ഇസ്ലാമബാദ് : ഇന്ത്യയുടെ ഏഷ്യ കപ്പ് സ്‌ക്വാഡില്‍ (Asia Cup 2023 India Squad) സ്‌പെഷ്യലിസ്റ്റ് സ്‌പിന്നറായി കുല്‍ദീപ് യാദവും സ്‌പിന്‍ ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍ എന്നിവരുമാണ് ഇടം പിടിച്ചത്. ഇതോടെ വെറ്ററന്‍ ലെഗ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹലിന് ടീമില്‍ ഇടം ലഭിച്ചിരുന്നില്ല. അജിത് അഗാര്‍ക്കറുടെ (Ajit Agarkar) നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റിയുടെ ഈ തീരുമാനത്തിനെതിരെ മുന്‍ താരങ്ങളും വിദഗ്‌ധരും ഉള്‍പ്പടെ നിരവധി പേര്‍ രംഗത്ത് എത്തിയിരുന്നു.
എന്നാല്‍ സെലക്‌ടര്‍മാര്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ചിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേരിയ (Danish Kaneria ). നിലവിലെ ഇന്ത്യന്‍ ടീമില്‍ യുസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) സ്ഥാനം അര്‍ഹിക്കുന്നില്ലെന്നാണ് ഡാനിഷ് കനേരിയ പറയുന്നത്. സമീപ കാലത്ത് സ്ഥിരത പുലര്‍ത്താന്‍ ചാഹലിന് കഴിഞ്ഞിട്ടില്ലെന്നും കനേരിയ അഭിപ്രായപ്പെട്ടു (Danish Kaneria on Yuzvendra Chahal).
"യുസ്‌വേന്ദ്ര ചാഹൽ നിലവിലെ ഇന്ത്യന്‍ ടീമില്‍ ഒരു സ്ഥാനത്തിനും യോഗ്യനല്ലെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. കാരണം സ്ഥിരത പുലര്‍ത്താന്‍ ചാഹലിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ മറുവശത്ത് കുല്‍ദീപ് യാദവ് സ്ഥിരമായി വിക്കറ്റുകള്‍ വീഴ്‌ത്തുകയും മധ്യ ഓവറുകളിൽ ഫലപ്രദമായി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. ചാഹലിനെ പുറത്തിരുത്തിയത് സെലക്‌ടര്‍മാരുടെ ശരിയായ തീരുമാനമാണ്" - ഡാനിഷ് കനേരിയ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.
യുസ്‌വേന്ദ്ര ചാഹല്‍ ടീമില്‍ എത്താതിരുന്നതിന്‍റെ കാരണം ടീം പ്രഖ്യാപന വേളയില്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായ അജിത് അഗാര്‍ക്കര്‍ പറഞ്ഞിരുന്നു. നിലവില്‍ ചാഹലിനേക്കാള്‍ അല്‍പം മുമ്പിലാണ് കുല്‍ദീപ് യാദവ് എന്നായിരുന്നു അഗാര്‍ക്കറുടെ വാക്കുകള്‍.
ഏഷ്യ കപ്പ് ഇന്ത്യൻ സ്‌ക്വാഡ് (India Squad Asia Cup 2023): ഇഷാൻ കിഷൻ, ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ, രോഹിത് ശർമ (ക്യാപ്റ്റൻ), സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസണ്‍ (ബാക്കപ്പ്).
ഓഗസ്റ്റ് 30 മുതല്‍ സെപ്‌റ്റംബര്‍ 17 വരെയാണ് ഏഷ്യ കപ്പ് നടക്കുന്നത്. ഹൈബ്രിഡ് മോഡലില്‍ പാകിസ്ഥാനിലും ശ്രീലങ്കയിലുമായാണ് ടൂര്‍ണമെന്‍റ് നടക്കുക. പാകിസ്ഥാന്‍ ആതിഥേയരാവുന്ന ഏഷ്യ കപ്പിനായി പാക് മണ്ണിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാട് എടുക്കുകയായിരുന്നു. ഇതോടെ ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവിലാണ് ഇന്ത്യയുടെ മത്സരങ്ങള്‍ നിഷ്പക്ഷ വേദിയില്‍ വരുന്ന തരത്തില്‍ ടൂര്‍ണമെന്‍റ് നടത്താന്‍ തീരുമാനമായത്.