ലണ്ടൻ: കമന്‍ററിക്കിടെയുള്ള വിവാദ പരാമർശത്തിൽ മാപ്പുപറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് താരം ദിനേശ് കാർത്തിക്. ‘ബാറ്റുകൾ അയൽവാസിയുടെ ഭാര്യയെപ്പോലെ’യാണ് എന്ന പരാമര്‍ശം വിവാദമായതോടെയാണ് കാര്‍ത്തികിന്‍റെ മാപ്പ് പറച്ചില്‍. ലൈംഗിക ചുവയുള്ള ഈ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഒട്ടേറെ പേര്‍ സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ട്-ശ്രീലങ്ക പരമ്പരയിലെ രണ്ടാം ഏകദിനത്തിനിടെയാണ് വിവാദ സംഭവം നടന്നത്.
എല്ലാം തെറ്റാണെന്ന് മനസിലായി
'അവസാന മത്സരത്തില്‍ സംഭവിച്ചതിൽ എല്ലാവരോടും മാപ്പ് ചോദിക്കാൻ ആഗ്രഹിക്കുന്നു. അത് ശരിക്കും ഞാൻ ഉദ്ദേശിച്ചതല്ല. പക്ഷേ, അതെല്ലാം തെറ്റാണെന്ന് എനിക്ക് മനസിലായി. എല്ലാവരോടും മാപ്പ് ചോദിക്കുന്നു. ശരിക്കും അതു പറയാന്‍ കൊള്ളുന്ന ഒന്നായിരുന്നില്ല. ഇനി ഇത്തരം പിഴവുകള്‍ ഞാന്‍ ഒരിക്കലും ആവര്‍ത്തിക്കില്ല.
also read: ഒരു ഗോള്‍ അകലം ; മെസിക്ക് മുന്നില്‍ പെലെ മാത്രം
അത് പറഞ്ഞതിന് അമ്മയുടെയും ഭാര്യയുടെയും അടുത്ത് നിന്നും കണക്കിന് ശകാരം കിട്ടി' ദിനേശ് കാര്‍ത്തിക് മൂന്നാം മത്സരത്തിലെ കമന്‍ററിക്കിടെ പറഞ്ഞു. അതേസമയം ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കമന്‍റേറ്ററായി തിളങ്ങിയതിന് പിന്നാലെയാണ് സ്കൈ സ്പോർട്സിന്‍റെ കമന്‍റേറ്റർമാരുടെ പാനലിൽ അംഗമായ കാര്‍ത്തിക് പരമ്പരയ്ക്ക് എത്തിയത്.
വിശദീകരണം വിനയായി
മത്സരത്തിനിടെ മിക്ക ബാറ്റ്സ്മാൻമാർക്കും സ്വന്തം ബാറ്റിനേക്കാൾ ഉപയോഗിക്കാൻ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണെന്ന് കാര്‍ത്തിക് പറഞ്ഞിരുന്നു. ഇത് വിശദീകരിക്കാനാണ് താരം ലൈംഗിക ചുവയുള്ള പരാമര്‍ശം നടത്തിയത്. 'ബാറ്റ്സ്മാൻമാരിൽ കൂടുതല്‍ പേര്‍ക്കും സ്വന്തം ബാറ്റിനോട് അത്ര ഇഷ്ടമില്ല. അവർക്ക് കൂടുതൽ ഇഷ്ടം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകൾ അയൽവാസിയുടെ ഭാര്യയെപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും' എന്നായിരുന്നു കാര്‍ത്തിക് പറഞ്ഞത്.