മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യ കിരീടം നേടുന്നതില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) പ്രകടനം നിര്‍ണായകമാവുമെന്ന് ബാല്യകാല പരിശീലകന്‍ ദിനേഷ് ലാഡ് (Dinesh Lad). കഴിഞ്ഞ ഏഷ്യ കപ്പിലും തുടര്‍ന്ന് ഓസ്‌ട്രേലിയയ്‌ക്ക് എതിരെ കളിച്ചപ്പോഴും മികച്ച പ്രകടനമാണ് രോഹിത് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു (childhood coach Dinesh Lad on Rohit Sharma). ഇടിവി ഭാരതിനോട് സംസാരിക്കവെയാണ് 2022-ല്‍ ദ്രോണാചാര്യ അവാര്‍ഡ് ജേതാവായ ദിനേഷ് ലാഡ് തന്‍റെ ലോകകപ്പ് പ്രതീക്ഷകള്‍ പങ്കുവച്ചത്.

ഇന്ത്യയെ ലോകകപ്പ് നേടാന്‍ രോഹിത്തിന്‍റെ മികവ് സഹായിക്കും. ക്രീസില്‍ ക്ഷമയോടെ ഏറെ നേരം കളിക്കാന്‍ രോഹിത് തയ്യാറാവണമെന്നും ദിനേഷ് ലാഡ് പറഞ്ഞു. "2019 ഏകദിന ലോകകപ്പിൽ, രോഹിത് തുടർച്ചയായി അഞ്ച് സെഞ്ചുറികൾ നേടുമായിരുന്നു, ആ സമയത്ത് ഏറെ ക്ഷമയോടെയായിരുന്നു രോഹിത് കളിച്ചത്. സെറ്റായി കഴിഞ്ഞാല്‍ അവനെ പുറത്താക്കുകയെന്നത് ബോളര്‍മാര്‍ക്ക് ഏറെ പ്രയാസമാണ്. അതിനായി അവന്‍ ഒരു പിഴവ് വരുത്തുന്ന അത്രയും നേരം അവര്‍ക്ക് കാത്തിരിക്കേണ്ടിവരും", ദിനേഷ് ലാഡ് വ്യക്തമാക്കി.
രോഹിത്തിന്‍റെ ഫിറ്റ്‌സുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളോടും ദിനേഷ് ലാഡ് പ്രതികരിച്ചു. ഫീല്‍ഡിങ്ങില്‍ താരം പുലര്‍ത്തുന്ന മികവും പ്രയാസപ്പെട്ട ക്യാച്ചുകൾ പോലും കയ്യിലൊതുക്കുന്ന പ്രകടനവും താരത്തിന്‍റെ ഫിറ്റ്‌നസിനെ കുറിച്ച് ഒരു ചോദ്യവും ഉയർത്തില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ലോകകപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീം ഏറെ സന്തുലിതമാണെന്നും ദിനേഷ് ലാഡ് പ്രതികരിച്ചു (Dinesh Lad on Indian cricket team). "ലോകകപ്പിനായി ഇന്ത്യ തിരഞ്ഞെടുത്ത ടീം സന്തുലിതമാണ്. നമ്മുടെ ബാറ്റര്‍മാരെല്ലാം ഫോമിലാണ്. ജസ്പ്രീത് ബുംറയുടെ മടങ്ങിവരവ് ടീമിന്‍റെ ബോളിങ് യൂണിറ്റിന്‍റെ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ട്. മാച്ച് വിന്നര്‍മാരായ ഓള്‍റൗണ്ടര്‍മാരും ടീമിലുണ്ട്" - അദ്ദേഹം പറഞ്ഞു.
ലോകകപ്പ് വിജയിക്കുന്നതിനുള്ള ശക്തരായ മത്സരാർഥിയാകും ഇന്ത്യയെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ ആരാധകരിൽ നിന്ന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, പാകിസ്ഥാൻ തുടങ്ങിയ മറ്റ് ടീമുകളെക്കുറിച്ച് എനിക്ക് പറയാൻ കഴിയില്ല.
അവരും നന്നായി കളിക്കും. കഴിഞ്ഞ ഏഷ്യ കപ്പില്‍ തങ്ങളുടെ മൂന്ന് ഡിപ്പാർട്ട്‌മെന്‍റുകളിലും മികച്ചതാണെന്നും ലോകകപ്പ് വിജയിക്കാനുള്ള കഴിവ് തങ്ങള്‍ക്കുണ്ടെന്നും നമ്മുടെ രാജ്യം തെളിയിച്ചിട്ടുള്ളതാണ്", അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ക്യാപ്റ്റനെ കുറിച്ചുള്ള പഴയ ഓര്‍മകളും ആദ്ദേഹം പങ്കുവച്ചു. രോഹിത് ഒരു ബോളറായാണ് ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയതെന്നും തന്‍റെ നിർബന്ധത്തെ തുടർന്നാണ് ബാറ്ററായി മാറിയതെന്നും പറഞ്ഞ അദ്ദേഹം ബാക്കിയുള്ളത് ചരിത്രമാണെന്നും വ്യക്തമാക്കി. രോഹിത്തിനെ കൂടാതെ പേസ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂറിന്‍റെ (Shardul Thakur) ഉയര്‍ച്ചയ്‌ക്ക് പിന്നിലും ദിനേഷ് ലാഡിന്‍റെ കരങ്ങളുണ്ട്.
ALSO READ: Cricket World Cup 2023 : അശ്വിന്‍റെ ഡ്യൂപ്ലിക്കേറ്റിനെ കിട്ടിയില്ല ; ഓസീസിന്‍റെ ആ നീക്കം പാളി