ.
നമ്മുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളിൽ എന്തു ചെയ്യാനാണ്. മത്സരാധിഷ്‌ഠിത ക്രിക്കറ്റില്‍ ഇനിയും കളിക്കേണ്ടതുണ്ട്. അതിനാല്‍ അവസരങ്ങൾ വിദേശത്ത് കണ്ടെത്തേണ്ടതുണ്ട്." മുരളി വിജയ് പറഞ്ഞു.
വിരേന്ദർ സെവാഗിന്‍റെ അത്രയും പിന്തുണ തനിക്ക് ലഭിച്ചിരുന്നെങ്കിൽ കാര്യങ്ങൾ മറ്റൊന്നാകുമായിരുന്നുെന്നും താരം കൂട്ടിച്ചേര്‍ത്തു. 2018 ഡിസംബറിലാണ് മുരളി വിജയ് അവസാനമായി ഇന്ത്യയ്‌ക്കായി കളിച്ചത്. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പെര്‍ത്തിലായിരുന്നു അവസാന ടെസ്റ്റ്. ഇന്ത്യയ്ക്കായി 61 ടെസ്റ്റുകൾ കളിച്ചിട്ടുള്ള മുരളി വിജയ് 3982 റൺസ് നേടിയിട്ടുണ്ട്.
12 സെഞ്ചുറികളും 15 അർധസെഞ്ചുറികളും ഉള്‍പ്പെടെയാണ് താരത്തിന്‍റെ പ്രകടനം. 17 ഏകദിനങ്ങളില്‍ നിന്നും 339 റൺസും 9 ടി20കളില്‍ നിന്നായി 169 റൺസുമാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്. 2020ൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള തമിഴ്‌നാട് ടീമിൽ നിന്നും മുരളി വിജയ് പുറത്തായിരുന്നു.
ALSO READ: 'സര്‍ഫറാസ് ഖാന്‍ ഒരു ഇരയാണ്; ഇന്ത്യന്‍ ടീമിലെത്താന്‍ ഇനിയും അയാള്‍ എന്താണ് ചെയ്യേണ്ടത്'