ന്യൂഡല്‍ഹി : തകര്‍ച്ചയോടെ തുടങ്ങി നിലവില്‍ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തുടര്‍ജയങ്ങളുമായി കുതിക്കുകയാണ് ഓസ്‌ട്രേലിയ (Australia). അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്ന് കളികളിലാണ് കങ്കാരുപ്പട ജയം പിടിച്ചത്. ആറ് പോയിന്‍റുള്ള അവര്‍ നിലവില്‍ പോയിന്‍റ് പട്ടികയിലെ നാലാം സ്ഥാനക്കാര്‍ കൂടിയാണ് (Australia In CWC 2023 Points Table).
ഇന്നലെ (ഒക്ടോബര്‍ 25) നെതര്‍ലന്‍ഡ്‌സിനെതിരെ 309 റണ്‍സിന്‍റെ വമ്പന്‍ ജയം സ്വന്തമാക്കിയതോടെ നെറ്റ് റണ്‍ റേറ്റും അനുകൂലമാക്കിയെടുക്കാന്‍ ഓസീസിനായി. ഡച്ച് പടയ്‌ക്കെതിരെ ഡല്‍ഹിയില്‍ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ഓള്‍ റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരുടെ സെഞ്ച്വറിയുടെ ബലത്തിലാണ് 399 റണ്‍സ് നേടിയത്. നെതര്‍ലന്‍ഡ്‌സിനെതിരായ സെഞ്ച്വറിയോടെ ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ രണ്ടാമത്തെ താരമെന്ന റെക്കോഡ് സ്വന്തം പേരിലാക്കാന്‍ ഡേവിഡ് വാര്‍ണറിനായിരുന്നു (Most Centuries In Cricket World Cup).
ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഓസ്ട്രേലിയന്‍ ഇതിഹാസ നായയകന്‍ റിക്കി പോണ്ടിങ് എന്നിവരുടെ റെക്കോഡിനൊപ്പമാണ് വാര്‍ണറും എത്തിയിരിക്കുന്നത്. മൂവര്‍ക്കും ലോകകപ്പില്‍ ആറ് സെഞ്ച്വറികളാണുള്ളത്. ഇതുവരെ 7 സെഞ്ച്വറി സ്വന്തമാക്കിയ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയാണ് പട്ടികയുടെ തലപ്പത്ത്. സച്ചിന്‍, പോണ്ടിങ് എന്നിവരുടെ റെക്കോഡിനൊപ്പം എത്താന്‍ സാധിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്ന് നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരശേഷം ഡേവിഡ് വാര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.
'എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് എന്താണോ അതിന്‍റെ പരമാവധി ചെയ്യുക എന്നതിന് മാത്രമാണ് ഞാന്‍ പലപ്പോഴും ശ്രദ്ധ കൊടുക്കുന്നത്. നാല് വര്‍ഷത്തെ ഇടവേളകളില്‍ നടക്കുന്ന ലോകകപ്പുകളില്‍ മികച്ച പ്രകടനം നടത്താനാണ് പലപ്പോഴും ഞങ്ങളുടെ ശ്രമം. അതുകൊണ്ട് തന്നെ ഓരോ പരമ്പരകളിലും നടത്തുന്ന മികച്ച പ്രകടനം ഇവിടെയും ആവര്‍ത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
സച്ചിന്‍, റിക്കി പോണ്ടിങ് എന്നിവരുടെ ബാറ്റിങ് കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ക്രിക്കറ്റിലെ ഇതിഹാസങ്ങളാണ് അവര്‍. ഇപ്പോള്‍ വര്‍ത്തമാനകാലത്ത് തന്നെ തുടരാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരു പക്ഷെ 20,30 വര്‍ഷങ്ങള്‍ക്ക് ശേഷമായിരിക്കും ഇതെല്ലാം ഞാന്‍ ആസ്വദിക്കാന്‍ പോകുന്നത്' ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.
ഈ ലോകകപ്പില്‍ ഡേവിഡ് വാര്‍ണറിന്‍റെ തുടര്‍ച്ചയായ രണ്ടാമത്തെ സെഞ്ച്വറിയാണ് നെതര്‍ലന്‍ഡ്‌സിനെതിരെ പിറന്നത്. ഡച്ച് പടയ്‌ക്കെതിരായ 104 റണ്‍സ് പ്രകടനത്തോടെ ലോകകപ്പിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ 332 റണ്‍സുമായി മൂന്നാം സ്ഥാനത്തേക്ക് എത്താനും വാര്‍ണറിന് സാധിച്ചിട്ടുണ്ട്.
Also Read : Team India Net Run Rate Concern: നെറ്റ് റണ്‍ റേറ്റില്‍ പണിയാകും, ഇന്ത്യയും ഭയക്കണം കങ്കാരുപ്പടയുടെ കുതിപ്പ്